ന്യൂസിലന്‍ഡ് വെടിവെപ്പ്; നടുക്കം വിട്ടുമാറാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം

Posted on: March 15, 2019 10:15 pm | Last updated: March 15, 2019 at 10:15 pm

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡില്‍ മുസ്‌ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കം വിട്ടുമാറാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. ദേശീയ ടീമിലെ താരങ്ങള്‍ അല്‍ നൂര്‍ മസ്ജിദിലേക്ക് പ്രവേശിക്കാനിരിക്കെയാണ് ഭീകരവാദി വെടിയുതിര്‍ത്തത്. സംഭവ സ്ഥലത്തു നിന്ന് എല്ലാ താരങ്ങളും ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് ബംഗ്ലാദേശ് ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ തമീം ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു. വല്ലാതെ ഭയപ്പെട്ടു പോയെന്നും നിങ്ങളുടെ പ്രാര്‍ഥനയില്‍ തങ്ങളെയും ഉള്‍പ്പെടുത്തണമെന്നും ഇഖ്ബാല്‍ കുറിച്ചു.

ഞങ്ങള്‍ ഏറെ ഭാഗ്യവാന്മാരാണെന്നും ദൈവത്തിന് സ്തുതിയെന്നുമാണ് ബൗളര്‍ മുഷ്ഫിഖുര്‍ റഹീം പറഞ്ഞത്.
ഹൃദയമിടിപ്പിന്റെ വേഗത ഇപ്പോഴും കുറഞ്ഞിട്ടില്ലെന്ന് ടീമിന്റെ അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖരന്‍ പറഞ്ഞത്. താരങ്ങള്‍ക്ക് നാട്ടിലെത്തിയാലുടന്‍ മാനസിക സമ്മര്‍ദം മാറാനുള്ള കൗണ്‍സലിംഗ് നല്‍കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഉപേക്ഷിച്ചു.