Connect with us

Kerala

യു എന്‍ എയില്‍ സാമ്പത്തിക ക്രമക്കേട്; നേതൃത്വത്തിനെതിരെ ഡി ജി പിക്കു പരാതി

Published

|

Last Updated

തിരുവനന്തപുരം: യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷായും മറ്റു ഭാരവാഹികളും ചേര്‍ന്ന് വന്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന് ആരോപിച്ച് മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് രംഗത്ത്. ഇതില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുകേഷ് ഡി ജി പിക്ക് പരാതി നല്‍കി. തട്ടിപ്പിന്റെ തെളിവുകളും സമര്‍പ്പിച്ചതായാണ് വിവരം.

മൂന്ന് കോടി രൂപയിലേറെ പ്രസിഡന്റും മറ്റു ഭാരവാഹികളും കൂടി സംഘടനയുടെ ബേങ്ക് അക്കൗണ്ടില്‍ നിന്ന് നിന്നും തട്ടിയെടുത്തെന്നാണ് പരാതി. മാസവരിയായി പിരിച്ച തുക മൂന്നു അക്കൗണ്ടുകളിലായാണ് നിക്ഷേപിച്ചിരുന്നത്. അക്കൗണ്ടുകളില്‍ ഉണ്ടായിരുന്ന മൂന്നു കോടിയിലധികം രൂപയില്‍ ഒരുകോടി ചെലവഴിച്ചതിന് കണക്കുണ്ട്. എന്നാല്‍ ബാക്കി തുക പിന്‍വലിച്ചതായി കാണുന്നുണ്ടെങ്കിലും വ്യക്തമായ കണക്കില്ലെന്നാണ് പരാതിയില്‍ ആരോപിച്ചിട്ടുള്ളത്.

ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ 59 ലക്ഷം അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതിനും സ്വകാര്യ കമ്പനിക്ക് 20 ലക്ഷം നല്‍കിയതിനും രേഖകളുണ്ട്. എന്നാല്‍, ഈ തുക എന്ത് ആവശ്യത്തിനാണ് പിന്‍വലിച്ചതെന്ന് പ്രസിഡന്റോ മറ്റു ഭാരവാഹികളോ വ്യക്തമാക്കിയിട്ടില്ല. സംഘടനാ നേതൃത്വത്തോട് പല തവണ കണക്ക് ആവശ്യപ്പെട്ടെങ്കിലും അവഗണിച്ചതിനാലാണ് പരാതി നല്‍കിയതെന്ന് സിബി മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ യു എന്‍ എ നേതൃത്വം പ്രതികരിച്ചിട്ടില്ല.