“വേണം എല്ലാവിധ ഒത്താശകളും’

കോഴിക്കോട്
Posted on: March 15, 2019 12:30 pm | Last updated: March 15, 2019 at 12:38 pm


“ഈ ജനുവരി 12ന് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളായി ഞങ്ങൾ നിൽക്കുന്ന വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചാൽ അടുത്ത അഞ്ച് കൊല്ലം കൊണ്ട് എന്തെല്ലാം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിലും പഞ്ചവത്സര പദ്ധതിയിലും വിശദമാക്കിയിട്ടുണ്ട്. അവക്കനുസരിച്ചും, കോൺഗ്രസ് അച്ചടക്കത്തിന് വിധേയമായും നമ്മുടെ രാജ്യത്തിന്റെ ഉയർച്ചക്ക് കഴിയുന്നതെല്ലാം ചെയ്യുവാൻ ഞങ്ങൾ എന്നും തയ്യാറായിരിക്കും. നിങ്ങളുടെ വിലപ്പെട്ട വോട്ട് ഞങ്ങൾക്ക് തന്നും, മറ്റെല്ലാവിധ ഒത്താശകൾ ചെയ്തും ഞങ്ങളെ വിജയിപ്പിക്കാൻ സാദരം അഭ്യർഥിക്കുന്നു. എന്ന്,
കെ മാധവൻ (മദിരാശി നിയമസഭ), എൻ വെളിയൻ (മദിരാശി നിയമസഭ പട്ടികവർഗം), പി പി ഉമ്മർകോയ (ഇന്ത്യൻ പാർലിമെന്റ്)’

1952ൽ രാജ്യത്തെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പിന് വോട്ട് അഭ്യർഥിച്ച് കൊണ്ടുള്ള കത്ത് ഇന്നും നിധി പോലെ സൂക്ഷിച്ചിരിക്കുകയാണ് താമരശ്ശേരിയിലെ ചായക്കടക്കാരൻ പി വേലായുധൻ. 76കാരനായ വേലായുധന് പിതാവ് കിഴക്കോത്ത് ആയിക്കാട്ടുമ്മൽ ഉണ്ണി പെരവനാണ് അന്നത്തെ വോട്ടഭ്യർഥന കത്ത് നൽകിയത്. ഉണ്ണി പെരവന് കിഴക്കോത്ത് ന്യൂ എയ്ഡഡ് മാപ്പിള സ്‌കൂളിലായിരുന്നു പോളിംഗ് ബൂത്ത്. സ്ഥാനാർഥികളുടെ വോട്ടഭ്യർഥനക്ക് പുറമേ ജവഹർലാൽ നെഹ്‌റുവിന്റെ അഭ്യർഥനയും കത്തിലുണ്ട്.
പുലർച്ചെ മൂന്ന് മുതൽ രാവിലെ എട്ട് വരെയുള്ള കച്ചവടത്തിനിടയിൽ കെ എസ് ആർ ടി സിയിൽ നിന്ന് വിരമിച്ച വേലായുധന്റെ കടയിൽ നിരവധി പേരെത്തും. അവരോടെല്ലാം സംസാരിക്കുന്ന ഇടത് അനുഭാവമുള്ള വേലായുധൻ പക്ഷേ, കച്ചവടത്തിനിടയിൽ രാഷ്ട്രീയമൊന്നും പറയാറില്ല.