Connect with us

Articles

ശബരിമല പറയാൻ ആർക്കൊക്കെയാണ് പൂതി?

Published

|

Last Updated

രാജ്യം മതേതര പാരമ്പര്യം കാത്തു സൂക്ഷിക്കണോ അതോ വർഗീയ രാഷ്ട്രീയത്തിന് തീറെഴുതണോ എന്ന ചോദ്യമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നോട്ട് വെക്കുന്നത്. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ നിഷേധിക്കുന്ന ഒരു ഭരണകൂടമോ അവ അനുവദിച്ചു കൊടുക്കുന്ന ഭരണ സംവിധാനമോ ഏതാണ് വേണ്ടതെന്ന ചോദ്യത്തിനാണ് സമ്മതിദായകർ ഉത്തരം കണ്ടെത്തേണ്ടത്.
എന്നാൽ ഈ അടിസ്ഥാന വിഷയത്തിൽ നിന്ന് വ്യതിചലിച്ച് വോട്ടർമാരുടെ ശ്രദ്ധ വൈകാരിക തലങ്ങളിലേക്ക് കൊണ്ടു പോകാനാണ് ചില രാഷ്ട്രീയ നേതൃത്വങ്ങളെങ്കിലും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ അടിസ്ഥാന ജീവൽ പ്രശ്‌നങ്ങൾ വിഷയീഭവിക്കേണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം പോലുള്ളവ സജീവ ചർച്ചയാക്കി സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് നേടാനുള്ള ശ്രമം വലിയ ആപത് സൂചനയാണ് നൽകുന്നത്. മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പോലും സംഘ്പരിവാർ മുന്നോട്ട് വെക്കുന്ന അജൻഡകൾ ഏറ്റെടുത്ത് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത് ഈ നാടിനെ എവിടെ കൊണ്ടുചെന്നെത്തിക്കും?

മോദി സർക്കാറിന്റെ വികലമായ നയങ്ങൾ രാജ്യത്തെ ജനങ്ങളെ ഇന്ന് ജീവിത പ്രാരാബ്ധങ്ങളിലേക്കും കടക്കെണിയിലേക്കുമാണ് എടുത്തെറിഞ്ഞിരിക്കുന്നത്. നോട്ട് നിരോധനവും ജി എസ് ടി നടപ്പാക്കിയതിലെ അപാകവും ജനജീവിതത്തെ സാരമായി ബാധിച്ചു. രാജ്യത്തിന്റെ കാർഷിക മേഖലയെ ഇത് തകർച്ചയിലേക്ക് നയിച്ചു. കർഷകർ ആത്മഹത്യയിൽ അഭയം തേടുന്ന സ്ഥിതി സംജാതമായി. പാവപ്പെട്ടവർ ശുഷ്‌കിച്ച് എല്ലും തോലുമായി മാറുമ്പോൾ കുത്തകകൾ തടിച്ചുകൊഴുക്കുന്ന കാഴ്ചക്ക് നാം സാക്ഷിയായി. നീരവ് മോദിയും വിജയ് മല്യയുമൊക്കെ നമ്മുടെ പണപ്പെട്ടിയുമായി നാടുകടന്നിട്ടും അവരെ നിയമ നീതിന്യായ വ്യവസ്ഥക്ക് മുന്നിൽ ഹാജരാക്കാൻ ഭരണകൂടത്തിന് കഴിഞ്ഞില്ല.
രാജ്യത്തെ ദളിതുകളും ന്യൂനപക്ഷങ്ങളും ആശങ്കയുടെ മുൾമുനയിലാണിന്ന്. പശുഇറച്ചിയുടെ പേരിൽ തല്ലി കൊല്ലപ്പെട്ട മുഹമ്മദ് അഹ്‌ലാഖിനെ പോലുള്ളവരെയും പശുവിനെ കൊന്നുവെന്ന പേരിൽ ഗുജറാത്തിലെ ഉനയിൽ അഞ്ച് ദളിതരെ തല്ലിച്ചതച്ചു വാഹനത്തിൽ കെട്ടി വലിച്ച സംഭവുമൊക്കെ നമുക്കെങ്ങനെ മറക്കാനൊക്കും? നാം എന്ത് കഴിക്കണം, എന്ത് ധരിക്കണം, എങ്ങനെ ചിന്തിക്കണമെന്നൊക്കെ മറ്റുള്ളവർ തീരുമാനിക്കപ്പെടുന്ന അവസ്ഥ എത്രമാത്രം പരിതാപകരമാണ്? ഇത്തരക്കാരെ നിലക്കുനിർത്തേണ്ട ഭരണകൂടം ഇത്തരം സംഭവങ്ങളിൽ പ്രതിസ്ഥാനത്തുള്ളവരെ സംരക്ഷിക്കുന്ന നിലപാടെടുക്കുമ്പോൾ ആശയറ്റ ജനങ്ങൾക്ക് തിരഞ്ഞെടുപ്പിലൂടെ ഇക്കാര്യത്തിൽ തങ്ങളുടെ വിസമ്മതം പ്രകടിപ്പിക്കാനല്ലാതെ മറ്റെന്തിന് കഴിയും? ആ അവസരം നഷ്ടപ്പെടുത്തി തങ്ങളുടെ രാഷ്ട്രീയ വിജയത്തിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ദിശ തന്നെ മാറ്റി യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നത് ഈ വിഭാഗത്തോട് ചെയ്യുന്ന കടുത്ത അപരാധമല്ലാതെ മറ്റെന്താണ്?

ഉത്തരേന്ത്യൻ മുസ്‌ലിം, ദളിത് വിഭാഗങ്ങൾ അവരുടെ യഥാർഥ പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ കഴിയാത്ത വിധം രാഷ്ട്രീയ പാർട്ടികൾ നിശ്ചയിക്കുന്ന അജൻഡകൾക്കകത്ത് ഒതുങ്ങി കൂടിയതിന്റെ പരിണിതഫലമാണ് അവർ ഇന്നനുഭവിക്കുന്ന സാമൂഹിക പിന്നാക്കാവസ്ഥയും യാതനകളും. കേരളമൊഴിച്ച് ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ അധിവസിക്കുന്ന ന്യൂനപക്ഷങ്ങൾ ഇന്ന് ഇടയനില്ലാത്ത ആട്ടിൻ പറ്റത്തെപോലെയാണ്. ന്യൂനപക്ഷ സംരക്ഷകരെന്ന കുപ്പായമണിഞ്ഞ് സമുദായത്തെ വോട്ടു ബേങ്കുകളാക്കി മാറ്റാനിറങ്ങിത്തിരിച്ച രാഷ്ട്രീയ മേലാളന്മാരുടെ കൈയിലെ കളിപ്പാവകളായി തീർന്നിരിക്കുകയാണവർ. ഫാസിസത്തെ പ്രതിരോധിക്കാൻ തങ്ങളുടെ സമ്മതിദാനാവകാശം ഏകോപിപ്പിച്ച് ഏതെങ്കിലുമൊരു സ്ഥാനാർഥിക്ക് വിനിയോഗിക്കുന്നതിനു പകരം വോട്ടുകൾ ചിതറിത്തെറിച്ചതിനെ തുടർന്നാണ് യു പിയിലെ ബി ജെ പി വിജയവും യോഗി ആദിത്യനാഥിനെ പോലൊരാൾ മുഖ്യമന്ത്രിയാവാനിടയായതും. ഭരണഘടനാപരമായുള്ള പൗരന്മാരുടെ സ്വാതന്ത്ര്യത്തിന് നേർക്കുള്ള വെല്ലുവിളിയാണ് എന്തു വിശ്വസിക്കണം, ചിന്തിക്കണം, ഭക്ഷിക്കണം, ധരിക്കണം എന്നൊക്കെ മറ്റുള്ളവർ തീരുമാനിക്കുന്നത്. ദളിതർക്കും പിന്നാക്കക്കാർക്കുമെല്ലാം ഭീഷണിയായ ഇത്തരം നയ സമീപനങ്ങൾക്കെതിരെ രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളിൽ നിന്നാണ് തിരുത്തെഴുത്തുണ്ടാകേണ്ടത്. അതിനുള്ള സുവർണാവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്.

കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 23ലേക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എൽ ഡി എഫ് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. യു ഡി എഫിന്റെയും എൻ ഡി എ യുടെയും സീറ്റ് ധാരണയും സ്ഥാനാർഥി പ്രഖ്യാപനവും ഉടനുണ്ടാകും. ഇന്നലെ കോഴിക്കോട്ട് രാഹുൽ ഗാന്ധി പങ്കെടുത്ത ജനമഹാറാലിയോടെ യു ഡി എഫിന്റെ പ്രചാരണ പരിപാടികൾക്ക് സമാരംഭം കുറിച്ചിരിക്കുകയാണ്.

ബി ജെ പിയെ പോലെ യു ഡി എഫ് ശബരിമല വിഷയത്തിലൂന്നിയാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. കേരളത്തെ പിടിച്ചുലച്ച പ്രളയത്തെ ജനകീയ പങ്കാളിത്തത്തോടെ കൈകാര്യം ചെയ്ത പിണറായി സർക്കാർ അന്താരാഷ്ട്ര തലത്തിലുൾപ്പെടെ സർവരുടെയും പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. ഇത് ഇടതുപക്ഷത്തിന് രാഷ്ട്രീയ മൈലേജ് നൽകുമെന്ന് സ്വാഭാവികമായും പ്രതിപക്ഷത്തിരിക്കുന്ന യു ഡി എഫും ബി ജെ പിയും ഭയപ്പെട്ടു. ഇതിനെ മറികടക്കാൻ തന്ത്രങ്ങൾ ആലോചിച്ചു കൊണ്ടിരിക്കെയാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്ന് സുപ്രധാന വിധിയുണ്ടാകുന്നത്. 10നും 50നും ഇടക്ക് പ്രായമുള്ള സ്ത്രീകൾക്ക് ദർശനം അനുവദിച്ചു കൊണ്ടുള്ള കോടതി വിധി നടപ്പാക്കൽ തങ്ങളുടെ ഭരണഘടനാ ബാധ്യതയായിക്കണ്ട് സർക്കാർ അവർക്ക് സുരക്ഷാ ക്രമീകരണങ്ങളൊരുക്കി. യാതൊരു കാരണവശാലും യുവതീ പ്രവേശം അനുവദിക്കരുതെന്ന ആവശ്യവുമായി ബി ജെ പിയും യു ഡി എഫും മറുപക്ഷത്തും നിലയുറപ്പിച്ചു. ഇതിന്റെ പേരിൽ പ്രസ്താവനാ യുദ്ധങ്ങൾ, സംഘർഷങ്ങൾ, തുടരെത്തുടരെ ഹർത്താലുകൾ എന്നിവ അരങ്ങേറി. അയ്യപ്പദർശനത്തിനെത്തിയ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികളടക്കം അസഭ്യവർഷങ്ങൾ നേരിടുകയും പ്രതിഷേധക്കാരാൽ തിരിച്ചയക്കപ്പെടുകയും ചെയ്തു. ഇതിനിടെ കനക ദുർഗ, ബിന്ദു എന്നീ യുവതികൾ പ്രതിഷേധക്കാരുടെ കണ്ണുവെട്ടിച്ച് അയ്യപ്പനെ തൊഴുതു. ഇത് വാർത്തയായതോടെ കേരളത്തെ കലാപഭൂമിയാക്കാൻ ചിലർ കൊണ്ടു പിടിച്ച ശ്രമം നടത്തി. എന്നാൽ ശബരിമല പ്രശ്‌നത്തിൽ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘ്പരിവാർ ശ്രമത്തെ പോലീസും ഭരണകൂടവും സംയമനത്തിന്റെ മാർഗത്തിലൂടെ തന്ത്രപൂർവം കൈകാര്യം ചെയ്തു. ഒരിറ്റ് രക്തം വീഴ്ത്താതെ ശബരിമലയിൽ സമാധാനാന്തരീക്ഷം നിലനിർത്താൻ സർക്കാറിനായി.

പക്ഷേ, ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹരജികളിൽ കോടതിയിൽ നിന്ന് അന്തിമ തീർപ്പ് വരാനിരിക്കെ, ധൃതിപ്പെട്ട് പ്രശ്‌നം രാഷ്ട്രീയവത്കരിച്ച് തിരഞ്ഞെടുപ്പിൽ സർക്കാറിനെതിരെ പ്രചാരണായുധമാക്കാനാണ് ബി ജെ പിയും യു ഡി എഫും ഒരു പോലെ ശ്രമിക്കുന്നത്. നോട്ട് നിരോധം, ജി എസ് ടി, കാർഷിക മേഖലയിലെ തകർച്ച, വിലക്കയറ്റം, തൊഴിലില്ലായ്മ, റാഫേൽ ഉൾപ്പെടെയുള്ള അഴിമതി ആരോപണങ്ങൾ, ആൾക്കൂട്ടക്കൊലകൾ, കൽബുർഗിയുടെയും ഗൗരി ലങ്കേഷിന്റെയും മരണം, ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം, യു പിയിലെ ബുലന്ദ് ശഹറിൽ പോലീസ് ഓഫീസർ സുബോധ്കുമാർ സിംഗ് വെടിയേറ്റ് മരിക്കാനിടയായ സാഹചര്യം, അസാമിലെ വലിയൊരു ജനവിഭാഗത്തെ ബാധിക്കുന്ന പൗരത്വ ഭേദഗതി ബിൽ, മുത്വലാഖ് ബിൽ, സാമ്പത്തിക സംവരണ ബിൽ ഇങ്ങനെ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങൾ ചർച്ച ചെയ്യാനുള്ളപ്പോഴാണ് ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശം മാത്രം മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കി മതേതര കക്ഷികൾ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നതെന്നത് പ്രബുദ്ധ കേരളത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. വർഗീയതക്കും അഴിമതിക്കുമെതിരെ ജനങ്ങളെ സംഘടിപ്പിച്ച് രാജ്യത്തിന്റെ മതേതര പ്രഭാവം തിരിച്ചുപിടിക്കേണ്ടവർ ഹിന്ദുത്വ വികാരത്തിൽ കണ്ണും നട്ട്, ദേശീയ വിഷയങ്ങളിൽ നിന്ന് തെന്നിമാറി ശബരിമല വിഷയത്തെ ഇത്രത്തോളം ഉയർത്തി കൊണ്ടുവരുന്നത് എത്രത്തോളം ശരിയാണെന്ന് അവരുടെ നേതൃത്വം ആലോചിക്കണം.

ശബരിമല വിഷയത്തിൽ സർക്കാറിനെക്കാളും ദേവസ്വം ബോർഡിനെക്കാളും ചിലർ വിലമതിക്കുന്നത് പന്തളം കൊട്ടാരത്തെയാണ്. രണ്ട് യുവതികൾ ദർശനം നടത്തിയപ്പോൾ തന്ത്രിയുടെ നേതൃത്വത്തിൽ പരിഹാരക്രിയ നടന്നു. യഥാർഥത്തിൽ പന്തളം രാജവംശം പരമ്പരാഗതമായി മലയാളികളല്ലെന്നതാണ് യാഥാർഥ്യം. പന്തളം രാജവംശത്തിന്റെ പൂർവികർ പാണ്ഡ്യരാജ്യം ഭരിച്ചിരുന്ന രാജാക്കന്മാരായിരുന്നു. കൊല്ലവർഷം 79ാം ആണ്ടിൽ അവർ കേരളക്കരയിൽ എത്തിയെന്നാണ് ചരിത്രകാരൻമാർ അഭിപ്രായപ്പെട്ടിട്ടുള്ളത്. പാണ്ഡ്യരാജവംശം ഉപേക്ഷിച്ച അതിലെ ചെമ്പഴന്നൂർ ശാഖക്കാരാണ് പന്തളംരാജകുടുംബാംഗങ്ങളുടെ പൂർവികർ. മധുര ഉപേക്ഷിച്ച അതിലെ ചെമ്പഴന്നൂർ ശാഖക്കാർ ശിവഗിരി എന്ന ഗ്രാമം (തമിഴ്‌നാട്) വിലക്കുവാങ്ങി അവിടെ താമസം തുടങ്ങി. ശിവഗിരിവിടേണ്ടിവരികയും കേരളാതിർത്തിയിൽ എത്തുന്നതിനുമുമ്പു തന്നെ തെങ്കാശി, ഇലത്തൂർമണിയം എന്നിവിടങ്ങളിൽ സ്വത്തുക്കളും മറ്റും സമ്പാദിച്ച് താമസിക്കുകയും ചെയ്തു. അക്കാലത്ത് വേണാട് രാജാക്കന്മാരുടെ സഹകരണവും അവരുമായി വിവാഹബന്ധങ്ങളും അവർക്കുണ്ടായിരുന്നു. ആ സാഹചര്യത്തിലായിരിക്കണം വേണാടിന്റെ ആനുകൂല്യങ്ങളോടുകൂടി സഹ്യസാനുക്കളിലുള്ള അച്ചൻകോവിൽ, കോന്നിയൂർ എന്നിവിടങ്ങളിൽ താമസിക്കാനിടവന്നിട്ടുണ്ടാവുക. പന്തളം, പന്തളംരാജവംശം എന്നിവയുടെ പൂർവ ചരിത്രവുമായി കോന്നിയുടെ ചരിത്രം അഭേദ്യമാംവിധം ബന്ധപ്പെട്ടുകിടക്കുന്നു. ഈ രാജവംശം കോന്നിയൂരിൽ ഒരു നൂറ്റാണ്ടിലേറെക്കാലം താമസിച്ചിരുന്നതായി പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. കോന്നി മുൻകാലത്ത് കോന്നിയൂരായിരുന്നു. രാജാവ് പാർക്കുന്ന ഗ്രാമം എന്ന് അർഥമുള്ള കോൻടിഊർ എന്ന തമിഴ് വാക്കിൽ നിന്നാണ് കോന്നിയൂർ എന്ന സ്ഥലനാമവും തുടർന്ന് കോന്നിയും ഉണ്ടായത്. അച്ചൻകോവിലിൽ നിന്നും പടിഞ്ഞാറോട്ടു നീങ്ങിയ ചെമ്പഴന്നൂർ ശാഖക്കാർ തുറ എന്ന സ്ഥലത്തെത്തി അച്ചൻകോവിലാറിനു കുറുകെ കടന്ന് കരിമാൻതോട്, നടുവത്ത് മൂഴി, വയക്കര, കുമ്മണ്ണൂർ, ആനകുത്തി വഴി മഞ്ഞക്കടമ്പ് എത്തിച്ചേർന്നു. ഒരു കോയിക്കലാണ് അവിടെ ആദ്യം പണിയിച്ചത്. അത് മഞ്ഞക്കടമ്പിനടുത്ത് കോയിക്കലേത്ത് എന്നറിയപ്പെടുന്നു. അവിടെയാണ് ആരംഭത്തിൽ എല്ലാവരുമൊന്നിച്ച് പാർത്തത്. കൂടുതൽ ആളുകൾ വന്നുചേർന്നതോടുകൂടി പുതിയ കോയിക്കലുകൾ നിർമിച്ച് അതിൽ താമസമാക്കി. ഒപ്പം ബ്രാഹ്മണാലയങ്ങളായ മനകളും മഠങ്ങളും ഉണ്ടാക്കി. അവരോടൊപ്പം വന്ന പടയാളികൾ സമീപപ്രദേശങ്ങളിൽ താമസിച്ചു. പടയാളികൾ താമസിച്ചിരുന്ന ഐരവണിൽ അവർക്ക് ആരാധന നടത്തുന്നതിന് പുതിയകാവിൽ ഒരു കാളീക്ഷേത്രവും സ്ഥാപിച്ചു. കോന്നിയൂർ ഗ്രാമം ശൈവമതവിശ്വാസികളായ പാണ്ഡ്യരാജാക്കന്മാർ രൂപപ്പെടുത്തിയത് മുരിങ്ങമംഗലംക്ഷേത്രത്തെ കേന്ദ്രീകരിച്ചായിരുന്നു.
ഏകദേശം മുന്നൂറ് വർഷത്തോളം കോന്നിയിൽ താമസിച്ച രാജകുടുംബാംഗങ്ങളുടെ പ്രധാന ആരാധനാലയങ്ങളായിരുന്നു അവർ നിർമിച്ച മുരിങ്ങമംഗലം മഹാദേവർക്ഷേത്രം, പുതിയകാവ് ഭഗവതിക്ഷേത്രം, ഐരവൺ കൃഷ്ണസ്വാമിക്ഷേത്രം, ഇളങ്ങവട്ടം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, അരുവാപ്പുലം എള്ളാംകാവ് ക്ഷേത്രം എന്നിവ. മധുര മുതൽ പഴയ ചെങ്കോട്ട താലൂക്കിലെ പമ്പിളി, അച്ചൻകോവിൽ പ്രദേശങ്ങളിലൂടെ വനപ്രദേശത്തുള്ള തുറ എന്ന സ്ഥലത്ത് വന്ന് അച്ചൻകോവിലാറിന്റെ വടക്കേക്കരയിലൂടെ കോന്നിയൂരും കുമ്പഴയും പത്തനംതിട്ടയും കഴിഞ്ഞ് ചെങ്ങന്നൂരിൽ ഇന്നത്തെ എം സി റോഡിലെത്തിച്ചേരുന്ന വിസ്തൃതമായൊരു വനപാതയുണ്ടായിരുന്നു. ഗതാഗതത്തിന് പുറമെ വാണിജ്യാവശ്യങ്ങൾക്കും ഈ പാത ഉപയോഗിച്ചിരുന്നു. മേൽപ്പറഞ്ഞ പാതക്കു പുറമേ കോന്നിയിൽ നിന്ന് അച്ചൻകോവിലാറിന്റെ വടക്കേകരയിലൂടെ പന്തളത്തേക്ക് ഒരു പാത (ശാസ്താക്ഷേത്രങ്ങളായ കുളത്തൂപ്പുഴയേയും ആര്യങ്കാവിനേയും അച്ചൻകോവിലിനേയും ബന്ധിപ്പിക്കുന്നത്) കൂടി ഉണ്ടായിരുന്നു. മുരിങ്ങമംഗലം ക്ഷേത്രത്തിനു കിഴക്ക് അച്ചൻകോവിലാറിന്റെ തീരപ്രദേശത്ത് സംസ്‌കാരസമ്പന്നമായൊരു ജനപഥം നിലനിന്നിരുന്നതായി കാണാം. കാക്കര മുതൽ അച്ചൻകോവിൽ വരെ വിവിധ ജനവാസകേന്ദ്രങ്ങൾ അക്കാലത്ത് നിലനിന്നിരുന്നു. കോടമലയിൽ പ്രസിദ്ധമായൊരു ക്ഷേത്രമുണ്ടായിരുന്നു. പന്തളം രാജാക്കന്മാർ അച്ചൻകോവിലിൽ താമസിക്കുന്ന കാലത്തുതന്നെ ഉണ്ടാക്കിയതാണ് ഈ ക്ഷേത്രം. ഇന്നവശേഷിക്കുന്നത് ക്ഷേത്രഅറയും ജനങ്ങൾ താമസിച്ചിരുന്ന പറമ്പുകളും കോടമലതേവരുടെ ഉത്സവത്തിന് ഉപയോഗിച്ചിരുന്ന കൊടിയും മാത്രമാണ്. ശത്രുക്കളുടെ ആക്രമണം മൂലം ക്ഷേത്രം നശിക്കുകയായിരുന്നു. 1775 മുതൽ 1795 വരെ തിരുവിതാംകൂർ രാജാവായിരുന്ന ഉദയമാർത്താണ്ഡവർമ്മ പന്തളം രാജാവിന് ചില സ്ഥലങ്ങൾ നൽകിയതായി സൂചന ലഭിക്കുന്ന രേഖകൾ കണ്ടുകിട്ടിയിട്ടുണ്ട്. കായംകുളം രാജാവുമായുള്ള യുദ്ധത്തിൽ മാർത്താണ്ഡവർമ്മയെ സഹായിച്ചതിന്റെ കൃതജ്ഞതയായിട്ടായിരിക്കാം ഏതാനും ഗ്രാമങ്ങളിലെ ഭരണഭാരം ഇവരെ ഏൽപ്പിക്കാൻ കാരണം.
ടിപ്പുവിനെ നേരിടുന്ന കാലത്ത് ധർമ്മരാജാവ് പന്തളം രാജാവിനോട് ധനസഹായം ആവശ്യപ്പെട്ടതായി രേഖകളുണ്ട്. യുദ്ധക്കടം അടച്ചുതീർക്കുവാനായി പന്തളംരാജാവ് കൊല്ലവർഷം 969ാം ആണ്ട് കാളിയൻ എന്ന നായർപ്രഭുവിന് 26400 പണത്തിന് രാജ്യം അടിമാനക്കാരണം (പണയാധാരം) കൊടുത്തതായും ചില രേഖകളുണ്ട്. അങ്ങനെ കോന്നിയൂർ, മലയാലപ്പുഴ ഉൾപ്പെട്ട പ്രദേശങ്ങൾ കാളിയന്റെ അധീനതയിലായി. എന്നിട്ടും കുടിശ്ശിക തീരാത്തതു കാരണം പന്തളത്തിന്റെ എല്ലാ സ്വത്തുക്കളും കൊല്ലംവർഷം 996ൽ തിരുവിതാംകൂറിന്റെ വകയായി. ഇതാണ് പന്തളം രാജകുടുംബവും കേരളവുമായുള്ള ചരിത്രം.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടപ്രകാരം വോട്ടിനു വേണ്ടി ജാതീയവും മതപരവുമായ വികാരങ്ങളെ ഉദ്ദീപിപ്പിക്കുന്ന വിധം യാതൊന്നും ചെയ്യാൻ പാടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമലയും അയ്യപ്പന്റെ പേരും ഉപയോഗിച്ച് പ്രചാരണം നടത്താനാവില്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി പ്രകാരമുള്ള മത, ദൈവം, ജാതി, ആരാധനാലയം തുടങ്ങിയവ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ലെന്ന വിധിയുടെ പരിധിയിൽ ശബരിമല ക്ഷേത്രവും ഉൾപ്പെടുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. അതേ സമയം ശബരിമല ക്ഷേത്രത്തിൽ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട വിഷയങ്ങളും നിയമപരമായ കാര്യങ്ങളും പ്രചാരണായുധമാക്കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുമുണ്ട്. മതസ്പർധയോ ക്രമസമാധാന പ്രശ്‌നമോ ഉണ്ടാക്കുന്ന വിധം ശബരിമല ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും മതവിദ്വേഷം പടർത്തിയാൽ ഇടപെടുമെന്നും തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരത്ത് ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ടിക്കാറാം വീണ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിക്കുന്നതിന് തടസ്സമില്ല. സ്ത്രീ പ്രവേശന വിധി പ്രചാരണത്തിൽ ഉപയോഗിച്ചാൽ ചട്ടലംഘനമാകില്ല. പക്ഷേ, ആർത്തിപൂണ്ട രാഷ്ട്രീയ നേതൃത്വങ്ങൾ ഇതെങ്ങനെ ഉപയോഗപ്പെടുത്തുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ കോഴിക്കോട്ട് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ചാണ് സംസാരിച്ചത്. തന്റെ മനസ്സിലുള്ളത് പറയുന്നതോടൊപ്പം ജനങ്ങളുടെ മനസ്സ് ഗ്രഹിക്കാനും മോദി തയ്യാറാകണമെന്നായിരുന്നു രാഹുലിന്റെ അഭ്യർഥന. നോട്ട് നിരോധനവും കർഷക ദുരിതങ്ങളും തന്റെ പ്രസംഗത്തിൽ അദ്ദേഹം പരാമർശിച്ചു. സംസ്ഥാന കോൺഗ്രസ് നേതാക്കളും തിരഞ്ഞെടുപ്പിൽ ഇതൊക്കെ പ്രചാരണ വിഷയങ്ങളാക്കുമോ, അതോ ശബരിമല ബന്ധിതമായിരിക്കുമോ അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണം?

സലീം പടനിലം