മനസ്സിലുള്ളത് പറയുകയല്ല, ജനങ്ങളെ കേള്‍ക്കുകയാണ് വേണ്ടത്: മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

Posted on: March 14, 2019 8:36 pm | Last updated: March 14, 2019 at 9:55 pm

കോഴിക്കോട്: പ്രധാന മന്ത്രി തന്റെ മനസ്സിലുള്ളത് പറയുക മാത്രമാണ് ചെയ്യുന്നതെന്നും ജനങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയാറാകുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍. മന്‍ കി ബാത്ത് പറയുക മാത്രമല്ല ഒരു പ്രധാന മന്ത്രിയുടെ ഉത്തരവാദിത്തം. ജനങ്ങളുടെ വികാരമെന്താണെന്നു കൂടി അറിയാന്‍ അദ്ദേഹത്തിനു കഴിയണം. കോഴിക്കോട്ട് പാര്‍ട്ടിയുടെ ജനമഹാറാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഏകപക്ഷീയമായ ശബ്ദം മാത്രമാണ് കഴിഞ്ഞ അഞ്ചു വര്‍ഷം കേട്ടത്. മന്ത്രിമാരുമായോ സ്ഥാപനങ്ങളുമായോ ജനങ്ങളുമായോ അദ്ദേഹം ഒന്നും ചര്‍ച്ച ചെയ്യുന്നില്ല. മോദി ഭരണത്തില്‍ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം തകര്‍ന്നിരിക്കുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ ഇത്രയും രൂക്ഷമായ ഒരു കാലഘട്ടം മുമ്പുണ്ടായിട്ടില്ല.

വ്യവസായ കുത്തകകളായ അംബാനി, അദാനിമാരുമായാണ് മോദി കൂട്ടുകൂടിയിട്ടുള്ളത്. ആറു വിമാനത്താവളങ്ങള്‍ അദാനിക്ക് കൊടുത്തു കഴിഞ്ഞു. നീരവ് മോദിക്ക് കോടികള്‍ നല്‍കി. 50 ശതകോടീശ്വരന്മാരുടെ കോടികള്‍ എഴുതിത്തള്ളി. ബേങ്കിംഗ് സംവിധാനത്തെ തകര്‍ത്തു തരിപ്പണമാക്കി. മോദി നടപ്പിലാക്കിയ ജി എസ് ടി ചെറുകിട വ്യവസായികളെയും കര്‍ഷകരെയും ദുരിതത്തിലാക്കി.

മോദി ലക്ഷ്യമിടുന്നത് രണ്ട് ഇന്ത്യയെയാണ്. അംബാനി, അദാനി, നീരവ് മോദി തുടങ്ങിയ തന്റെ സുഹൃത്തുക്കള്‍ക്കായി ഒരിന്ത്യയും തൊഴില്‍ രഹിതരായിട്ടുള്ള യുവാക്കള്‍ക്കും ദുരിതത്തില്‍ മുങ്ങിക്കിടക്കുന്ന കര്‍ഷകര്‍ക്കുമായി മറ്റൊരു ഇന്ത്യയും.
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്കായി രാജ്യമാകെ അനുശോചനം രേഖപ്പെടുത്തുമ്പോള്‍ സിനിമക്കു വേണ്ടി മേയ്ക്കപ്പിട്ടു നില്‍ക്കുകയായിരുന്നു പ്രധാനമന്ത്രിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

സി പി എമ്മിനെതിരെയും രാഹുല്‍ ആഞ്ഞടിച്ചു. കൃപേഷിനെയും ശരത് ലാലിനെയും പോലുള്ള ചെറുപ്പക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊന്നൊടുക്കി പാര്‍ട്ടി വളര്‍ത്താമെന്നും അധികാരത്തില്‍ തുടരാമെന്നുമാണ് സി പി എം കരുതുന്നത്. അത് അനുവദിക്കില്ല. നീതിയുടെ മണ്ണായ കേരളത്തില്‍ കൊലയാളികള്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കുക തന്നെ ചെയ്യും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. തങ്ങളുടെ പ്രത്യയശാസ്ത്രം പൊള്ളയാണെന്ന് താമസിയാതെ അവര്‍ തിരിച്ചറിയും.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന് രാഹുല്‍ പറഞ്ഞു. വനിതാ സംവരണ ബില്‍ പാസാക്കും. സര്‍ക്കാര്‍ ജോലിയിലും വനിതകള്‍ക്ക്് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തും. രാജ്യത്തെ പാവപ്പെട്ട കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കും- കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.