ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച കേസില്‍ പുനപ്പരിശോധന ഹരജികള്‍ പരിഗണിക്കുന്നതിനൊപ്പം പ്രശാന്ത് ഭൂഷണും മറ്റും സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കുന്ന കാര്യത്തില്‍ ഉത്തരവിടുന്നത് സുപ്രീം കോടതി മാറ്റിവച്ചു. പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള ഇത്തരം രേഖകള്‍ അനുമതിയില്ലാതെ ഹാജരാക്കുന്നത് ശരിയല്ലെന്ന സര്‍ക്കാര്‍ വാദത്തെ തുടര്‍ന്നാണ് ഉത്തരവ് മാറ്റിയത്. ദേശീയ സുരക്ഷയുടെ പേരില്‍ എല്ലാം മാറ്റിവെക്കാനാവില്ലെന്ന ഹരജിക്കാരുടെ വാദം കോടതി കണക്കിലെടുത്തില്ല.
സെക്ഷന്‍ 123, വിവരാവകാശ നിയമം എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരം ഈ രേഖകള്‍ വിശേഷാധികാരമുള്ളതും അനുമതിയില്ലാതെ ഹാജരാക്കാന്‍ പാടില്ലാത്തതുമാണെന്ന് സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചു. രേഖകള്‍ ചോര്‍ത്തിയതാണെന്നും അതിനാല്‍ അവ പുനപ്പരിശോധന ഹരജികളുടെ കൂട്ടത്തില്‍ നിന്ന് മാറ്റണമെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രതിരോധ മന്ത്രാലയത്തിലെ ഇടപാടുകള്‍ സംബന്ധിച്ച് സി എ ജി റിപ്പോര്‍ട്ടില്‍ എല്ലാ വിവരങ്ങളുമുണ്ടാകാറുണ്ടെന്നും അത് പൊതു ജനങ്ങള്‍ക്ക് ലഭിക്കുന്ന കാര്യമായതിനാല്‍ എ ജിയുടെ വാദങ്ങള്‍ ന്യായീകരിക്കത്തക്കതല്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
രേഖകള്‍ യഥാര്‍ഥമാണെന്ന് സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ സമ്മതിച്ചിരിക്കുകയാണെന്നും അതിന് കേന്ദ്ര സര്‍ക്കാരിനും എ ജിക്കും നന്ദി അറിയിക്കുകയാണെന്നും വാദിഭാഗം അഭിഭാഷകന്‍ അരുണ്‍ ഷൂരി പറഞ്ഞു.