മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍എംഎല്‍എയുമായിരുന്ന റോസമ്മ ചാക്കോ അന്തരിച്ചു

Posted on: March 14, 2019 10:00 am | Last updated: March 14, 2019 at 1:54 pm

കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍എംഎല്‍എയുമായിരുന്ന റോസമ്മ ചാക്കോ (93) അന്തരിച്ചു. വ്യാഴാഴ്ച കാലത്ത് മണിക്കായിരുന്നു അന്ത്യം.
സംസ്‌കാരം ഞായറാഴ്ച രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടക്കും.

സി ചാക്കോയുടെയും മരിയമ്മ ചാക്കോയുടെയും മകളായി 1927 മാര്‍ച്ച് 17നാണ് ജനനം. ഇടുക്കി, ചാലക്കുടി, മണലൂര്‍ എന്നീ മൂന്ന് വ്യത്യസ്ത മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്ന് തവണ നിയമസഭയില്‍ എത്തിയിരുന്നു. 1982ല്‍ ഇടുക്കിയില്‍ നിന്നാണ് ആദ്യമായി നിയമസഭയില്‍ എത്തുന്നത്. പിന്നീട് 1987ല്‍ ചാലക്കുടിയില്‍ നിന്നും പത്താം നിയമസഭ തിരഞ്ഞെടുപ്പില്‍ മണലൂരില്‍ നിന്നും ജയിച്ച് നിയമസഭയില്‍ എത്തി. കെപിസിസി വൈസ് പ്രസിഡന്റായും മഹിള കോണ്‍ഗ്രസ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിവാഹിതയാണ്.