Connect with us

National

ബാബരി: മധ്യസ്ഥ ചർച്ച ആരംഭിച്ചു

Published

|

Last Updated

ന്യൂഡൽഹി: ബാബരി മസ്ജിദ് ഭൂമി തർക്കത്തിൽ സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥരുടെ നേതൃത്വത്തിലുള്ള ചർച്ച ആരംഭിച്ചു. യു പിയിലെ ഫൈസാബാദിലുള്ള അവധ് സർവകലാശാല ക്യാമ്പസിലാണ് ചർച്ച നടക്കുന്നത്. ക്യാമ്പസും പരിസരവും ഫൈസാബാദ് നഗരവും കഴിഞ്ഞ ദിവസം മുതൽ തന്നെ അതീവ സുരക്ഷയിലാണ്. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ ആദ്യ യോഗമാണ് ഇന്നലെ ചേർന്നത്. മാധ്യസ്ഥ്യ സമിതിക്ക് വേണ്ടി കേസിലെ 25 ഹരജിക്കാർക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് ഫൈസാബാദ് ഭരണകൂടം നോട്ടീസയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 25 ഹരജിക്കാരും ഇന്നലെ ഹാജരായി.

ആദ്യഘട്ടമെന്ന നിലയിൽ മൂന്ന് ദിവസത്തെ ചർച്ചയാണ് നടക്കുകയെന്നാണ് വിവരം. സുപ്രീം കോടതി മുൻ ജഡ്ജി ഫക്കീർ മുഹമ്മദ് ഖലീഫുല്ല ചെയർമാനായ സമിതിയാണ് മാധ്യസ്ഥ്യ ശ്രമം നടത്തുന്നത്. പ്രമുഖ അഭിഭാഷകനും മാധ്യസ്ഥനുമായ ശ്രീരാംപഞ്ചു, ഹിന്ദുമതാചര്യനും ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകനുമായ ശ്രീ ശീ രവിശങ്കർ എന്നിവരാണ് സമതിയിലെ അംഗങ്ങൾ. മാധ്യസ്ഥ്യ നടപടികൾ ഒരാഴ്ചക്കുള്ളിൽ തുടങ്ങാൻ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. ഇതുവരെയുള്ള തെളിവുകളും മറ്റുരേഖകളും വാക്കാലുള്ള മൊഴികളുടെ പരിഭാഷകളും പരിശോധിക്കുന്നത് എട്ടാഴ്ചക്കുള്ളിൽ തീർക്കണമെന്നാണ് സുപ്രീം കോടതി സമിതിക്ക് നൽകിയ നിർദേശം.