എസ് എസ് എൽ സി ഉത്തരക്കടലാസുകൾ റോഡരികിൽ കണ്ടെത്തി

Posted on: March 14, 2019 9:14 am | Last updated: March 14, 2019 at 1:00 pm
കോഴിക്കോട് ഉപ വിദ്യാഭ്യാസ ഡയറക്ടർ ഇ കെ സുരേഷ് കുമാർ കായണ്ണ ഹയർ സെക്കൻഡറി സ്‌കൂളിൽ അന്വേഷണത്തിനെത്തിയപ്പോൾ

പേരാമ്പ്ര: പരീക്ഷ കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടുന്നതിന് മുമ്പ് ഉത്തര പേപ്പറുകൾ വഴിയരികിൽ. കായണ്ണ ഹയർ സെക്കൻഡറിയിലെ എസ് എസ് എൽ സി പരീക്ഷയുടെ ഉത്തരപേപ്പറുകളാണ് റോഡരികിൽ കണ്ടെത്തിയത്.

ഇന്നലെ നടന്ന മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തര പേപ്പറുകളുടെ കെട്ടാണ് സ്‌കൂളിൽ നിന്ന് ഒരു കിലോമീറ്റർ അകലെ കുറ്റിവയലിൽ നാട്ടുകാരന് ലഭിച്ചത്. 3.30ന് കഴിഞ്ഞ പരീക്ഷയുടെ പോസ്റ്റ് ചെയ്യാനായി ഓഫീസ് അസിസ്റ്റന്റ് ബൈക്കിൽ കോഴിക്കോടിന് കൊണ്ടുപോയ ഉത്തര പേപ്പറുകളാണ് വഴിയരികിൽ നിന്ന് കാൽനട യാത്രക്കാരന് ലഭിച്ചത്. ഇയാൾ വിവരമറിയിച്ചതിനെ തുടർന്ന് സ്‌കൂൾ അധികൃതർ സ്ഥലത്തെത്തി ഉത്തരപേപ്പറുകൾ തിരികെ ഓഫീസിൽ എത്തിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഉപ വിദ്യാഭ്യാസ ഡയറക്ടർ ഇ കെ സുരേഷ് കുമാർ സ്‌കൂളിലെത്തി അന്വേഷണവും പരിശോധനയും നടത്തി. ഓഫീസ് അസിസ്റ്റന്റ‌് സിബിയെ പരീക്ഷാ ജോലികളിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്.


സ്‌കൂളിൽ സുരക്ഷാ സംവിധാനമൊരുക്കി സൂക്ഷിച്ച ഉത്തര പേപ്പറുകൾ ഇന്ന് കാലത്ത് പോസ്റ്റ് ചെയ്യുമെന്നാണറിയുന്നത്. റോഡ് സൈഡിൽ നിന്ന് ഉത്തരക്കടലാസുകൾ ലഭിച്ച വിവരമറിഞ്ഞ് ആശങ്കയിലായ ഒട്ടേറെ രക്ഷിതാക്കളും വിദ്യാർഥികളും സ്‌കൂളിലെത്തിയിരുന്നു.