Connect with us

Articles

പിടി വീഴും, മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചാൽ

Published

|

Last Updated

തിരഞ്ഞെടുപ്പ് കാലത്തും അല്ലാത്തപ്പോഴും പലപ്പോഴായി നാം കേൾക്കുന്നതാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം. പെരുമാറ്റച്ചട്ട ലംഘനത്തിൽ കുടുങ്ങി പാർലിമെന്ററി സ്ഥാനത്ത് നിന്ന് അയോഗ്യരാക്കപ്പെട്ടവരെ കുറിച്ചും ഇതുമായി ബന്ധപ്പെട്ട് നടപടികൾ നേരിട്ടവരെ കുറിച്ചും നാം ധാരാളം കേട്ടിട്ടുണ്ട്. പോളിംഗ് ബൂത്തിൽ വെച്ച് ചിഹ്നം ഉയർത്തിക്കാട്ടിയും ഇവിടെ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയും ചെയ്ത നരേന്ദ്ര മോദി നടപടികൾ നേരിട്ടിരുന്നു. വോട്ടിംഗ് നടക്കുന്ന പോളിംഗ് ബൂത്തിന് 100 മീറ്റർ ചുറ്റളവിൽ ഒരു തരത്തിലുമുള്ള പ്രചാരണവും പാടില്ലെന്ന തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് മോദി നടപടി നേരിട്ടത്.
ലോകത്തെ വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പുകൾ സുഗമമായി നടപ്പിലാക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിക്കുന്ന മാർഗ രേഖയാണ് മാതൃകാ പെരുമാറ്റച്ചട്ടം. നൂറ് കോടിയിലധികം വരുന്ന വ്യത്യസ്ത ജനവിഭാഗങ്ങൾ അധിവസിക്കുന്ന ഒരു രാജ്യത്ത് അതിന്റെ നിലനിൽപ്പിനാധാരമായ ഒരു ഭരണകൂടത്തെ തിരഞ്ഞെടുക്കുന്നതിനായി നീതിയുക്തവും ജനാധിപത്യപരവുമായ തിരഞ്ഞെടുപ്പ് നടത്താൻ കർശനമായ നിയന്ത്രണങ്ങളും നിർദേശങ്ങളും കൂടിയേ തീരൂവെന്ന കാര്യത്തിൽ സംശയമില്ല.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര സംസ്ഥാന സർക്കാറുകളെയും രാജ്യത്തെ മുഴുവൻ പാർട്ടികളിലും ഉൾപ്പെടുന്ന സ്ഥാനാർഥികളെയും മറ്റും നിരീക്ഷിക്കാനുള്ള സ്വാതന്ത്ര്യവും അധികാരവുമുണ്ടാകും. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 324 ആണ് ഈ അധികാരം ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടപ്പ് കമ്മീഷന് നൽകുന്നത്.
2014ലെ പെരുമാറ്റച്ചട്ടപ്രകാരം എട്ട് വ്യവസ്ഥകളിലാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം. പൊതുചട്ടം, പൊതു യോഗങ്ങൾ, ഘോഷയാത്ര, പോളിംഗ് ദിവസം, പോളിംഗ് ബൂത്തുകൾ, നിരീക്ഷകർ, അധികാരത്തിലുള്ള പാർട്ടി, തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോകൾ എന്നിവയാണ് പ്രധാനമായും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലുൾപ്പെടുന്ന കാര്യങ്ങൾ.

മാതൃകാ പെരുമാറ്റച്ചട്ടം
ഇതര രാഷ്ട്രീയ പാർട്ടികളെയും സ്ഥാനാർഥികളെയും അവരുടെ നയങ്ങളെയും പ്രവർത്തന മികവിനെയും ആരോഗ്യകരമായ രീതിയിൽ വിമർശിക്കാമെങ്കിലും അതിര് വിടാൻ പാടില്ല. ഇത്തരത്തിൽ നടപടിയുണ്ടായാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കും. തിരഞ്ഞെടുപ്പിൽ വോട്ട് കരസ്ഥമാക്കാൻ ജാതീയവും വർഗീയവുമായ വികാരങ്ങളെ കത്തിക്കുന്ന രീതിയിൽ ഒന്നും ചെയ്യരുത്. പണം കൊടുത്ത് വോട്ടർമാരെ സ്വാധീനിക്കാനോ, കൃത്യമായ വിവരങ്ങളില്ലാതെ എതിരാളികളെ വിമർശിക്കാനോ അനുവദിക്കില്ല.

പൊതുയോഗങ്ങൾ, ഘോഷയാത്രകൾ
പൊതുയോഗങ്ങളോ റാലികളോ സംഘടിപ്പിക്കുന്നതിന് മുമ്പ് രാഷ്ട്രീയ പാർട്ടികൾ നിർബന്ധമായും അതാത് ലോക്കൽ പോലീസിനെ കണ്ട് അനുമതി വാങ്ങണം. റാലികൾക്ക് വേണ്ട സുരക്ഷ അതാത് ലോക്കൽ പോലീസ് ഉദ്യോഗസ്ഥർക്കായിരിക്കും. എതിരാളികളുടെ കോലങ്ങൾ നിർമിക്കാനോ കത്തിക്കാനോ പാടില്ല. ഒരേ റൂട്ടിൽ രണ്ട് എതിർ പാർട്ടിക്കാർ റാലി നടത്താൻ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ പരസ്പരം അഭിമുഖീകരിക്കാത്ത തരത്തിൽ വേണം റാലി കടന്നുപോകാൻ.

ചട്ടങ്ങൾ പോളിംഗ് ബൂത്തിൽ
വോട്ടെടുപ്പ് ദിവസം രാഷ്ട്രീയപാർട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ പോളിംഗ് ബുത്തിനകത്ത് നിർബന്ധമായും പാർട്ടിയുടെ പേരോ ചിഹ്നമോ അടങ്ങിയ ബേഡ്ജ് ധരിക്കരുത്. വോട്ടർമാരല്ലാതെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുള്ള വ്യക്തികൾക്കും പോളിംഗ് ബൂത്തിൽ കയറാവുന്നതാണ്. പോളിംഗ് ബൂത്തിന്റെ 100 മീറ്റർ പരിധിക്കുള്ളിൽ ഒരു തരത്തിലുള്ള രാഷ്ട്രീയ പ്രചാരണ പരിപാടികളും വോട്ട് സ്വാധീനിക്കുന്നതിനുള്ള സംവിധാനങ്ങളും നടത്താൻ പാടില്ല.

സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ
രാജ്യത്തെ ജനങ്ങളെ വൻതോതിൽ സ്വാധീനിക്കുന്ന ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ ശക്തമായ രീതിയിൽ നിരീക്ഷിക്കുന്നുണ്ട്. ഈ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതലാണ് സോഷ്യൽ മീഡിയാ നിരീക്ഷണ സംവിധാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിക്കുന്നത്. ഒരു മലയാളി ഉൾപ്പെടെ ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ മൂന്ന് പേർ ഉൾപ്പെട്ട സമിതിയാണ് ഇക്കാര്യത്തിന് മേൽനോട്ടം വഹിക്കുന്നത്. ഇനി സോഷ്യൽ മീഡിയകളിലെ ഇടപെടലുകളും ചട്ടത്തിന്റെ പരിധിയിൽ വരും. വോട്ടർമാർക്ക് പരാതി സമർപ്പിക്കാൻ മൊബൈൽ ആപ്പും പരാതികളിൽ കുറഞ്ഞസമയത്തിനകം നടപടി പൂർത്തിയാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.

ഭരണകക്ഷിക്ക് നിയന്ത്രണങ്ങൾ
സർക്കാറുകളുടെ ഭരണനേട്ടങ്ങൾ പൊതു മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാൻ പാടില്ല, മന്ത്രിമാരോ മറ്റു ഭരണാധികാരികളോ ഒരു തരത്തിലുമുള്ള പ്രഖ്യാപനങ്ങളോ സാമ്പത്തികമായ ഗ്രാൻഡുകളോ ഉറപ്പുകളോ നൽകാൻ പാടില്ല, പൊതുവിടങ്ങൾ മുഴുവൻ രാഷ്ട്രീയ പാർട്ടികൾക്ക് കൂടി പ്രചാരണത്തിന് ഉപയോഗിക്കാൻ തരത്തിൽ ക്രമീകരിക്കണം. ഭരണ കക്ഷി ഒരിക്കലും അവരുടെ അധികാരം ഉപയോഗിച്ച് ഇത്തരം സ്ഥലങ്ങൾ ഏകപക്ഷീയമായി പിടിച്ചെടുക്കാൻ പാടില്ല, എം പിമാരുടെയും മന്ത്രിമാരുടെയും ഔദ്യോഗിക സന്ദർശനങ്ങൾ ഒരിക്കലും പ്രചാരണ പരിപാടികൾക്കോ പാർട്ടി പരിപാടികൾക്കോ ഉപയോഗിക്കാൻ പാടില്ല.
സർക്കാറിന്റെ ഒരു വിധ കാര്യങ്ങളും പ്രചാരണത്തിന് ഉപയോഗിക്കരുത്.
ഭരണ കക്ഷികൾക്ക് മേൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങിയത് 1979 മുതലാണ്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും അധികാര പാർട്ടികൾക്ക് ബാധകമാകുന്ന രീതിയിലാണ് ചട്ടം കൊണ്ടുവന്നത്.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചാൽ?
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാൽ ആദ്യഘട്ടമായി കമ്മീഷൻ രാഷ്ട്രീയ പ്രവർത്തകർക്കും പാർട്ടികൾക്കും നോട്ടീസ് സമർപ്പിക്കും. നോട്ടീസ് ലഭിച്ചാൽ അവർക്ക് അതിന് മറുപടി സമർപ്പിക്കാനാകും. തുടർന്ന് പരാതി പ്രകാരം കുറ്റക്കാരനാണെന്ന് സ്വമേധയാ സമ്മതിച്ചാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖാമൂലം ശാസിക്കും. വളരെ വലിയ അതിക്രമങ്ങളാണ് നടന്നതെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചോ ഇൻകം ടാക്‌സ് ആക്ട് അനുബന്ധമാക്കിയോ കേസെടുക്കാവുന്നതാണ്. വർഗീയമായ രീതിയിൽ വികാരം രൂപപ്പെടുത്തിയോ പണം നൽകിയോ വോട്ട് തേടിയാൽ കമ്മീഷൻ ശക്തമായ നടപടികൾ സ്വീകരിക്കുംതിരഞ്ഞെടുപ്പ് സമയത്ത് പെരുമാറ്റച്ചട്ടം ലംഘിച്ചാൽ അത് സാധാരണ പാർട്ടിക്ക് പിന്നീട് ദോഷം ചെയ്യുമെന്നതാണ് പ്രധാനം. സ്ഥാനാർഥികളുടെയോഗ്യതയുൾപ്പെടെയുള്ള നടപടിക്ക് അത് കാരണമായേക്കും. ഇതിന് പുറമെ ജനങ്ങൾക്കിടയിൽ പാർട്ടിയെയോ സ്ഥാനാർഥിയെയോ മോശമായ രീതിയിൽ എതിർ പാർട്ടിക്കാർ ഉപയോഗിക്കുമെന്നതിനാൽ മുഴുവൻ പാർട്ടികളും സ്ഥാനാർഥികളും കമ്മീഷന്റെ പെരുമാറ്റച്ചട്ട ലംഘനങ്ങൾ ശ്രദ്ധിക്കാൻ നിർബന്ധിതരാകും. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് കാലത്ത് ചിഹ്നം ഉയർത്തിക്കാട്ടിയ നരേന്ദ്ര മോദിക്കെതിരെ രണ്ട് എഫ് ഐ ആറുകൾ എടുത്തിരുന്നു.

നിരീക്ഷകർ റെഡിയാണ്
തിരഞ്ഞെടുപ്പ് നടപടികൾക്കിടെ എന്തെങ്കിലും തരത്തിലുള്ള പരാതികൾ ഉയർന്നാൽ പരിഹരിക്കാനും തിരഞ്ഞെടുപ്പ് നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. പൗരന്മാർക്കും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരെ സമീപിക്കാനാകും.

ഖാസിം എ ഖാദർ

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest