വിസക്ക് അപേക്ഷിക്കുമ്പോള്‍ വ്യക്തമായ മേല്‍വിലാസം നല്‍കണം

Posted on: March 13, 2019 8:41 pm | Last updated: March 13, 2019 at 8:41 pm

ദുബൈ: വിസക്ക് അപേക്ഷിക്കുമ്പോള്‍ വ്യക്തമായ മേല്‍വിലാസം നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി ഡിആര്‍ എഫ് എ ദുബൈ) ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മര്‍റി അറിയിച്ചു. വിസാ സേവനങ്ങള്‍ തേടുന്ന ആളുകള്‍ അവ്യക്തമായ മേല്‍വിലാസം നല്‍കിയാല്‍ സ്വാഭാവികമായും നടപടികള്‍ക്ക് കാലതാമസം വരും. ശരിയായ മേല്‍വിലാസങ്ങള്‍ വിസാ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കും. ആളുകള്‍ അമര്‍ സെന്ററുകള്‍ വഴി എമിഗ്രേഷന്‍ ഡിപ്പാര്‍ട്‌മെന്റിലേക്ക് സമര്‍പിക്കുന്ന രേഖകളില്‍ ശരിയായ മേല്‍വിലാസങ്ങള്‍, ഇമെയില്‍ ഐ ഡി, മൊബൈല്‍ നമ്പര്‍, മറ്റുവിവരങ്ങള്‍ എല്ലാം കൃത്യമാണെന്ന് പരിശോധിച്ചു ഉറപ്പുവരുത്തണം. ഈ വിവരങ്ങള്‍ക്കനുസരിച്ചാണ് അപേക്ഷ. നടപടിയുടെ ഓരോ ഘട്ടവും വകുപ്പ് ഉപയോക്താകളെ അറിയിക്കുന്നത്. അപേക്ഷിച്ച വിവരങ്ങള്‍ ശരിയാണെന്ന് സേവനം തേടുന്നവര്‍ എപ്പോഴും ശ്രദ്ധിക്കണം.

ഏറ്റവും വേഗത്തിലാണ് ദുബൈയില്‍ വിസാ നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കുന്നത്. ഉപയോക്താക്കള്‍ക്ക് എല്ലായ്‌പ്പോഴും സന്തോഷകരമായ സേവനങ്ങള്‍ നല്‍കാനാണ് വകുപ്പ് ശ്രദ്ധിക്കുന്നത്.
ചില സമയങ്ങളില്‍ ഉപയോക്താക്കള്‍ നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ക്ക് മേല്‍ നടപടികള്‍ കാലതാമസം വരുന്നുണ്ട്. അപേക്ഷകര്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കാനും അപേക്ഷിച്ചത് ശരിയായാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ദുബൈ എമിഗ്രേഷന്‍ വകുപ്പ് ജനങ്ങളെ ഓര്‍മപ്പെടുത്തി. നിങ്ങളുടെ അപേക്ഷയിലെ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണെന്ന് വകുപ്പ് വ്യക്തമാക്കി. അപേക്ഷകള്‍ ടൈപ്പ് ചെയ്താല്‍ അവസാനം എമിഗ്രേഷനിലേക്ക് സമര്‍പിക്കുന്നതിന് മുമ്പ് വിവരങ്ങള്‍ ശരിയാണെന്ന് ശ്രദ്ധിക്കുന്നത് വേഗത്തിലും സന്തോഷകരവുമായുള്ള വിസാ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നു.

യു എ ഇയില്‍ ദീര്‍ഘകാല വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍: 50 ലക്ഷം ദിര്‍ഹമോ അതിലധികമോ മൂല്യത്തിന്റെ നിക്ഷേപമുള്ളവര്‍ക്ക് അഞ്ച് വര്‍ഷംവരെ വിസ ലഭിക്കും. പൊതുമേഖലയില്‍ നിക്ഷേപം, അറിയപ്പടുന്ന സ്ഥാപനം, ഒരു കോടി ദിര്‍ഹത്തിലധികം വ്യവസായപങ്കാളിത്തം അല്ലെങ്കില്‍ മൊത്തം ഒരു കോടി ദിര്‍ഹത്തിലധികം നിക്ഷേപവും ഉള്ളവര്‍ക്ക് പത്തുവര്‍ഷത്തെ വിസ ലഭിക്കും. ബിസിനസ് പങ്കാളിയാവുകയാണെങ്കില്‍ മൊത്തം നിക്ഷേപത്തിന്റെ 60 ശതമാനത്തില്‍ കൂടുതലുണ്ടാവണമെന്നും ഒരു കോടി ദിര്‍ഹത്തില്‍ കുറയാന്‍ പാടില്ലെന്നും വ്യക്തമാക്കുന്നു. മുഴുവന്‍ ആസ്തിയും വ്യക്തിയുടെ സ്വന്തം നിക്ഷേപം ആയിരിക്കണം.
ലോണ്‍ എടുത്തതോ കടം വാങ്ങിയതോ ആവരുത്. ഇത് വ്യക്തമായ രേഖകളോടെ തെളിയിക്കണം. നിക്ഷേപിച്ച ഒരു കോടി ദിര്‍ഹം കുറഞ്ഞത് മൂന്നു വര്‍ഷത്തേക്ക് പിന്‍വലിക്കാനും പാടില്ലെന്നും വ്യവസ്ഥയുണ്ട്. വ്യവസായികളെയും രണ്ട് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. കുറഞ്ഞത് അഞ്ച് ലക്ഷം ദിര്‍ഹം മുതല്‍മുടക്കുള്ള സംരംഭം മുമ്പേ നടത്തിയിരിക്കണം. അല്ലെങ്കില്‍ യു എ ഇയില്‍ വ്യവസായം ചെയ്യാനുള്ള അംഗീകാരം ബന്ധപ്പെട്ട വകുപ്പില്‍നിന്ന് ലഭിച്ചയാളായിരിക്കണം. ഇതിന് അഞ്ചുവര്‍ഷം വരെയുള്ള വിസ ലഭിക്കും. വ്യവസായികള്‍ക്കും വ്യവസായ പങ്കാളികള്‍ക്കും മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കും പങ്കാളിക്കും മക്കള്‍ക്കും ഈ വിസാ ആനുകൂല്യം ലഭിക്കും.

ഡോക്ടര്‍, സ്‌പെഷ്യലിസ്റ്റ്, ശാസ്ത്രജ്ഞര്‍, കലാസാംസ്‌കാരിക വിദഗ്ധര്‍ തുടങ്ങിയവര്‍ക്കും അവരുടെ ജീവിതപങ്കാളിക്കും മക്കള്‍ക്കും അഞ്ചുവര്‍ഷത്തെ വിസയാണ് ലഭിക്കുക.ഡോക്ടര്‍മാര്‍ക്കും വിദഗ്ധര്‍ക്കും ഈ ആനുകൂല്യത്തിന് നിബന്ധനകളുണ്ട്. ഡോക്ടര്‍മാര്‍ ലോകത്തിലെ മികച്ച 500 യൂണിവേഴ്സിറ്റികളൊന്നില്‍നിന്നും പി.എച്ച്.ഡി. സ്വന്തമാക്കിയവരായിക്കണം.ജോലിയില്‍ മികവിന്റെ അംഗീകാരം ലഭിച്ചവരും ശാസ്ത്രീയ പുരോഗതിയില്‍ സംഭാവനകള്‍ നല്‍കിയവരും ശാസ്ത്ര പുസ്തകങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചവരും പത്ത് വര്‍ഷത്തിലധികം പ്രവര്‍ത്തിപരിചയമുള്ളവരുമായിരിക്കണം. ഇവര്‍ക്ക് കാലാവധിയുള്ള യു.എ.ഇ. തൊഴില്‍കരാര്‍ ഉണ്ടായിരിക്കണം. യു എ ഇക്ക് ആവശ്യമുള്ള വിഷയങ്ങളില്‍ വൈദഗ്ധ്യമുള്ള സ്‌പെഷ്യലിസ്റ്റുകള്‍ക്കും മുന്‍ഗണനയുണ്ട്. ശാസ്ത്രജ്ഞര്‍ക്ക് എമിറേറ്റ്സ് സയന്റിസ്റ്റ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചിരിക്കണം.
ശാസ്ത്രരംഗത്തെ മികവിനുള്ള ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് മെഡല്‍ നേടിയവര്‍ക്കും വിസാ ആനുകൂല്യം ലഭിക്കും. സാംസ്‌കാരിക വൈജ്ഞാനിക മന്ത്രാലയത്തിന്റെ അംഗീകാരംലഭിച്ച കലാ-സാംസ്‌കാരികരംഗങ്ങളില്‍നിന്നുള്ള വ്യക്തിത്വങ്ങള്‍ക്കും അന്തരാഷ്ട്ര കമ്പനികളുടെ ഉടമകള്‍ക്കും ഉന്നതവിദ്യാഭ്യാസരംഗത്ത് മികച്ചനേട്ടം കൈവരിച്ചവര്‍ക്കും അപൂര്‍വവിഷയങ്ങളില്‍ എന്‍ജിനീയര്‍ ബിരുദമുള്ളവരും ദീര്‍ഘകാലവിസക്ക് അര്‍ഹരായിരിക്കും. സെക്കന്‍ഡറിക്കും അതിന് മുകളിലും പഠിക്കുന്ന 95 ശതമാനം മാര്‍ക്കുനേടിയ വിദ്യാര്‍ഥികള്‍ക്കും അഞ്ചു വര്‍ഷത്തെ വിസ ലഭിക്കും.