അക്രമി സംഘം തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ട നിലയില്‍

Posted on: March 13, 2019 7:38 pm | Last updated: March 13, 2019 at 11:25 pm

തിരുവനന്തപുരം: അക്രമി സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ ക്രൂരമായ മര്‍ദനമേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊഞ്ചിറവിള സ്വദേശി അനന്തുവാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ബൈക്കില്‍ കരമന ഭാഗത്തേക്ക് പോവുകയായിരുന്ന അനന്തുവിനെ തിരുവനന്തപുരം അരശ്ശുമൂട് ഭാഗത്ത്‌നിന്നാണ് രണ്ടംഗ സംഘം ബൈക്കില്‍ കയറ്റിക്കൊണ്ടുപോയത്.

അനന്തുവിനെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ചൊവ്വാഴ്ച രാത്രിയോടെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് രാവിലെ കരമന വനിതാ പോളിക്ക് സമീപമുള്ള കാട്ടില്‍ അനന്തുവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. തളി ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.