പൊള്ളാച്ചി പീഡനം: അന്വേഷണം സി ബി ഐക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനം

Posted on: March 12, 2019 10:34 pm | Last updated: March 13, 2019 at 10:44 am

ചെന്നൈ: തമിഴ്‌നാട്ടില്‍ വന്‍ കോളിളക്കമുണ്ടാക്കിയ പൊള്ളാച്ചി ലൈംഗിക പീഡനക്കേസിന്റെ അന്വേഷണം സി ബി ഐക്കു കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കേസ് നേരത്തെ സി ബി സി ഐ ഡിക്കു കൈമാറിയിരുന്നു. എന്നാല്‍, പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് നിലപാടു മാറ്റം. സംഭവത്തില്‍ എ ഐ എ ഡി എം കെ സര്‍ക്കാറിന്റെ പങ്ക് അന്വേഷിക്കണമെന്നും കേസ് സി ബി ഐക്കു കൈമാറണമെന്നും ആവശ്യപ്പെട്ട് ഡി എം കെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

അറുപതോളം പെണ്‍കുട്ടികളാണ് ശബരീഷ്, തിരുനാവരശ്, സതീഷ്, വസന്തകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പീഡനത്തിനിരയായത്. ഇവര്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. കേസില്‍ ഇതുവരെ എട്ടുപേരെ അറസ്റ്റ് ചെയ്തു. ഏഴു വര്‍ഷത്തിനിടെയാണ് ഇത്രയും പെണ്‍കുട്ടികളെ വലയില്‍ ചാടിച്ച് സംഘം പീഡനം നടത്തിയത്. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു ചെയ്തിരുന്നത്.

പീഡനത്തിനിരയായ പൊള്ളാച്ചി സ്വദേശിയായ കോളജ് വിദ്യാര്‍ഥിനി പരാതി നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന പീഡന സംഭവം പുറത്തറിഞ്ഞത്. പ്രതികളിലൊരാളായ തിരുനാവരശ് ഈ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും പ്രണയാഭ്യര്‍ഥന നടത്തിയ ശേഷം സംസാരിക്കാനെന്നു പറഞ്ഞു വിളിച്ചു വരുത്തുകയും ചെയ്തു. തുടര്‍ന്ന് നിര്‍ബന്ധിച്ചു കാറില്‍ കയറ്റുകയും തിരുനാവരശും വഴിയില്‍ വച്ചു കയറിയ മറ്റു മൂന്നു പേരും കൂടി ചേര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പെണ്‍കുട്ടിയെ പിന്നീട് വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.