ജീവിതം നരകതുല്യമാക്കുമെന്ന് രാകേഷ് അസ്താന ഭീഷണിപ്പെടുത്തി: ക്രിസ്ത്യന്‍ മിഷേല്‍

Posted on: March 12, 2019 10:17 pm | Last updated: March 13, 2019 at 9:26 am

ന്യൂഡല്‍ഹി: ജീവിതം നരകതുല്യമാക്കുമെന്ന് സി ബി ഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേല്‍. ദുബൈയില്‍ വച്ച് തന്നെ കണ്ട അസ്താന സി ബി ഐ പറയുന്നതുപോലെ കേട്ടില്ലെങ്കില്‍ നരകിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് മിഷേല്‍ ഡല്‍ഹി കോടതി മുമ്പാകെ പറഞ്ഞു.

നിരവധി കശ്മീരി വിഘടനവാദികള്‍ക്കൊപ്പമാണ് തന്നെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും തന്റെ അടുത്ത സെല്ലിലെ തടവുകാരന്‍ കൊടും കുറ്റവാളി ഛോട്ടാ രാജനാണെന്നും മിഷേല്‍ കോടതിയില്‍ പരാതിപ്പെട്ടു. ഈ രീതിയില്‍ ജയിലില്‍ പാര്‍പ്പിക്കാന്‍ മാത്രം താന്‍ എന്തു തെറ്റാണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു.

ജയിലിനകത്ത് മാനസിക പീഡനം നേരിടുന്നതായി മിഷേല്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ജയിലിനുള്ളിലെ സി സി ടി വി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ജയില്‍ അധികൃതരോട് കോടതി ആവശ്യപ്പെട്ടു. ജയിലിനുള്ളില്‍ മിഷേലിനെ ജയില്‍ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് പ്രത്യേക ജഡ്ജി അരവിന്ദ് കുമാര്‍ അനുമതി നല്‍കി. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് മിഷേലിനെ ചോദ്യം ചെയ്യും. രാവിലെയും വൈകിട്ടും 30 മിനുട്ട് വീതം അഭിഭാഷകനുമായി മിഷേലിന് കൂടിക്കാഴ്ച നടത്താമെന്നും കോടതി നിര്‍ദേശിച്ചു.