Kerala
വിശദീകരണവുമായി മാണി; ചാഴിക്കാടന് സീറ്റ് നല്‍കിയത് പ്രവര്‍ത്തകരുടെ വികാരമനുസരിച്ച്

കോട്ടയം: തോമസ് ചാഴിക്കാടന് സീറ്റ് നല്‍കിയത് പ്രവര്‍ത്തകരുടെ വികാരം അനുസരിച്ചുള്ള തീരുമാനമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി. എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവാണ് തോമസ് ചാഴിക്കാടന്‍. ജോസഫിനെതിരെ പാര്‍ലിമെന്റ് മണ്ഡലം കമ്മിറ്റിയുടെ എതിര്‍പ്പുണ്ടായിരുന്നു. പ്രവര്‍ത്തകരുടെ വികാരം ജോസഫ് ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷ. ജോസഫ് വൈകാരികമായി പ്രതികരിക്കുന്ന ആളല്ല. പി ജെ ജോസഫുമായും മോന്‍സ് ജോസഫുമായും സംസാരിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ ഭംഗിയായി പരിഹരിക്കപ്പെടുമെന്നും മാണി വ്യക്തമാക്കി.
നേരത്തെ, തനിക്ക് സീറ്റ് നിഷേധിച്ചതില്‍ കടുത്ത അമര്‍ഷമുണ്ടെന്ന് പി ജെ ജോസഫ് പറഞ്ഞിരുന്നു. മുന്നണിയിലെ മറ്റ് കക്ഷികളുടെ അഭിപ്രായം പോലും അവഗണിച്ചു. കേട്ടുകേള്‍വിയില്ലാത്ത വിധമാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. അസാധാരണമായ തീരുമാനമാണിത്. ജില്ലക്ക് പുറത്തുനിന്നൊരാള്‍ മത്സരിക്കാന്‍ പാടില്ലെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. റോഷി അഗസ്റ്റില്‍ ഇടുക്കിയില്‍ മത്സരിച്ചത് ജില്ല മാറിയല്ലേയെന്നും ജോസഫ് ചോദിച്ചു. തീരുമാനം പാര്‍ട്ടി തിരുത്തുമെന്നാണ് പ്രതീക്ഷ. മത്സരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യുഡിഎഫ് നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.
കേരളാ കോണ്‍ഗ്രസ് എം നേതാവ് തോമസ് ചാഴിക്കാടന്‍ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് കെ എം മാണിയാണ് അറിയിച്ചത്. പി ജെ ജോസഫ് വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പും സമ്മര്‍ദവും മറികടന്നാണ് തീരുമാനം. കോട്ടയം സീറ്റില്‍ മത്സരിക്കണമെന്ന വര്‍ക്കിംഗ് പ്രസിഡന്റുകൂടിയായ പി ജെ ജോസഫിന്റെ ആവശ്യം അംഗീകരിക്കാത്ത മാണി വിഭാഗത്തിന്റെ നിലപാടില്‍ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തിയിലാണ്.