Connect with us

Ongoing News

മത്സരിക്കാനില്ല; പുതു തലമുറക്കു വേണ്ടി വഴിമാറുന്നു: ശരദ് പവാര്‍

Published

|

Last Updated

പൂനെ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനം മാറ്റി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. തന്റെ അനന്തരവന്‍ അജിത് പവാറിന്റെ മകന്‍ പാര്‍ഥ് പവാറിന് മത്സരിക്കുന്നതിനായി വഴിമാറുകയാണെന്ന് പൂനെയില്‍ ഉയര്‍ന്ന പാര്‍ട്ടി നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കു ശേഷം അദ്ദേഹം പറഞ്ഞു.

“മത്സരിക്കുന്ന കാര്യം കുടുംബവുമായി ചര്‍ച്ച ചെയ്തിരുന്നു. പുതിയ തലമുറയിലെ അംഗങ്ങള്‍ക്ക് അവസരം നല്‍കണമെന്ന തീരുമാനത്തിലാണ് ഞങ്ങളെത്തിയത്. ഞാന്‍ മത്സരിക്കാന്‍ ഉദ്ദേശിച്ച മാവലില്‍ പാര്‍ഥ് പവാറിന് സ്ഥാനാര്‍ഥിത്വം നല്‍കണമെന്ന് പാര്‍ട്ടിയുടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെടുന്നുണ്ട്.”- ശരദ് പവാര്‍ പറഞ്ഞു.

“14 തവണ മത്സരിച്ചു കഴിഞ്ഞു. സ്ഥാനാര്‍ഥിയാകേണ്ടതില്ലെന്ന് തീരുമാനിക്കാന്‍
ഉചിതമായ സമയം ഇതാണ്. എന്റെ കുടുംബത്തില്‍ നിന്ന് രണ്ടുപേര്‍ മത്സരിക്കാനിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.”

ശരദ് പവാറിന്റെ മകളും സിറ്റിംഗ് എം പിയുമായ സുപ്രിയ പവാറും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.
പാര്‍ഥ്, അജിത്, സഹോദരന്‍ അപ്പാ സാഹേബിന്റെ ചെറുമകന്‍ രോഹിത് പവാര്‍ എന്നിവരൊന്നും മത്സരിക്കില്ലെന്നും താന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്നും കഴിഞ്ഞ മാസം ശരദ് പവാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ വിവിധ തലങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് അദ്ദേഹം നിലപാട് മാറ്റിയത്.

Latest