റാസ് അല്‍ ഖൈമയില്‍ 497 വ്യാജ വ്യാപാര ലൈസന്‍സുകള്‍ കണ്ടെത്തി

Posted on: March 11, 2019 9:55 am | Last updated: March 11, 2019 at 9:55 am

റാസ് അല്‍ ഖൈമ: കഴിഞ്ഞ വര്‍ഷം എമിറേറ്റില്‍ 497 വ്യാജ വ്യാപാര ലൈസന്‍സുകള്‍ കണ്ടെത്തിയതായി റാക് സാമ്പത്തിക വകുപ്പ് അധികൃതര്‍ അറിയിച്ചു. സാമ്പത്തിക വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളിലാണ് വ്യാജ ലൈസന്‍സുകള്‍ കണ്ടെത്തിയത്.
വ്യാപാര മേഖലയിലെ സുരക്ഷക്കും വളര്‍ച്ചക്കും ആവശ്യമായ നടപടികളുടെ ഭാഗമായിരുന്നു പരിശോധനകളെന്ന് സാമ്പത്തിക വകുപ്പിന് കീഴിലെ കമേഴ്‌സ്യല്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് മോണിറ്ററിംഗ് വിഭാഗം ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഫൈസല്‍ അല്‍യൂന്‍ അറിയിച്ചു. എമിറേറ്റിലെ വ്യാപാര മേഖലയുടെ സുരക്ഷിതത്വത്തിനാവശ്യമായ മുഴുവന്‍ നടപടികളും സാമ്പത്തിക വകുപ്പ് കൈകൊള്ളും. വ്യാപാര രംഗത്തെ തട്ടിപ്പുകളെയും വ്യാജന്മാരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എമിറേറ്റിലെ വ്യാപാര മേഖല നേരിടുന്ന സുപ്രധാന പ്രശ്‌നമാണ് വ്യാജ ലൈസന്‍സുകള്‍. പുതിയ ലൈസന്‍സുകള്‍ക്കുള്ള അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപന സന്ദര്‍ശനം പൂര്‍ത്തിയാക്കി ലൈസന്‍സ് നല്‍കിയ ശേഷം ഓഫീസ് ഒഴിവാക്കുന്നതാണ് വ്യാജ ലൈസന്‍സുകാരുടെ രീതി. ഇത്തരം ഓഫീസില്ലാ ലൈസന്‍സുകള്‍ 497 എണ്ണമാണ് കഴിഞ്ഞ വര്‍ഷം കണ്ടെത്തിയത്. 2017നെ അപേക്ഷിച്ച് കാര്യമായ കുറവായിരുന്നു ഇത്. 2017ല്‍ ഇത്തരത്തിലുള്ള 725 വ്യാജ ലൈസന്‍സുകളാണ് അധികൃതര്‍ കണ്ടെത്തിയിരുന്നത്.
ഇത്തരം വ്യാജന്മാരെ കണ്ടെത്താനുള്ള സാമ്പത്തിക വകുപ്പിന്റെ പരിശോധനകള്‍ തുടരുമെന്നും വ്യാപാര ലൈസന്‍സുകളുടെ കാര്യത്തില്‍ നിയമം ലംഘിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ വകുപ്പിനെ അറിയിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോടഭ്യര്‍ഥിച്ചു.