മാതാപിതാക്കള്‍ ഒഴിവാക്കിയ കുട്ടികള്‍ക്ക് രക്ഷിതാക്കളെ കണ്ടെത്തി അജ്മാന്‍ പോലീസ്

Posted on: March 10, 2019 8:21 pm | Last updated: March 10, 2019 at 8:21 pm

അജ്മാന്‍: മാതാപിതാക്കളെ കാണാതായ രണ്ട് കുട്ടികള്‍ക്ക് രക്ഷിതാക്കളെ കണ്ടെത്തി നല്‍കി അജ്മാന്‍ പോലീസ്. 16 മാസമായി രക്ഷിതാക്കളെ കുറിച്ച് വിവരവുമില്ലാതായ കുട്ടികള്‍ക്കാണ് സഹായവുമായി അജ്മാന്‍ പോലീസ് എത്തിയത്. ഇവരുടെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്ന എത്യോപ്യന്‍ തൊഴിലാളിയാണ് കുട്ടികളെ നോക്കിയിരുന്നത്. ജീവനക്കാരിയുമായുള്ള കുട്ടികളുടെ താമസത്തെക്കുറിച് അയല്‍വാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നുവെന്ന് അജ്മാന്‍ പോലീസ് സോഷ്യല്‍ സെന്റര്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ വഫ ഖലീല്‍ അല്‍ ഹൊസാനി പറഞ്ഞു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ എത്യോപ്യന്‍ യുവതിക്കൊപ്പം താമസിക്കുന്നുണ്ടെന്നും അവരുടെ നില പരിതാപകരമാണെന്നും കണ്ടെത്തി. യുവതിയുടെ അപ്പാര്‍ട്‌മെന്റില്‍ പ്രവേശിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന്‍ന്റെ അനുമതി നേടുകയും പോലീസ് അവരുടെ താമസകേന്ദ്രത്തിലെത്തി കുട്ടികളെ മോചിപ്പിക്കുകയും ഇതില്‍ ഒരു കുട്ടിയുടെ അവസ്ഥ പരിതാപകരമായതിനാല്‍ അവരെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി.
2017 മുതല്‍ കുട്ടികളുടെ മാതാവ് തന്നെ വീട്ട് ജോലിക്കായി നിര്‍ത്തിയിരുന്നു. എന്നാല്‍ കുട്ടികളുടെ പിതാവ് ഒരു മയക്ക് മരുന്ന് കേസില്‍ പിടിയിലാവുകയും മാതാവിനെ ഇതേ കേസില്‍ പോലീസ് പിടികിട്ടാ പുള്ളിയായി പ്രഖ്യാപിക്കുകയും തന്റെ ഒരു സുഹൃത്തിന്റെ സഹായത്തോടെ ഒളിവില്‍ കഴിയുകയുമായിരുന്നുവെന്ന് എത്യോപ്യന്‍ യുവതി പോലീസിനോട് മൊഴി നല്‍കി.

മാതാവ് കുട്ടികളെ കയ്യൊഴിയുകയും എത്യോപ്യന്‍ യുവതിയുടെ കൈവശം ഏല്പിക്കുകയുമായിരുന്നുവെന്ന് ക്യാപ്റ്റിന്‍ വഫ പറഞ്ഞു.
കുട്ടികളെ സംരക്ഷിക്കുന്നതിനായി എത്യോപ്യന്‍ യുവതി തന്റെ ഒരു സുഹൃത്തിന്റെ സഹായം തേടുകയും രാത്രി അവരുടെ അപ്പാര്‍ട്‌മെന്റില്‍ കഴിഞ്ഞു കൂടുകയും പകല്‍ സമയങ്ങളില്‍ തൊഴിലിന് പോകുകയും കുട്ടികള്‍ക്ക് ഭക്ഷണവും വസ്ത്രവും വാങ്ങി നല്‍കുകയുമായിരുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടികളുടെ മുത്തശ്ശിയെ അല്‍ ഐനില്‍ നിന്നും കണ്ടെത്തി. എന്നാല്‍ കുട്ടികളെ മുത്തശ്ശിക്ക് ഏല്പിക്കുന്ന സമയത്തു എത്യോപ്യന്‍ യുവതിയെ വിട്ട് പിരിയുന്നതിന് കുട്ടികള്‍ സമ്മതിക്കാതിരിക്കുകയും കരയുകയും ചെയ്തുവെന്ന് അവര്‍ പറഞ്ഞു.

കുട്ടികളെ സംരക്ഷിക്കാന്‍ എത്യോപ്യന്‍ യുവതി കാണിച്ച മഹാ മനസ്‌കതക്ക് അജ്മാന്‍ പോലീസ് നന്ദി പറയുകയും എത്യോപ്യന്‍ യുവതിയുടെ മേല്‍ അബ്സ്‌കൗണ്ടിങ് കുറ്റം നില നിന്നിരുന്നത് ഒഴിവാക്കുകയും അവര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ് നല്‍കുകയും ചെയ്തുവെന്ന് ക്യാപ്റ്റിന്‍ വഫ പറഞ്ഞു.