ലുലുവില്‍ മുഖംമൂടി ആക്രമണം: രണ്ട് ആഫ്രിക്കക്കാര്‍ അറസ്റ്റില്‍

Posted on: March 10, 2019 8:12 pm | Last updated: March 10, 2019 at 8:12 pm

ഷാര്‍ജ: ഷാര്‍ജ അല്‍ ഫലാഹ് ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച ശ്രമം നടന്നതായി ഷാര്‍ജ പോലീസ് അറിയിച്ചു.വ്യാഴം രാത്രി കഴിഞ്ഞാണ് കവര്‍ച്ച ശ്രമം. രണ്ടു ആഫ്രിക്കക്കാര്‍ മുഖം മൂടി ധരിച്ചെത്തി കാഷ്യറെ ആക്രമിക്കുകയായിരുന്നു. കാഷ്യര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കവര്‍ച്ച ചെറുക്കുന്നതിനിടയില്‍ തലക്കടിയേല്‍ക്കുകയായിരുന്നു. കവര്‍ച്ച നടത്തി കടന്നു കളയുന്നതിനു മുമ്പ് രണ്ടു ആക്രിമകളെയും പോലീസെത്തി പിടികൂടിയെന്നു ഷാര്‍ജ പോലീസ് മേധാവി മേജര്‍ ജനറല്‍ സൈഫ് അല്‍ സെരി അല്‍ ശംസി വ്യക്തമാക്കി.

ക്യാഷ് കൗണ്ടറില്‍ നിന്ന് പണമെടുത്ത് കടന്നു പുറത്തിറങ്ങിയ ആക്രമികള്‍ മുഖം മൂടി ഉപേക്ഷിച്ചുവെങ്കിലും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പരിസരത്തു ഒളിഞ്ഞിരിക്കുകയായിരുന്നു.
ഇവരുടെ കൈയില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നു. ഇവരെ കീഴ്‌പ്പെടുത്തുന്നതിനിടയില്‍ വസ്തുവകകള്‍ക്കോ ആളുകള്‍ക്കോ യാതൊരു കേടുപാടും സംഭവിച്ചില്ല. ആക്രമികള്‍ കുറ്റം സമ്മതിച്ചു. കൂടുതല്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്‍കിയതായും പോലീസ് മേധാവി അറിയിച്ചു. പരുക്കേറ്റ കാഷ്യറെ കുവൈത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.