മോദിക്കെതിരായ വിജയശാന്തിയുടെ പരാമര്‍ശം വിവാദമായി; അപലപിച്ച് ബി ജെ പിയും കോണ്‍ഗ്രസ് നേതാക്കളും

Posted on: March 10, 2019 4:16 pm | Last updated: March 10, 2019 at 6:21 pm

ഹൈദരാബാദ്: ബോംബാക്രമണം പ്രധാന മന്ത്രി നരേന്ദ്ര മോദി എപ്പോള്‍ നടത്തുമെന്ന ഭീതിയിലാണ് ജനങ്ങളെന്ന രീതിയില്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് വിജയശാന്തി നടത്തിയ പരാമര്‍ശം വിവാദമായി. ഷംഷാബാദില്‍ നടന്ന റാലിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു വിജയശാന്തിയുടെ പരാമര്‍ശം. ഇതിനെതിരെ ബി ജെ പി മാത്രമല്ല, രേണുക ചൗധരി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി.

‘മോദി നോട്ട് അസാധുവാക്കിയതു പോലെ ഏതു നിമിഷവും ബോംബാക്രമണം നടത്താന്‍ സാധ്യതയു
ണ്ട്. ജനങ്ങളെ സ്‌നേഹിക്കുകയല്ല, ഭയപ്പെടുത്തുകയാണ് പ്രധാന മന്ത്രി ചെയ്യുന്നത്. മോദിയും രാഹുലും തമ്മിലുള്ള പോരാട്ടമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടക്കുന്നത്. മോദി ഏകാധിപതിയെ പോലെ പെരുമാറുമ്പോള്‍ ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ് രാഹുല്‍ നടത്തുന്നത്. ജനാധിപത്യത്തെ മോദി തകര്‍ത്തത് അദ്ദേഹത്തിനെതിരെ ജനരോഷമുയരാന്‍ ഇടയാക്കിയിട്ടുണ്ട്.’- വിജയശാന്തി പറഞ്ഞു.

മോദിയെ ഭീകരനാണെന്ന് ആരോപിക്കുന്ന രീതിയില്‍ വിജയശാന്തി നടത്തിയ പ്രസ്താവനയെ ബി ജെ പി നേതൃത്വം ട്വിറ്ററില്‍ അപലപിച്ചു. പാക് ഭീകരരുടെ ആശങ്കകളും വേദനയുമാണ് കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകളില്‍ നിഴലിക്കുന്നതെന്നായിരുന്നു ബി ജെ പിയുടെ വിമര്‍ശം. ഇത്തരം പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരിയും പറഞ്ഞു. പരാമര്‍ശം നേരിട്ട് കേട്ടില്ലെങ്കിലും അങ്ങനെ പറഞ്ഞുവെന്നത് ശരിയാണെങ്കില്‍ അപലപനീയമാണ്. ഒരു പ്രധാന മന്ത്രിക്കെതിരെ ഇത്തരത്തിലുള്ള ഭാഷയില്‍ സംസാരിക്കുന്നത് ശരിയല്ലെന്നും രേണുക കൂട്ടിച്ചേര്‍ത്തു.