പത്തനംതിട്ടക്കായി സുരേന്ദ്രനും ശ്രീധരൻ പിള്ളയും; അവ്യക്തത നീങ്ങാതെ തൃശൂർ

തിരുവനന്തപുരം
Posted on: March 10, 2019 1:15 pm | Last updated: March 10, 2019 at 1:15 pm
കെ സുരേന്ദ്രന്‍, പി എസ് ശ്രീധരൻ പിള്ള

തിരുവനന്തപുരം: സീറ്റ് വിഭജനത്തിലും സ്ഥാനാർഥി നിർണയത്തിലും തീരുമാനമെടുക്കാൻ ബി ജെ പിയുടെ കോർ കമ്മിറ്റി യോഗം ഇന്ന് ചേരും. എൻ ഡി എയിലെ സീറ്റ് വിഭജനം പൂർത്തിയാകാത്ത സാഹചര്യത്തിൽ സ്ഥാനാർഥി നിർണയത്തിൽ അവ്യക്തത തുടരുന്ന സാഹചര്യത്തിലാണ് അന്തിമ തീരുമാനമെടുക്കാനായി നിർണായക കോർ കമ്മിറ്റി യോഗം ചേരുന്നത്.

ബി ജെ പി ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന തിരുവനന്തപുരം മണ്ഡലം നേരത്തെ നോട്ടമിട്ടിരുന്ന സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള കുമ്മനം രാജശേഖരന്റെ തിരിച്ചുവരവോടെ കൂടുതൽ സുരക്ഷിത മണ്ഡലം തേടുകയാണ്. എന്നാൽ സംസ്ഥാന അധ്യക്ഷൻ മത്സരിക്കുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. മിസോറാം ഗവർണർ സ്ഥാനം രാജിവച്ച് തിരിച്ചെത്തിയ കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് സ്ഥാനാർഥിത്വം ഉറപ്പിച്ചതോടെ പി എസ് ശ്രീധരൻ പിള്ള പത്തനംതിട്ടക്ക് വേണ്ടി നീക്കം ആരംഭിച്ചിട്ടുണ്ട്.

അതേസമയം പത്തനംതിട്ട ജില്ലാ ഘടകം സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ശബരിമല സമരം നയിച്ചതാണ് കെ സുരേന്ദ്രനെ ശ്രീധരൻ പിള്ളയെക്കാൾ ജില്ലാ ഘടകത്തിന് സ്വീകാര്യനാക്കിയത്.

നേരത്തെ പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിലാണ് സുരേന്ദ്രൻ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചത്. പക്ഷെ തുഷാർ വെള്ളാപ്പള്ളി മത്സരിക്കാൻ തയ്യാറായാൽ തൃശൂർ ബി ഡി ജെ എസിന് വിട്ടുകൊടുക്കാനാണ് ബി ജെ പിയുടെ തീരുമാനം. തിരഞ്ഞെടുപ്പിൽ ബി ഡി ജെ എസിന്റെ പങ്കാളിത്തം ഉറപ്പാക്കാൻ തുഷാറിനോട് മത്സരിക്കാൻ അമിത്ഷാ നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചർച്ചകൾക്കായി ഡൽഹിയിലുള്ള തുഷാർ അമിത്ഷായുമായി ഇന്ന് വീണ്ടും ചർച്ച നടത്തുന്നുണ്ട്. അമിത് ഷാ ആവർത്തിച്ച് ആവശ്യപ്പെട്ടാൽ തുഷാർ തൃശൂർ മണ്ഡലത്തിൽ സ്ഥാനാർഥിയായെത്തും. ഇങ്ങനെ വന്നാൽ സുരേന്ദ്രന് പത്തനംതിട്ട തന്നെ ആശ്രയിക്കേണ്ടി വരും. എന്നാൽ പത്തനംതിട്ടക്കായി പി എസ് ശ്രീധരൻ പിള്ളയും ഉറച്ചുനിന്നാൽ സ്ഥാനാർഥി നിർണയം ബി ജെ പിക്ക് കീറാമുട്ടിയാകും.

നിലവിൽ കാസർകോട് മണ്ഡലത്തിൽ പി കെ കൃഷ്ണദാസ്, കണ്ണൂരിൽ സി കെ പത്മനാഭൻ, കോഴിക്കോട് എം ടി രമേശ്, ചാലക്കുടി എ എൻ രാധാകൃഷ്ണൻ, പാലക്കാട് ശോഭാസുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. സംസ്ഥാന നേതാക്കൾ നയിക്കുന്ന പരിവർത്തന യാത്രകൾ ഇന്ന് അവസാനിക്കുന്നതോടെ ബി ജെ പി തിരഞ്ഞെടുപ്പ് നടപടികളിൽ സജീവമാകും. ഇതിന് മുമ്പ് സീറ്റ് വിഭജനത്തിലും സ്ഥാനാർഥി നിർണയത്തിലും ധാരണയിലെത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം.