ചെളി

കഥ
Posted on: March 10, 2019 12:13 pm | Last updated: March 10, 2019 at 12:13 pm
ചിത്രീകരണം: അനീസ് കെ ടി

“ടെക്ക്.. ടക്ക്.. ടക്ക്..’ എന്താണ് സംഭവിക്കുന്നത്..? ക്രാ.. ക്രാ.. കാക്ക ഭീതിയോടെ താഴേക്കു നോക്കി. ഹമ്മേ.. ഇരിക്കുന്ന മരം ഇളകിമറിയുന്നു. ഇതെന്തു മറിമായം..? നോക്കുമ്പോൾ ചീറ്റപ്പുലിയുടെ വേഗതയിൽ കുത്തിയൊലിക്കുന്ന വെള്ളം. മണ്ണും മരങ്ങളും ഇളക്കിമറിച്ച്.. വീടും നാടും അടക്കിച്ചുറ്റി..
ദൈവമേ.. എന്തുചെയ്യും..? ചിന്തിച്ചു നിൽക്കാൻ സമയമില്ല. അടുത്ത മരത്തിലേക്ക് തന്നെ. തൊട്ടടുത്ത നിമിഷം അതും കടപുഴകി. ജീവനും കൊണ്ട് വീണ്ടും പറന്നകന്നു. ദൂരേക്ക്.. പിന്നെയും ദൂരേക്ക്.. കിതച്ചു കിതച്ച് വല്ല വിധേനയും മറ്റൊരു മരത്തിലേക്ക്.
മഴപെയ്യുന്നുണ്ട്. നാല് ദിവസമായി ഇതു തന്നെയാണല്ലോ. എത്രനാളായി സമാധാനത്തോടെ ഒന്നുറങ്ങിയിട്ട്..? കാക്ക മഴക്കു നേരെ പല്ലിറുമ്മി:
“എന്നെ കഷ്ടപ്പെടുത്താനൊരുങ്ങിയിരിക്കുകയാണോ പണ്ടാര മേേഴ..’
“ഹേയ് അങ്ങനെ പറയരുത്..’
എവിടെ നിന്നോ പറന്നു വന്ന കൊറ്റി തൊട്ടു മുന്നിൽ. എന്നും വംശീയാധിക്ഷേപം നടത്തി തന്നെ അപമാനിക്കാറുള്ള ഒരാൾ എന്തിനാണ് ഇന്ന് സേവ കൂടാൻ വന്നിരിക്കുന്നത്..?
“എത്രയോ കാലം മഴയില്ലാതെ വലഞ്ഞില്ലേ നമ്മൾ..? ഇപ്പോൾ കുറച്ചധികം ലഭിച്ചപ്പോഴേക്കും എന്തിന് ശപിക്കണം
..?’
“നിനക്ക് അങ്ങനെയൊക്കെ പറയാം. നഷ്ടങ്ങളെല്ലാം എനിക്കാണല്ലോ. അല്ലെങ്കിലും കറുത്തവർഗക്കാർ പറയുന്നതെന്തും എതിർക്കലല്ലേ നിന്റെയൊക്കെ സ്ഥിരം പരിപാടി..?’
കൊറ്റി ചൂളിപ്പോയി. ജാള്യതയോടെ കൊക്ക് വിടർത്തി:
“ഇപ്പോൾ തർക്കിക്കാനുള്ള നേരമല്ല. ഒരുമിക്കേണ്ട സമയമാണ്. കാട്ടിൽ സിംഹരാജന്റെ യോഗം നടക്കുന്നു. പക്ഷികളുടെത് നടക്കാനിരിക്കുന്നു. നാട്ടിൽ മനുഷ്യർ എപ്പോഴേ ഒരുമിച്ചുകഴിഞ്ഞു.’

“ഹേ..’ കാക്കയുടെ കണ്ണുകളിൽ ആശ്ചര്യം പെയ്തു: ‘അവർ ഒരുമിച്ചോ..? പരസ്പരം പകപോക്കലുകൾ നടത്താറുള്ള പണക്കാരായാൽ അഹങ്കരിക്കാറുള്ള ആ ഇരുകാലികളെ പറ്റി തന്നെയല്ലേ പറയുന്നത്..?’
“അതേടോ.. നീ വായോ.. നമുക്ക് എല്ലാം നേരിട്ടു കാണാം.’
അവർ ചിറകടിച്ച് വേഗം പറന്നു. തൊട്ടടുത്തുള്ള പട്ടണമായിരുന്നു ലക്ഷ്യം. എത്ര തിരഞ്ഞിട്ടും വെള്ളം പൊങ്ങിയ കുറെ പ്രദേശങ്ങളല്ലാതെ മറ്റൊന്നും കാണുന്നില്ല. പിന്നെയാണ് ആ പട്ടണം ഒരു പുഴയായി മാറിയത് അവർ മനസ്സിലാക്കിയത്.
യ്യോ.. അവർ അന്ധാളിച്ചു. സൂക്ഷിച്ചുനോക്കിയപ്പോൾ ഭീകരമായ കാഴ്ചകൾ. ഇടിഞ്ഞുവീണ മൺകൂനകൾ. കടപുഴകിയ വടവൃക്ഷങ്ങൾ. തകർന്നടിഞ്ഞ വീടുകൾ. വെള്ളത്തിൽ മുങ്ങിയും പൊങ്ങിയും ജീവന് വേണ്ടി കൈകാലിട്ടടിക്കുന്ന ആബാലവൃദ്ധങ്ങൾ. സ്വജീവൻ പോലും മറന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർ.
വീണ്ടും ചിറകടി. താഴേക്കു നോക്കുമ്പോൾ കാഴ്ച മങ്ങുന്നു. അരുവികൾ ആറുകളായിരിക്കുന്നു. ആറുകൾ സമുദ്രങ്ങളും. എന്ത്, ഏത് ഒന്നും തിരിച്ചറിയുന്നില്ല. എല്ലാത്തിനും ഒരൊറ്റ നാമം. പ്രളയം. കാക്കക്ക് സങ്കടം സഹിക്കാനായില്ല. വെള്ളത്തിന് നേരെ ക്രാ ക്രാ എന്ന് കരഞ്ഞ് ആക്രോശിച്ചു:
“എന്ത് അതിക്രമമാണ് നീ കാണിക്കുന്നത്..? സ്വസ്ഥമായി ഒഴുകാൻ പുഴകളും തോടുകളും ഉണ്ടായിട്ടും എന്തിനാണ് കരയിൽ കയറി പാവപ്പെട്ട മനുഷ്യരെ കഷ്ടപ്പെടുത്തുന്നത്..?’
പുഴയാണ് മറുപടി പറഞ്ഞത്: ‘ഞാൻ കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഒരു ശുദ്ധികലശം നടത്താൻ തീരുമാനിച്ചു. കണ്ടില്ലേ എന്നിൽ വലിച്ചെറിയപ്പെട്ട മാലിന്യങ്ങൾ ഓരോ വീട്ടുപടിക്കലും ഞാൻ തിരിച്ചെത്തിച്ചത്. എനിക്കൊന്നേ പറയാനുള്ളൂ.. വികസനം എന്റെ നെഞ്ചത്ത് ചവുട്ടി വേണ്ട.’
അപ്പുറത്ത് നിന്നും ഭൂമിയുടെ പിറുപിറുപ്പ്: ‘വായുവും ജലവും അന്നവും നൽകി മക്കളെപ്പോലെ സംരക്ഷിച്ചവർ സ്വന്തം അമ്മക്കു നേരെ കൈ പൊക്കുമ്പോൾ പിന്നെ കൈ കെട്ടി നോക്കി നിൽക്കണോ..?’
അവർ വല്ലാതെ ഭയപ്പെട്ടു. ഇനി എന്തൊക്കെ കാണണം..! തൊട്ടടുത്തുള്ള ഗ്രാമത്തിലേക്ക് തിരിച്ചു. അവിടെ ഒരു ആൾക്കൂട്ടം. എന്താണ്..? ഒരു തുണിക്കഷ്ണം പോലും എടുക്കാൻ കഴിയാതെ പ്രാണൻ പൊതിഞ്ഞു കെട്ടി വീടു വിട്ടിറങ്ങിയവർ. അതിൽ വിദ്യാഭ്യാസമുള്ളവനും ഇല്ലാത്തവനുമുണ്ട്. പാവപ്പെട്ടവനും പണക്കാരനുമുണ്ട്. എല്ലാവരും ഒരിടത്ത് ഒരേ ഭക്ഷണം കഴിച്ച് ഒത്തൊരുമിച്ച്..
കുറച്ചപ്പുറത്ത് പള്ളിയും അമ്പലവും ചർച്ചും മലർക്കെ തുറന്നിട്ടിരിക്കുന്നു. ജാതി, മത, വർണ, വർഗ ഭേദമെന്യേ ആളുകൾ അവയുടെ ആവശ്യക്കാരാകുന്നു. സമത്വസുന്ദര കേരളം.
“മനുഷ്യർ എത്ര നിസ്സാരരാണ്. ഒരുപക്ഷേ നമ്മൾ പക്ഷികളേക്കാളും ബലഹീനർ.’ കൗതുകത്തോടെ കാഴ്ചകൾ കാണുന്ന കാക്കയെ നോക്കി കൊറ്റി പുലമ്പി: ‘പ്രകൃതി ഒന്നു തുമ്മിയപ്പോഴേക്കും എല്ലാം തകിടം മറിഞ്ഞു. പട്ടുമെത്തയിൽ കിടന്നവർ പുൽപ്പായയിലേക്ക് മാറി. പിണങ്ങി നിന്നവർ പരസ്പരം അടുത്തു. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ കൊമ്പു കോർത്തവർ ഒരു പാത്രത്തിൽ ഉണ്ടു. പരുക്കൻ തറയിൽ ആരൊക്കെയോ എത്തിച്ച കടലാസുകൾ വിരിച്ച് ഉറങ്ങി. ധൂർത്തടിച്ചു നടന്നവർ പോലും ഭക്ഷണപ്പൊതിക്കായ് കൈനീട്ടുന്നു. വർഗീയതയെയും തൊട്ടുകൂടായ്മയും ആർക്കുമില്ല.
“ശരിയാണ്. എനിക്കു ഞാൻ മതി, ഇത് എന്റെത് മാത്രമാണ് എന്നു വാദിച്ചു നടന്നവരാണ്, ഇപ്പോൾ “നാം,നമ്മുടെത്’ എന്നുരുവിടുന്നത്. മനുഷ്യരെല്ലാം ഒരുമയോടെ കഴിയുന്ന ഇതുപോലൊരു കാലം, എത്ര സുന്ദരമാണല്ലേ..?’ കാക്ക കൊറ്റിയുമായി സന്തോഷം പങ്കുവച്ചു.
അവർ രണ്ട് ഭാഗത്തേക്ക് പറന്നകന്നു. കുറച്ചു കഴിഞ്ഞപ്പോൾ പ്രളയവും തോർന്നു. എല്ലാം പഴയ പടിയായി. ഏറെ ദിവസങ്ങൾക്ക് ശേഷം, എവിടെ നിന്നോ പറന്നെത്തുകയായിരുന്നു കാക്ക. അവിടെയുണ്ട് കൊറ്റിയും. രണ്ട് പേർക്കും ഏറെ പറയാനുണ്ടായിരുന്നു. കൊക്കുകളിൽ പുഞ്ചിരി വിടർന്നു.
കൊറ്റി കുശലാന്വേഷണത്തിന് തുടക്കമിട്ടു:
“എവിടെ നിന്നാ..’
“അങ്ങാടി വരെ പോയതായിരുന്നു. കല്ലേറ് കൊണ്ട് തിരിച്ചു പോന്നു’
‘നിനക്ക് നാണമില്ലേ അന്യരുടെ ചീത്തയും വലിച്ചു നടക്കാൻ..?’
“എന്തു ചെയ്യാനാ.. എന്റെ പണി അതായിപ്പായില്ലേ..’

‘കഷ്ടം.. എന്നിട്ടും നീയൊരു ശകുനപ്പിഴയാണെന്ന് ഓർക്കുമ്പോഴാ.. കറുപ്പിന് ഏഴഴകെന്ന് ഗീർവാണമടിക്കുന്നവരും കറുപ്പിന് വേണ്ടി ശബ്ദിക്കുന്നവരും ക്രോ.. ക്രോ.. കേൾക്കുമ്പോഴേക്കും കല്ലെടുക്കും. ഒരിക്കലും ഒരഴുക്കും കൊത്തില്ലെന്നു തീരുമാനിച്ച് ബഹിഷ്‌കരിച്ചാൽ തീരാവുന്നതേയുള്ളൂ കറുമ്പീ..’
“ദേ.. ഒരു മാതിരി മനുഷ്യരുടെ സ്വഭാവമെടുക്കരുത്..’
പറഞ്ഞു തീരും മുമ്പേ കാക്കയുടെ അഭിമാനം ഇടപെട്ടു.
“ഹ..ഹ.. നിന്നെ പിന്നെ കറുമ്പീ എന്നല്ലാതെ വെളുമ്പീയെന്നു വിളിക്കണോ..? അതൊക്കെ പോട്ടെ, എന്താണ് മനുഷ്യരുടെ വർത്തമാനം..’
“മനുഷ്യരോ..? എന്ത് മനുഷ്യർ..? അവിടെ കുറേ ഭ്രാന്തന്മാരെയാണ് കണ്ടത്.’
“അത്രേയുള്ളൂ അവർ. രണ്ട് ദിവസം കഴിഞ്ഞപ്പോൾ പ്രളയത്തിന്റെ ചെളി ഒലിച്ചിറങ്ങി. അപ്പോഴേക്കും അവരുടെ ഉള്ളിലെ ചെളികളും പുറത്തിറങ്ങി. അതിപ്പോൾ ഒലിച്ചുകൊണ്ടേയിരിക്കുന്നു’.

കൊറ്റി ഇടംകണ്ണിട്ടു നോക്കി. കാക്ക കണ്ണടക്കാതെ സശ്രദ്ധം കുനിഞ്ഞു നിൽക്കുന്നു. കൊറ്റി തുടർന്നു:
“എന്തായാലും ഇന്നത്തെ തലമുറക്ക് ആശ്വസിക്കാം. വർഗീയതയും ജാതീയതയും കക്ഷിരാഷ്ട്രീയവും ഇല്ലാത്ത കുറച്ചു ദിനങ്ങളിലെങ്കിലും ജീവിക്കാൻ കഴിഞ്ഞല്ലോ എന്നോർത്ത്. അതൊരു പ്രളയകാലമായിരുന്നുവെന്നും എല്ലാവരും അന്ന് കേരളീയ തനിമ പുനഃസൃഷ്ടിച്ചിരുന്നുവെന്നും പല സ്ഥാപനങ്ങളും സാഹോദര്യത്തിന്റെ കേന്ദ്രങ്ങളായി മാറിയിരുന്നുവെന്നും മുത്തച്ഛന്മാർക്ക് കൊച്ചു കുട്ടികളോട് ഗമയിലിരുന്ന് പറയാം’.
കാക്ക എല്ലാം കേട്ട് തലയാട്ടി. പിന്നെ പരിഭവത്തോടെ:
“ഇനിയെന്നാണ് അത്തരമൊരു കാലം തിരിച്ചു വരിക..?’
ആ ചോദ്യം അവർക്കിടയിൽ അർഥഗർഭമായ മൗനം പരത്തി. കുറച്ചു കഴിഞ്ഞ് കൊറ്റി കൊക്കുകൾ പിളർത്തി:
“അടുത്ത പ്രളയം വരേണ്ടി വരും’.
.