Connect with us

Cover Story

കേരളത്തിനുണ്ട്, കമ്മ്യൂണിസ്റ്റ് മാനിഫസ്‌റ്റോയെക്കാള്‍ തീവ്രമായ സാമ്രാജ്യത്വവിരുദ്ധ മാനിഫെസ്റ്റോ

Published

|

Last Updated

ഡോ. കെകെഎന്‍ കുറുപ്പ്. ചിത്രം ശിഹാബ് പള്ളിക്കല്‍

? വയസ്സ് 80 പിന്നിട്ടു എന്നതിന്, ജീവിത ചരിത്രത്തിന്റെ വലിയൊരു ഭാഗം നടന്നുതീർത്തു എന്നും അർഥമുണ്ടല്ലോ. ചരിത്രകാരൻ, ഗവേഷകൻ, വിദ്യാഭ്യാസ വിചക്ഷണൻ, ഗ്രന്ഥകാരൻ തുടങ്ങിയ അനേകം വിശേഷണങ്ങൾക്ക് അർഹനായ താങ്കൾ അവശേഷിപ്പിച്ച പാദമുദ്രകൾ എന്തൊക്കെയെന്നാണ് തോന്നുന്നത്
രണ്ട് നൂറ്റാണ്ടുകളിലായി കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലറായിരുന്ന ചരിത്രകാരനാണ് ഞാൻ. സർവകലാശാലയുടെ ആധുനികവത്കരണം സാധ്യമാക്കുകയും അധ്യാപക പരിശീലന കോഴ്‌സ്, മാധ്യമപഠനം പോലുള്ളവയെ ഉടച്ചുവാർക്കുകയും ചെയ്തു. യൂനിവേഴ്‌സിറ്റിയിൽ ഫോക്‌ലോർ മൂവ്‌മെന്റ് നടപ്പാക്കാൻ സാധിച്ചു. ഹിസ്റ്ററി ഓഫ് പ്രസന്റ് മൂവ്‌മെന്റിനെ അക്കാദമിക്കൽ വിഷയമാക്കി മാറ്റിയതാണ് ചരിത്രകാരനെന്ന നിലയിൽ ഏറ്റവും വലിയ സംഭാവനയായി ഞാൻ വിലയിരുത്തുന്നത്. ജെ എൻ യുവിൽ ട്രേഡ് യൂനിയൻ മൂവ്‌മെന്റ് പ്രസന്റ് മൂവ്‌മെന്റ് ആണ്. ഇതിന് പരിശീലിപ്പിച്ച കുട്ടികളെയെല്ലാം നല്ല നിലയിൽ എത്തിക്കാൻ കഴിഞ്ഞു. നോളജ് ടു ദി വില്ലേജസ് ആയിരുന്നു യൂനിവേഴ്‌സിറ്റിയുടെ ലക്ഷ്യം. അതായത്, നഗര കേന്ദ്രങ്ങളിൽ നിന്നും യൂനിവേഴ്‌സിറ്റിയെ കൽപ്പറ്റ, വയനാട്, വടകര എന്നിങ്ങനെയുള്ള പ്രാന്തപ്രദേശങ്ങളിലേക്ക് എത്തിച്ചു.
പഴശ്ശി സമരങ്ങളെ കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും അവ മുഖ്യധാരയിലേക്ക് എത്തിച്ചതുമാണ് പ്രധാന സംഭാവന. 1981ൽ കെ ദാമോദരൻ അവാർഡ് അതിന് ലഭിച്ചു. ഇപ്പോൾ പ്രാധാന്യം നൽകുന്നത് ചരിത്ര കവിതകൾക്കാണ്. പഴശ്ശി രാജയെ കുറിച്ചുള്ള കവിതയൊക്കെ ഇതിൽ വരും. വൈസ് ചാൻസലർ പദവി എനിക്ക് ലഭിച്ചിട്ടുള്ള പരിഗണന തന്നെയാണ്. ഇന്ത്യയിലെ ഒരു മികച്ച ചരിത്രകാരനാണ് ഞാൻ. കാരണം നല്ലൊരു ചരിത്രകാരനാണെന്ന് നമുക്കാണല്ലൊ തോന്നേണ്ടത്. രചിച്ച പുസ്തകങ്ങൾ തന്നെയാണ് അക്കാദമിക രംഗത്തെ സംഭാവന. അതിൽ ഒന്നാമത് തുഹ്ഫതുൽ മുജാഹിദീൻ ആണ്. ചെറിയ പുസ്തകമാണത്. എന്നാൽ, അതിനെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കാൻ കഴിഞ്ഞു. ഇതിനെ പറ്റി മാത്രം 40 സെമിനാറുകൾ നടത്താൻ സാധിച്ചു. ഒരു സർക്കാർ പുസ്തകത്തിലും വരാത്ത ആശയങ്ങളെ പ്രചരിപ്പിക്കാൻ വേണ്ടി ഞാനിതിനെ മലയാളത്തിലും ഇംഗ്ലീഷിലും കൈപ്പുസ്തകമാക്കി. കേരളത്തിലെ മരുമക്കത്തായത്തെ പറ്റി പഠിക്കുമ്പോൾ, എന്റെ ഈ അറിവ് ഞാൻ റെക്കോർഡ് ചെയ്തില്ലെങ്കിൽ മറന്നു പോകും.
18 വർഷമായി മലബാർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഗവേഷണ സ്ഥാപനം വടകരയിൽ നടത്തുന്നുണ്ട്. മലബാറിൽ ഗവേഷണ സംസ്‌കാരം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. സ്വന്തം കൈയിൽ നിന്ന് പണം എടുത്താണ് ആ സ്ഥാപനം നിർമിച്ചത്. ഇന്ത്യയിലെ പല ചരിത്രകാരൻമാരും ബന്ധപ്പെടുന്ന സ്ഥാപനമായി വളർന്നു. എന്റെ പുസ്തകങ്ങൾ അധികവും അവിടെയാണുള്ളത്. പല കുട്ടികളും അവിടെ വന്ന് സൗജന്യമായി പുസ്തകം വായിക്കുന്നു. അതിന്റെ പേരിലാണ് ഇത്തരം കൈപ്പുസ്തകങ്ങൾ പതിനായിരം കോപ്പികളൊക്കെ അച്ചടിച്ച് സമൂഹത്തിൽ സൗജന്യമായി വിതരണം ചെയ്യുന്നത്. ഈ സ്ഥാപനം വഴി ഒരു സെമിനാർ സംസ്‌കാരം വടക്കൻ കേരളത്തിലെ സർവകലാശാലകളിലും ബഹുജനങ്ങൾക്കിടയിലുമെല്ലാം കൊണ്ടുവരാൻ കഴിഞ്ഞു. മലബാറിന്റെ ചരിത്രത്തിലും വർത്തമാനത്തിലും ഏറെ പ്രാധാന്യമുള്ള തെയ്യം, പൂരക്കളി തുടങ്ങിയ കലാരൂപങ്ങളെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കാൻ സാധിച്ചു. കമ്മ്യൂണിസ്റ്റുകാർ മാർക്‌സിസം അടിസ്ഥാനമാക്കി നടത്തിയ സമരങ്ങളൊന്നും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ല എന്ന വാദം സ്ഥാപിക്കപ്പെടുമ്പോൾ, സത്യമതല്ലെന്നും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ് അവയെന്നും രേഖകൾ ഉദ്ധരിച്ചു പുറത്തുകൊണ്ടുവന്നു. ചരിത്ര കവിതകൾ എന്ന പുതിയ ശാഖ തന്നെ ഇംഗ്ലീഷിൽ കൊണ്ടുവരാൻ കഴിഞ്ഞു. മലയാള കവികളാരും ഏഴിമലയെപ്പറ്റി ഒരു കവിതാ സമാഹാരം എഴുതിയിട്ടില്ല. ഇതെന്റെ മൂന്നാമത്തെ കവിതാ സമാഹാരമാണ്. ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന് ഒരു അന്താരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട് ഇല്ലാത്തത് കേരളത്തിന്റെ പരാജയമാണ്. ക്വാലാലംപൂരിലെ മലാക്കയിൽ പോർച്ചുഗീസുകാർക്കെതിരായി വലിയ സമരങ്ങൾ അവിടുത്തെ സുൽത്താൻ നടത്തി. എന്നാൽ ഒറ്റ സാമ്രാജ്യത്വവിരുദ്ധ പുസ്തകം പോലും അവിടെയില്ല. സാമ്രാജ്യത്വവിരുദ്ധം എന്നൊക്കെ പറയുമെന്നല്ലാതെ സാമ്രാജ്യത്വവിരുദ്ധ ആശയത്തെ പ്രചരിപ്പിക്കാനുള്ള സംവിധാനങ്ങൾ വളരെ ചുരുക്കമാണ്. അതേസമയം ചെറിയ പുസ്തകമാണെങ്കിലും, നമുക്കൊരു സാമ്രാജ്യത്വവിരുദ്ധ മാനിഫെസ്റ്റോ ഉണ്ട്. അതാണ് തുഹ്ഫതുൽ മുജാഹിദീൻ. ഒരു പക്ഷേ അതിന്റെ തീവ്രത കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയെക്കാളും വലുതാണ്.

? മഹാരാഷ്ട്രയിലും ഇന്ത്യയുടെ ഹൃദയഭാഗങ്ങളിലുമെല്ലാം വലിയ തോതിലുള്ള കർഷക മുന്നേറ്റങ്ങളും സമരങ്ങളും ഈയടുത്ത കാലത്തുണ്ടായി. ചരിത്രത്തിന്റെ തന്നെ ഭാഗമാണല്ലൊ ഇത്തരം കർഷക സമരങ്ങൾ
കർഷക സമരങ്ങൾ കൊണ്ടാണ് ദുർബല വിഭാഗങ്ങളുടെ അസ്തിത്വ പ്രതിസന്ധി അടക്കമുള്ള പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടത്. കാർഷിക സമൂഹത്തിന് വേണ്ടത്ര പുരോഗതിയില്ലാതെ വരുമ്പോൾ രാഷ്ട്രം തന്നെ പിന്നാക്കം പോകുന്നു. കർഷക സമരങ്ങളാണ് യഥാർഥത്തിൽ സാമ്രാജ്യത്വവിരുദ്ധ സമരങ്ങളായി മാറിയത്. ചൈന, ലാറ്റിനമേരിക്ക എന്നിവിടങ്ങളുൾപ്പെടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കർഷക സമൂഹമാണ് സാമ്രാജ്യത്വവിരുദ്ധ സമരം ഏറ്റെടുത്തത്. ലോകം മുഴുവൻ കർഷകനെ ചൂഷണം ചെയ്യുന്ന അവസ്ഥ നിലനിൽക്കുന്നുണ്ട്. ഞാൻ 83ൽ ക്യൂബയിൽ പഠിക്കുമ്പോൾ ലോക വിപണിയിൽ പോലും അവിടുത്തെ കർഷകനും ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥയായിരുന്നു. ജയ് ജവാൻ ജയ് കിസാൻ എന്നത് ഏറ്റവും നല്ല വാചകമാണ്. കർഷകന്റെ ജീവിതരീതിയിൽ മാറ്റം വരുന്നില്ലെങ്കിൽ ആർക്കും മുന്നോട്ടു പോകാൻ സാധിക്കില്ല. കേരളത്തിന്റെ പുരോഗതിയുടെ കാരണം മിഷനറി പ്രവർത്തനങ്ങളും ഗൾഫ് നാടുകളുമായുള്ള ബന്ധവുമൊക്കെയാണ്. പക്ഷേ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബീഹാർ, ഒഡീഷ തുടങ്ങിയ മറ്റ് സംസ്ഥാനങ്ങൾ വളരെ പിന്നാക്കം നിൽക്കുന്നവയാണ്. ഇവിടങ്ങളിൽ നഗര വികസനം ഉണ്ടെങ്കിലും കാർഷിക വികസനമില്ല. കേരളത്തിലേ സ്ത്രീ വിദ്യാഭ്യാസം ഇത്ര ഉന്നതനിലയിലുള്ളൂ. മതേതര സംസ്‌കാരവും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ വേരൂന്നിയിട്ടില്ല.

? മുസ്‌ലിം, ദളിത് തുടങ്ങിയ ദുർബല വിഭാഗങ്ങളെ കൂടി ചരിത്രവായനയുടെ മുൻപന്തിയിൽ കൊണ്ടുവരാൻ ചരിത്രകാരനെന്ന നിലയിൽ നടത്തിയ ഇടപെടലുകൾ എന്തൊക്കെയായിരുന്നു
മുസ്‌ലിം, ദളിത് വിഭാഗങ്ങൾ ചരിത്രത്തിൽ നിന്ന് നിഷ്‌കാസനം ചെയ്യപ്പെട്ടവരായതിനാൽ അവരെ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഞാൻ ചെയ്തത്. ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ തുഹ്ഫതുൽ മുജാഹിദീൻ 430 വർഷം പഴക്കമുള്ള പുസ്തകമാണ്. എഴുതിയ കാലഘട്ടത്തിൽ ഏതാണ്ട് 35 ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് കേരളീയ ചരിത്രകാരന്മാർ ഇദ്ദേഹത്തിന്റെ സംഭാവന എന്താണെന്നു വിലയിരുത്തുന്നില്ല. ഹിന്ദു- മുസ്‌ലിം സാഹോദര്യം, സമുദായത്തോടുള്ള സാമൂതിരിപ്പാടിന്റെ സമീപനം, അറബിക്കടലിന്റെ സ്വാതന്ത്ര്യം തുടങ്ങിയവയായിരുന്നു അദ്ദേഹം കൂടുതൽ ഊന്നിയത്. അറബിക്കടലിന്റെ സ്വാതന്ത്ര്യം എന്നു നഷ്ടപ്പെടുന്നോ അന്ന് ഇന്ത്യാ രാജ്യം അടിമത്തത്തിലേക്ക് പോവുമെന്ന് ഇദ്ദേഹം പ്രവചിച്ചിരുന്നു. വളരെ പൊളിറ്റിക്കൽ മൈലേജ് ഉള്ള കാഴ്ചപ്പാടിന് ഉടമയായിരുന്നു ശൈഖ് സൈനുദ്ദീൻ മഖ്ദൂം. അറബിക്കടലിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്ത കുഞ്ഞാലി മരക്കാൻമാരെ കുറിച്ചു പോലും വേണ്ടത്ര പഠനങ്ങൾ വന്നിട്ടില്ല. എന്റെ ചില പഠനങ്ങൾ പോലും വളരെ ശുഷ്‌കമാണ്.

? ഇന്നത്തെ ചരിത്ര പഠനത്തിന്റെ പോരായ്മയായി താങ്കൾക്ക് തോന്നുന്നത് എന്താണ്
ചരിത്രപഠനത്തിന്റെ പോരായ്മക്ക് കാരണക്കാർ രാഷ്ട്രീയക്കാരാണ്. ചരിത്രത്തെ പല യൂനിറ്റുകളായി വിഭജിച്ചിരിക്കുകയാണ്. നാലാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് ഝാൻസി റാണിയുടെ സംഭാവനകളെ വിലയിരുത്താൻ കഴിയില്ല. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെല്ലാം അവരുടെ സ്വാതന്ത്ര്യചരിത്രം എല്ലാവരും പഠിച്ചിരിക്കണം; ഡോക്ടറായാലും എൻജിനീയറായാലും. ഇന്ത്യയിൽ സ്വാതന്ത്ര്യസമരത്തെ ഘട്ടംഘട്ടമായി വിഭജിച്ചതുകൊണ്ട് കുട്ടികൾക്ക് വേണ്ടത്ര അറിവ് ലഭിക്കുന്നില്ല. ചരിത്രം സ്‌പെഷ്യലൈസ് ചെയ്യുന്നവർക്കേ വേണ്ടത്ര അറിവ് ലഭിക്കുന്നുള്ളൂ. തെറ്റായ സമീപനമാണത്. റെയിൽവേ ഗൈഡ് പോലുള്ള ചരിത്രമാണ് ബ്രിട്ടീഷുകാർ നമുക്ക് തന്നത്. അത് മാറ്റി “ഹിസ്റ്ററി ഓഫ് ദി വൈസസ്റ്റ് ഓഫ് ആൾ സയൻസ്” എന്ന നിലയിലെത്തണം. ഏറ്റവും വിവേകപൂർണമായ ശാസ്ത്രമാണ് ചരിത്രം എന്ന രീതിയിൽ നമ്മൾ സമീപിക്കുന്നില്ല. ചരിത്രപഠനം ആവശ്യമില്ല എന്ന നിലയിലാണ് സമൂഹം. പ്രത്യേകിച്ച് വർഗീയതയുണ്ടാക്കുന്ന ചരിത്രമാണ് കൂടുതൽ. വടക്കേ ഇന്ത്യയിൽ പലയിടത്തും പഠിപ്പിക്കുന്നത് ഇത്തരം ചരിത്രമാണ്. ഗുജറാത്ത് കലാപങ്ങളെ പരിശോധിക്കുമ്പോൾ, അവിടുത്തെ പാഠപുസ്തകങ്ങൾ മുഴുവൻ തെറ്റായ സമീപനമാണുള്ളതെന്നാണ് എനിക്ക് തോന്നിയത്. വിപിൻ ചന്ദ്ര കമ്മീഷന് വേണ്ടി ഗുജറാത്തിലെ ഒമ്പതാം ക്ലാസിലെ പാഠപുസ്തകം ഞാൻ വിലയിരുത്തിയിരുന്നു. ആ പുസ്തകം മുഴുവൻ വർഗീയതയായിരുന്നു. ശിവജിയുടെയും അഫ്‌സൽ ഖാന്റെയുമെല്ലാം പോരാട്ടങ്ങൾ രാഷ്ട്രീയ സമരമായല്ല കാണുന്നത്. ഹിന്ദുക്കളും മുസ്‌ലിംകളുമെല്ലാം വളർന്നു വരുമ്പോൾ വർഗീയ കലാപത്തിന് തയ്യാറാകുന്ന ഒരു ചരിത്ര പശ്ചാത്തലമാണ് അതിലുള്ളത്. തെറ്റായ ചരിത്രം തെറ്റായ സമീപനമുണ്ടാക്കുന്നു. മലബാർ കലാപത്തെ പറ്റിയുള്ള ഏത് ചർച്ച വരുമ്പോഴും അത് വർഗീയ കലാപമായാണ് ഒരു വിഭാഗം പറയുന്നത്. സത്യത്തിൽ അത് വർഗീയ കലാപമല്ല. സ്വാതന്ത്ര്യസമരഘട്ടത്തിൽ ഉണ്ടായത് കാർഷിക സമരം ആണെന്നാണ് എന്റെ വിലയിരുത്തൽ.

? ജനപക്ഷ ചരിത്രമെഴുത്തിനെ വിശദീകരിക്കാമോ
കേരളത്തിൽ ചരിത്രം ഇത്ര ജനകീയമാക്കിയതിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വഹിച്ച പങ്ക് വലുതാണ്. പ്രത്യേകിച്ച് മലബാറിലെ കർഷക, സാമ്രാജ്യത്വവിരുദ്ധ സമരങ്ങൾ തുടങ്ങിയവയെ ചരിത്രവായനയിലെ മുൻപന്തിയിലേക്ക് കൊണ്ടുവരാൻ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുൻകൈയെടുത്ത് നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. മുമ്പ് ഇതെല്ലാം അവഗണിക്കപ്പെട്ടവയായിരുന്നു. ഇത്തരം മേഖലകളോടുള്ള കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ സമീപനം തന്നെ ചരിത്രത്തെയും സംസ്‌കാരത്തെയും പ്രചരിപ്പിക്കുക എന്നതാണ്. സംസ്‌കാരം പ്രചരിപ്പിക്കുക എന്നാൽ, ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റുക എന്നതാണ്. അന്താരാഷ്ട്ര മേഖലയിലെ ഗോത്രസംസ്‌കാരങ്ങളുമായി തെയ്യങ്ങളെ ബന്ധപ്പെടുത്തിയ “ദി കൾട്ട് ഓഫ് ദി ഹ്യൂമൻ ഹീറോ വേർഷിപ്പ്” എന്ന എന്റെ പുസ്തകം അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രാധാന്യമുള്ളതാണ്. വലിയൊരു സംഭാവനയാണത്.

? ഇന്നത്തെ ചരിത്ര “നിർമാണ”വും ഏകപക്ഷീയ രചനയുമെല്ലാം എങ്ങനെയൊക്കെയാണ് സമൂഹത്തെയും വരുംതലമുറയെയും ബാധിക്കുക
ചരിത്രം മുഴുവൻ മാറ്റിമറിച്ച് എഴുതിക്കൊണ്ടിരിക്കുകയാണ്. നമ്മൾ ചരിത്രത്തിൽ നിഷ്പക്ഷമായിരിക്കണം. ജനങ്ങൾക്കു വേണ്ടിയുള്ളതാണ് ചരിത്രം. ഇപ്പോഴത്തെ കേന്ദ്ര ഭരണകൂടം ചരിത്രത്തെ മാറ്റിമറിച്ചു കൊണ്ടിരിക്കുകയാണ്. ഔറംഗസീബിന്റെ പേരിലുള്ള റോഡ് മാറ്റുക എന്നതൊക്കെ മോശം ഏർപ്പാടാണ്. എനിക്ക് വളരെ കാലമായി ബന്ധമുള്ള സ്ഥാപനമാണ് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് സെന്റർ. അത് സ്വന്തം ആശയങ്ങളിൽ നിന്നു വ്യതിചലിച്ചു വേറെ ആശയങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ചരിത്രം കൃത്യനിഷ്ഠമായ ഒന്നാണ്. ഒബ്ജക്ടീവ് ആയി ചെയ്യേണ്ട ചരിത്രത്തെ സബ്ജക്ടീവ് ആയാണ് ചെയ്യുന്നത്. രേഖകൾ അടിസ്ഥാനപ്പെടുത്തിയുള്ള ചരിത്ര രചനയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് മോശം പ്രവണതയാണ്. ഹിന്ദുത്വവത്കരണത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണം എന്ന നിലയിൽ വളച്ചൊടിക്കപ്പെടുകയാണ് ചരിത്രവും ചരിത്രസ്ഥാപനങ്ങളും. ഹിന്ദുത്വവവത്കരണം എന്നു പറഞ്ഞ് കഴിഞ്ഞ കാലത്തേക്ക് മടങ്ങിപോവാൻ നമ്മൾക്ക് കഴിയില്ല. ജനാധിപത്യത്തിന്റെ പ്രവർത്തനങ്ങളെയാണ് ചരിത്രകാരൻ ഉപയോഗിക്കേണ്ടത്. ജനാധിപത്യത്തെ തന്നെ കുഴിച്ചുമൂടുന്ന പ്രവർത്തനങ്ങളാണ് ഇന്നുള്ളത്. ഇത്തരം പ്രവണതകളെ മോശമായ ഒന്നായാണ് ചരിത്രകാരന്മാർ കാണുന്നത്.

? ഒരേ ചരിത്രം പല ആൾക്കാർ എഴുതുമ്പോൾ വ്യത്യാസം ഉണ്ടാകുമോ
വസ്തുത മാത്രമല്ല വ്യാഖ്യാനം കൂടിയാണ് ചരിത്രം. കയ്യൂർ സമരത്തെ ജനപക്ഷ ചരിത്രകാരൻ കാണുന്നത് ജനങ്ങളുടെ ഒരു മൂവ്‌മെന്റിന്റെ ഭാഗമായാണ്. അതേസമയം, പോലീസുകാരനെ കൊന്നതാണെന്ന് പറയുന്നവർ ഇപ്പോഴുമുണ്ട്. വസ്തുതകളുടെ വ്യാഖ്യാനമാണ് ചരിത്രം. എന്നാൽ, വസ്തുതകൾ ചരിത്രമാകുന്നില്ല. അത് സമൂഹത്തിന്റെ നഷ്ടമാണ്. അതിനാലാണ് ഞാനെഴുതിയ ചരിത്രം മറ്റൊരാൾ എഴുതുമ്പോൾ വ്യത്യാസം ഉണ്ടാകുന്നത്. പുനർനിർമാണം എപ്പോഴും നടന്നുകൊണ്ടിരിക്കുന്നുണ്ട്. മലബാർ കലാപം ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി വരുന്നത് ഞങ്ങളെപോലുള്ള ചരിത്രകാരൻമാർ എഴുതിയതുകൊണ്ടാണ്. അതേസമയം അത് വർഗീയകലാപമായാണ് ബ്രിട്ടീഷുകാർ കാണുന്നത്. അവർക്കൊരു രാഷ്ട്രീയ ലക്ഷ്യമുണ്ട്. അതാണ് ഇ എം എസ് നമ്പൂതിരിപ്പാട് പറഞ്ഞത്, വർഗസമരം ഫാക്ടറികളിൽ മാത്രമല്ല സർവകലാശാലകളിലാണ് നടക്കുന്നതെന്ന്. അങ്ങനെയുള്ള സ്വതന്ത്ര അഭിപ്രായം പറയുന്നവരെ ഇല്ലാതാക്കുന്ന പ്രവണത ഇന്ന് കൂടി വരുന്നു. പല കൊലപാതകങ്ങളും ചരിത്രവും സാഹിത്യരചനയുമായി ബന്ധപ്പെട്ടാണ് നടത്തപ്പെടുന്നത്. അതു മുഴുവൻ തെറ്റായ ചരിത്രബോധത്താലാണ്. ആശയത്തെ ആശയം കൊണ്ട് മാത്രം നേരിടുക. അല്ലാതെ വാളുകൊണ്ടാകരുത്. പക്ഷേ ഇന്നു നടക്കുന്നതു മുഴുവൻ അങ്ങനെയുള്ള ഒരു നിഗ്രഹ രീതിയാണ്.

? വാസ്‌കോഡ ഗാമ കപ്പലിറങ്ങിയത് കാപ്പാടല്ല പന്തലായനിയിലാണ് എന്ന് എം ജി എസ് ആഴ്ചകൾക്ക് മുമ്പ് ഒരു പൊതുപരിപാടിയിൽ പറയുകയുണ്ടായി. ഇതിലെ യാഥാർഥ്യം എന്താണ്
വാസ്‌കോ ഡ ഗാമ കപ്പലിറങ്ങിയ കാലത്ത് ഈ മേഖല മുഴുവൻ ഒരു പേരിലായിരിക്കും ചിലപ്പോൾ അറിയപ്പെട്ടിട്ടുണ്ടാകുക. ഗ്രാമങ്ങളുടെ പേര് വിദേശികൾക്കറിയില്ലല്ലോ. അത് പന്തലായനി ആണോ കൊല്ലം ആണോ എന്നതൊന്നും ചരിത്രത്തിൽ പ്രശ്‌നമല്ല. എവിടെയിറങ്ങിയാലും അയാൾ കോഴിക്കോട് വന്നോ എന്നതാണ് അടിസ്ഥാന സത്യം. അപ്പോൾ ചെറിയ കാര്യങ്ങളെ പറ്റി വാഗ്വാദം നടത്തിയിട്ട് വലിയ കാര്യങ്ങൾ നമ്മൾ മറന്നു പോവരുത്. വാസ്‌കോ ഡ ഗാമ എവിടെയിറങ്ങിയാലും കോഴിക്കോട് എന്ന പ്രദേശമായാണ് ഇത് മുഴുവൻ അറിഞ്ഞിരുന്നത്. അപ്പോൾ അദ്ദേഹം പന്തലായനി ഇറങ്ങിയോ കോഴിക്കോട് ഇറങ്ങിയോ എന്നതല്ല പ്രശ്‌നം. അവർ എന്ത് ചെയ്തു എന്നുള്ളതാണ്. ചരിത്രത്തിൽ ഏറ്റവും ക്രൂരനായ വ്യക്തി ആരാണെന്നു ചോദിച്ചാൽ വാസ്‌കോ ഡ ഗാമ ആണെന്നു പറയേണ്ടിവരും.

? സർക്കാറിന്റെ പൊതു വിദ്യാഭ്യാസ ഉപദേശക സമിതി ചെയർമാൻ എന്ന നിലയിൽ നിലവിലെ വിദ്യാഭ്യാസ രീതിയെ കുറിച്ചുള്ള അഭിപ്രായം
പൊതു വിദ്യാഭ്യാസ സമിതിയുടെ ചെയർമാനായി ചുമതല ഏറ്റെടുത്തിട്ടേയുള്ളൂ. പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. ഹൈടെക്ക് ആക്കിയതുകൊണ്ടൊന്നും വിദ്യാഭ്യാസം നന്നാവാൻ പോകുന്നില്ല. സാധാരണക്കാരന് വേണ്ടിയാണ് ജനാധിപത്യ സംവിധാനത്തിൽ വിദ്യാഭ്യാസം. ഇന്നും വയനാട്ടിലെല്ലാം വളരെ താഴ്ന്ന നിലയിലാണ് ഹോസ്റ്റലുകളും മറ്റുമുള്ളത്. പ്രത്യകിച്ച് വയനാട്ടിലും മറ്റും വിദ്യാഭ്യാസം എജ്യൂക്കേഷൻ ഇൻ ദി എജ്യൂക്കേഷൻ എന്ന രീതിയിൽ ആകണം. ഇതിലൂടെയാണ് ആദിവാസികൾക്ക് മുന്നോട്ട് വരാൻ കഴിയൂ. അവരെ എജ്യൂക്കേറ്റ് ചെയ്യുകയും എജ്യൂക്കേഷൻ നൽകുകയും വേണം. ഇതും രണ്ടും നടക്കുന്നില്ല. ജാനുവിന്റെ സമരങ്ങൾ പോലും പരാജയപ്പെട്ടതായാണ് തോന്നുന്നത്. അവർ മാത്രം രക്ഷപ്പെട്ടു എന്നല്ലാതെ മൊത്തത്തിൽ ആ സമൂഹത്തിൽ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞില്ല.
.

dhanya0304@gmail.com