Connect with us

Kerala

ഇടത് പ്രചാരണത്തിന് ഇനി ശരവേഗം; കേന്ദ്രീകരണം താഴേത്തട്ടിൽ

Published

|

Last Updated

കൊച്ചി: സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സി പി എം വേഗം കൂട്ടുന്നു. സംസ്ഥാനത്തെ മുഴുവൻ പാർലിമെന്റ് മണ്ഡലം കൺവെൻഷനുകളും ഈ മാസം 15 നകം പൂർത്തിയാക്കി പ്രചാരണപ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് തീരുമാനം. തിരഞ്ഞെടുപ്പിന് മുന്നോടിയായി സി പി എമ്മിന്റെ നേതൃത്വത്തിലുള്ള പാർട്ടി കമ്മിറ്റികൾ നേരത്തെ മുതൽ ബൂത്തടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയിരുന്നതിനൊപ്പം ഇക്കുറി സി പി ഐയും സ്വന്തം നിലയിൽ പാർട്ടി കമ്മിറ്റികൾ രൂപവത്കരിച്ചു തുടങ്ങിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സി പി ഐ സാന്നിധ്യം ചിലയിടങ്ങളിൽ കുറഞ്ഞുവരുന്നെന്ന മുൻ പരാതികൾ പരിഹരിക്കുന്നതിന്റെ കൂടി ഭാഗമായാണ് ഇത്തവണ ജില്ലാതലം മുതൽ പഞ്ചായത്ത്, ബൂത്ത് തലം വരെ പ്രത്യേക കമ്മിറ്റികളുണ്ടാക്കി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുറേക്കൂടി സജീവമാകുകയെന്നത്. പാർലിമെന്റ് മണ്ഡലം കൺവെൻഷനുകൾക്ക് ശേഷം എത്രയും വേഗം താഴേത്തട്ടിലുള്ള ഇടതു മുന്നണി കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവർത്തനം ശക്തിപ്പെടുത്താനാണ് തീരുമാനമായിട്ടുള്ളത്. എല്ലാ തിരഞ്ഞെടുപ്പു കാലത്തുമുള്ളതുപോലെ ഇത്തവണയും താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം. ഓരോ ബ്രാഞ്ച് പരിധിയിലുമുള്ള വീടുകൾ കേന്ദ്രീകരിച്ച് പാർട്ടി ചുമതല നൽകിയ കമ്മിറ്റികൾ താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കും. ഇപ്രാവശ്യവും പരമാവധി കുടുംബസംഗമങ്ങൾ നടത്താൻ നിർദേശമുണ്ട്. ദേശീയ പ്രശ്‌നങ്ങൾക്കൊപ്പം പ്രാദേശികവിഷയങ്ങളുടെ ഓരോ യോഗത്തിലും ഏതൊക്കെ കാര്യങ്ങളാണ് സംസാരിക്കേണ്ടതെന്നതടക്കമുള്ള നിർദേശങ്ങളും യോഗത്തിൽ സംബന്ധിക്കുന്ന മേൽക്കമ്മിറ്റി പ്രതിനിധികൾക്ക് നൽകും.

ദേശീയ രാഷ്ടീയത്തിൽ സി പി എമ്മിന്റെ പ്രസക്തി ഇല്ലാതാകുന്ന അവസ്ഥ ഒഴിവാക്കാൻ കേരളത്തിൽ നിന്ന് കൂടുതൽ സീറ്റുകളിൽ പാർട്ടി സ്ഥാനാർഥികൾ വിജയിച്ച് വരേണ്ടത് അത്യാവശ്യമാണെന്ന സന്ദേശം നേരത്തെ സി പി എം ദേശീയനേതൃത്വം സംസ്ഥാനത്തിന് നൽകിയിരുന്നു.
ബംഗാളിലും ത്രിപുരയിലും സി പി എമ്മിന് സ്വന്തം നിലയിൽ പാർട്ടി സ്ഥാനാർഥികളെ വിജയിപ്പിച്ചെടുക്കാൻ കഴിയാത്ത രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്നത് തിരിച്ചറിഞ്ഞാണ് കേരളത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിർദേശം മുന്നോട്ട് വെച്ചിരുന്നത്. ശബരിമല സമരം വീണ്ടും എതിരാളികൾ ചർച്ച ചെയ്യുമെന്നതിനാൽ ഇതിനും കീഴ്ഘടകങ്ങളിലൂടെ അണികൾക്ക് ബോധവത്കരണം നടത്തും. കാസർകോട് നടന്ന ഇരട്ട കൊലപാതകമുൾപ്പടെയുള്ള കാര്യങ്ങൾ എതിരാളികൾ ആയുധമാക്കുമെന്നതിനാൽ ഇക്കാര്യത്തിൽ പാർട്ടി സ്വീകരിച്ച നിലപാടുകളും വിശദീകരിക്കും. ന്യൂജൻ വോട്ടർമാരെയും പ്രത്യേകം കേന്ദ്രീകരിക്കും. ലഘു വീഡിയോ ക്ലിപ്പുകൾ, നുറുങ്ങുകൾ, പോസ്റ്ററുകൾ തുടങ്ങിയവയെല്ലാം സൈബർ ചുവരുകളിലൂടെ പ്രചരിപ്പിക്കും. പാർട്ടി അനുകൂല ഫേസ്ബുക്ക്, പ്രത്യേകം നിർമിച്ച ന്യൂസ് പോർട്ടലുകൾ, നേതാക്കളുടെ ഫേസ്ബുക്ക് പേജുകൾ എന്നിവയെല്ലാം വഴിയുള്ള പ്രചാരണപരിപാടികൾ ശക്തിപ്പെടുത്തും. വാട്‌സ് ആപ് ഗ്രൂപ്പുകളും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കും.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി