ഐ ലീഗില്‍ ഇന്ന് ക്ലൈമാക്‌സ്‌

Posted on: March 9, 2019 9:26 am | Last updated: March 9, 2019 at 11:15 am

ഐ ലീഗ് ഫുട്‌ബോളില്‍ ഇന്ന് കിരീടപ്പോരാട്ടം. അവസാന റൗണ്ട് കളിക്കാനിറങ്ങുന്ന ചെന്നൈ സിറ്റിയും ഈസ്റ്റ്ബംഗാളും തമ്മിലാണ് ചാമ്പ്യന്‍ പട്ടത്തിനായി രംഗത്തുള്ളത്. 19 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ചെന്നൈ സിറ്റി 40 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് 39 പോയിന്റ്. ഹോം ഗ്രൗണ്ടില്‍ മിനര്‍വയെ നേരിടുന്ന ചെന്നൈ സിറ്റിക്ക് ജയിച്ചാല്‍ കിരീടം ഉറപ്പിക്കാം. ഈസ്റ്റ്ബംഗാള്‍ എവേ മാച്ചില്‍ കോഴിക്കോട്ട് ഗോകുലം കേരള എഫ് സിയെ നേരിടും. ഈസ്റ്റ്ബംഗാള്‍ ജയിക്കുകയും, ചെന്നൈ സിറ്റി തോല്‍ക്കുകയും ചെയ്താല്‍ കിരീടം കൊല്‍ക്കത്തന്‍ ക്ലബ്ബിന്റെ ഷെല്‍ഫിലേക്ക് ആദ്യമായെത്തും.

മോഹന്‍ ബഗാന്‍, ഷില്ലോംഗ് ലജോംഗ്, ഇന്ത്യന്‍ ആരോസ് ടീമുകള്‍ ഐ ലീഗിലെ ഇരുപത് മത്സരങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബഗാന്‍ 29 പോയിന്റോടെ അഞ്ചാം സ്ഥാനത്തും ആരോസ് 21 പോയിന്റുമായി ഏഴാം സ്ഥാനത്തുമാണ്. ഏറ്റവും പിറകില്‍, പതിനൊന്നാംസ്ഥാനത്തുള്ള ഷില്ലോംഗ് ലജോംഗ് 11 പോയിന്റ് മാത്രമാണ് നേടിയത്. ചര്‍ച്ചില്‍ ബ്രദേഴ്‌സ് (34), റയല്‍ കശ്മീര്‍ (33) മൂന്നും നാലും സ്ഥാനങ്ങളില്‍. നെറോക എഫ് സി(26) ആറാംസ്ഥാനത്തും ഐസ്വാള്‍ എഫ് സി(21) എട്ടാം സ്ഥാനത്തും ഗോകുലം (17) ഒമ്പതാം സ്ഥാനത്തും മിനര്‍വ (17) പത്താം സ്ഥാനത്തുമാണ്.
ഗോകുലം കേരളയെ നേരിടാന്‍ കോഴിക്കോട് ഇ എം എസ് സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തിയ ഈസ്റ്റ് ബംഗാള്‍ ആത്മവിശ്വാസത്തിലാണ്. റയല്‍മാഡ്രിഡിന്റെ യൂത്ത് ടീം മുന്‍ കോച്ച് അലസാന്‍ഡ്രൊ മെനെന്‍ഡെസാണ് ഈസ്റ്റ്ബംഗാളിനെ സൂപ്പര്‍ ക്ലൈമാക്‌സിന് ഒരുക്കുന്നത്. നമ്മള്‍ മികച്ച കളി കാഴ്ചവെക്കുക, കാണികളുടെ കൈയ്യടി വാങ്ങുക – ഇതാണ് സ്പാനിഷ് കോച്ചിന്റെ മനസില്‍.

കിരീട വിജയത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ടതില്ല. മത്സരം ജയിക്കുന്നതിനെ കുറിച്ച് മാത്രം സംസാരിച്ചാല്‍ മതി. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം – ആത്മവിശ്വാസത്തോടെ അലസാന്‍ഡ്രൊ പറഞ്ഞു.
പരുക്ക് ഭേദമായി ടീമില്‍ തിരിച്ചെത്തിയ മെക്‌സിക്കന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ എന്റിക്വെ എസ്‌ക്വുഡ മികച്ച ഫോമിലാണ്. അതേ സമയം ടൂര്‍ണമെന്റിലെ ഗോള്‍ മെഷീന്‍ ജോബി ജസ്റ്റിന്‍ സസ്‌പെന്‍ഷന്‍ കാരണം പുറത്തിരിക്കുന്നത് തിരിച്ചടിയാണ്. ഐസ്വാള്‍ എഫ് സി ഡിഫന്‍ഡറുടെ മുഖത്ത് തുപ്പിയതിനാണ് മലയാളിയായ ജസ്റ്റിന് സസ്‌പെന്‍ഷന്‍ ലഭിച്ചത്. നാട്ടുകാര്‍ക്ക് മുന്നില്‍ കളിക്കാനുള്ള അവസരമാണ് ജസ്റ്റിന്‍ അവിവേകത്തിലൂടെ നഷ്ടമാക്കിയത്.

ഗോകുലം കേരള കോച്ച് ഗിഫ്റ്റ് റെയ്ഹാന്‍ ജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. നാട്ടുകാര്‍ക്ക് മുന്നില്‍ അവസാന മത്സരം ഏറ്റവും മികച്ച രീതിയില്‍ അവസാനിപ്പിക്കും. ഞങ്ങള്‍ക്കൊന്നും നഷ്ടപ്പെടാനില്ല. ലീഗില്‍ മുന്‍ നിരയിലുള്ള ഈസ്റ്റ്ബംഗാളിനൊപ്പമാണ് തങ്ങളുടെ ടീമും എന്ന് കളിക്കാര്‍ക്ക് തെളിയിക്കാനുള്ള അവസരമാണിതെന്നും റെയ്ഹാന്‍ പറഞ്ഞു.