Connect with us

Gulf

റണ്‍ ഫോര്‍ ടോളറന്‍സ് മാരത്തോണ്‍ സംഘടിപ്പിച്ചു; ഉഗാണ്ട സ്വദേശി ഗില്‍ബെര്‍ട്ട് ചാമ്പ്യന്‍

Published

|

Last Updated

അബൂദബി: യു ഇ ഇ സര്‍ക്കാറിന്റെ ഇയര്‍ ഓഫ് ടോളറന്‍സ് പദ്ധതിയുടെ ഭാഗമായി റണ്‍ ഫോര്‍ ടോളറന്‍സ് എന്ന സന്ദേശം ഉയര്‍ത്തി അഞ്ചു കിലോമീറ്റര്‍ മാരത്തോണ്‍ സംഘടിപ്പിച്ചു. അബൂദബി മുനിസിപ്പാലിറ്റിയും വി പി എസ് ഹെല്‍ത്ത് കെയറും സംയുക്തമായി നടത്തിയ മാരത്തോണ്‍ അബൂദബി മുനിസിപ്പാലിറ്റി, വി പി എസ് ഹെല്‍ത്ത് കെയര്‍, അബൂദബി പോലീസ്, എമിറേറ്റസ് റെഡ് ക്രസന്റ്, സോണ്‍ കോര്‍പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്നു ഫ്ളാഗ് ഓഫ് ചെയ്തു.

മഫ്റഖിൽ വെള്ളിയാഴ്ച വൈകീട്ട് നടന്ന മാരത്തോണില്‍ നൂറില്‍ അധികം പേര്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളില്‍നിന്നും യു എ ഇയില്‍ എത്തിയ തൊഴിലാളികള്‍ക്കിടയില്‍ സഹിഷ്ണുത വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് മാരത്തോണ്‍ നടത്തിയത്.

മഫ്റഖ് ഒന്ന് അല്‍ ജാബിര്‍ മദീനയില്‍ നിന്ന് തുടങ്ങിയ മാരത്തോണ്‍ മഫ്റഖ് രണ്ട് മാഗ്നെറ്റ പാര്‍ക്കിംഗ് ഏരിയയില്‍ സമാപിച്ചു. സഹിഷ്ണുതാ വര്‍ഷത്തിന്റെ ഭാഗമായി തൊഴിലാളികള്‍ക്കിടയില്‍ ആദ്യമായി ഒരുക്കിയ മരത്തോണില്‍ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്ന ആയിരക്കണക്കിന് പേര്‍ പങ്കാളികളായി. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന തൊഴിലാളി ഗ്രൂപ്പുകളില്‍ സഹിഷ്ണുത പ്രചരിപ്പിക്കുന്നതിന് മാരത്തോണ്‍ സഹായിക്കുമെന്ന് അബൂദബി മുനിസിപ്പാലിറ്റി സര്‍വീസസ് ആന്‍ഡ് സോഷ്യല്‍ ഹാപ്പിനസ് ജനറല്‍ മാനേജര്‍ ഈദ് അല്‍ മസ്‌റൂയി അഭിപ്രായപ്പെട്ടു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ യു എ ഇ യില്‍ താമസിച്ചു ജോലി ചെയ്യുന്നുണ്ടെന്നും തൊഴിലാളികള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ മാരത്തോണ്‍ സഹായിക്കുമെന്നും എല്‍ എല്‍ എച്ച് ആന്‍ഡ് ലൈഫ് കെയര്‍ ആശുപത്രി സി ഇ ഒ. സഫീര്‍ അഹമദ് വ്യക്തമാക്കി. യു എ ഇ സര്‍ക്കാറിന്റെ ഇത്തരം പദ്ധതികളോട് ചേര്‍ന്നു പങ്കുകൊള്ളാന്‍ കഴിയുന്നത് അംഗീകാരമായി കാണുന്നു. യു എ ഇ എന്നും വിവിധ രാജ്യങ്ങളില്‍ നിന്നും വന്നിട്ടുള്ളവര്‍ക്ക് തണലേകുന്ന രാജ്യമാണ്. ഇത്തരം പരിപാടികള്‍ പല നാടുകളില്‍ നിന്നും എത്തിയിട്ടുള്ള ആളുകള്‍ക്കിടയില്‍ സഹകരണം ഉറപ്പാക്കുന്നതില്‍ വലിയ പങ്കുവഹിക്കും- സഫീര്‍ കൂട്ടിച്ചേര്‍ത്തു.

മാരത്തോണില്‍ പങ്കെടുത്തവരുടെ സുരക്ഷിതത്വത്തിനായി എല്‍ എല്‍ എച്ച്, ലൈഫ് കെയര്‍, റെസ്പോണ്‍സ് പ്ലസ് മെഡിക്കല്‍ എന്നിവയിലെ വിദഗ്ധ സംഘം ആവശ്യമായ സഹായങ്ങള്‍ നല്‍കി. മത്സര വിജയികളെ ആദരിക്കുകയും മെഡലുകള്‍ സമ്മാനിക്കുകയും ചെയ്തു.

വിജയികള്‍ ഉഗാണ്ട സ്വദേശികള്‍
ഇയര്‍ ഓഫ് ടോളറന്‍സ് പദ്ധതിയുടെ ഭാഗമായി മഫ്റഖില്‍ സംഘടിപ്പിച്ച റണ്‍ ഫോര്‍ ടോളറന്‍സ് മാരത്തോണില്‍ പങ്കെടുത്ത അത്‌ലറ്റുകളില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിച്ചത് ഉഗാണ്ട സ്വദേശികള്‍ക്ക്. 26 മിനുട്ടില്‍ അഞ്ചു കിലോമീറ്റര്‍ ഓടി ഗില്‍ബെര്‍ട് ഒന്നാമതെത്തി. 26.10 മിനുട്ടില്‍ മുകുരുമുബാലക രണ്ടാം സ്ഥാനവും 26.20 മിനുട്ടില്‍ നുവാറീബാ മൂന്നാം സ്ഥാനവും നേടി.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest