Connect with us

Gulf

മിസിരി പള്ളി നല്‍കുന്ന പൈതൃക സന്ദേശം

Published

|

Last Updated

പൈതൃക നഗരമായ പൊന്നാനിയില്‍ നിന്നും ഒരു പള്ളി സംരക്ഷണ വാര്‍ത്ത അന്താരാഷ്ട്ര തലത്തില്‍ വരെ പ്രസിദ്ധീകരിക്കപ്പെട്ടത് ഏറെ കൗതുകപൂര്‍വ്വമാണ് മലയാളികള്‍ വീക്ഷിച്ചത്. പള്ളി പൗരാണിക രൂപത്തില്‍ സംരക്ഷിക്കുന്നതിനു വേണ്ടി രംഗത്തിറങ്ങിയ കേരള നിയമസഭാ സ്പീക്കറെ കുറിച്ചും അനഡോലി ഏജന്‍സി എന്ന തുര്‍ക്കിയിലെ ഏറെ പ്രചാരമുള്ള ഇംഗ്ലീഷ് വെബ് പോര്‍ട്ടല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. പുനര്‍ നിര്‍മ്മാണവശ്യാര്‍ത്ഥം നിര്‍മാണ തൊഴിലാളികള്‍ മസ്ജിദിനുമേല്‍ കൈവെച്ചപ്പോഴാണ് പൊന്നാനി മിസിരി പള്ളിയുടെ പൗരാണിക വിശേഷങ്ങള്‍ ചര്‍ച്ചയായത്. കാലപ്പഴക്കം മൂലം പള്ളി പൊളിക്കാന്‍ തീരുമാനിക്കുകയും അതിന്റെ ഭാഗമായി പല ഭാഗങ്ങളില്‍ നിന്നും ഓട് അടര്‍ത്തിമാറ്റുകയും ചെയ്തിരുന്നു. പക്ഷെ, പൊന്നാനിയുടെ സമ്പന്നമായ ചരിത്രത്തോട് ഇത്രമേല്‍ ചേര്‍ന്നു നില്‍ക്കുന്ന പൈതൃക സൗധത്തെ കേവലമൊരു കെട്ടിടം തകര്‍ത്തു കളയുന്ന ലാഘവത്തില്‍ പൊളിച്ചുമാറ്റുന്നത് ചോദ്യം ചെയ്തതില്‍ അമുസ്ലിം സുഹുത്തുക്കളും ഉണ്ടായിരുന്നു എന്നത് പൊന്നാനി എന്ന പ്രദേശം നൂറ്റാണ്ടുകളായി നില നിറുത്തി പോരുന്ന മാനവിക സൗഹാര്‍ദത്തിന്റെ അടയാളമായി മനസ്സിലാക്കാം.
പൊന്നാനി എം.എല്‍.എ.യും നിയമ സഭാ സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണന്റെ സമയോചിതമായ ഇടപെടല്‍ മിസ്രി പള്ളിയെ പൗരാണിക പ്രസരിപ്പോടെ നില നിറുത്തുന്നതിന് പ്രധാന ഘടകമായി മാറി. സ്പീക്കറുടെ ഇടപെടലിനെ തുടര്‍ന്ന് പള്ളി പൈതൃക സംരക്ഷണ പദ്ധതിയായ മുസ്രിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഴയ കാല തനിമയോടെ സംരക്ഷിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുയാണ്.

പൊന്നാനിയുടെ പൈതൃക ചരിത്ര വിശേഷങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതാണ് പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ മിസ്രി പള്ളി. മലബാറിലെ മക്ക എന്ന പേരില്‍ വിശ്രുതമായ പൊന്നാനി നഗരത്തിന് അനല്‍പ്പമായ പള്ളി വിശേഷങ്ങള്‍ പങ്കുവെക്കാനുണ്ട്. ഇത്ര മാത്രം പള്ളികള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രദേശം കേരളത്തില്‍ മറ്റൊരിടത്തും കാണാന്‍ കഴിയില്ല. പൊന്നാനി മുനിസിപ്പാലിറ്റി പരിധിയില്‍ 41 ജുമുഅത്ത് പള്ളികള്‍ ഉള്‍പ്പെടെ ചെറുതും വലുതുമായ 80 ലേറെ പള്ളികളുണ്ട്. ഓരോ പള്ളിക്കും അതി വിശാലമായ ചരിത്ര വിശേഷങ്ങള്‍ പങ്കു വെക്കാനുണ്ട്. പൊന്നാനിയിലെ ആദ്യത്തെ പള്ളിയായ തോട്ടുങ്ങല്‍ പള്ളി, കേരളത്തിലെ തന്നെ ആദ്യ പള്ളിയാണെന്നാണ് ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ ഏറ്റവും പുതുതായി കണ്ടെത്തിയിരിക്കുന്നത്. ഹിജ്‌റ 925ല്‍ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്‍ നിര്‍മിച്ച പൊന്നാനി വലിയ ജുമുഅത്ത് പള്ളി നിര്‍മ്മാണ വൈഭവം കൊണ്ട് ആരെയും അത്ഭുതപ്പെടുത്തുന്ന കര വിരുതുകള്‍ നിറഞ്ഞതാണ്.

പോര്‍ച്ചുഗീസ് ആക്രമണം ശക്തമായ പതിനാറാം നൂറ്റാണ്ടില്‍ ” തഹ് രീളു അഹ് ലില്‍ ഈമാനി അലാ ജിഹാദി അബദതി സുല്‍ബാന്‍ ” എന്ന ഗ്രന്ഥത്തിലൂടെ സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ സമരാഹ്വാനം നല്‍കിയ മഖ്ദൂം ഒന്നാമന്‍ സാമൂതിരിയോടൊപ്പം ചേര്‍ന്ന് കുഞ്ഞാലി മരക്കാര്‍മാരുടെ നാവിക പിന്‍ബലത്തില്‍ നിരന്തര പോരാട്ടങ്ങള്‍ നടത്തുകയും സമൂഹത്തിന് രാഷ്ട്രീയവും സാമൂഹികവും ആത്മീവുമായ നേതൃത്വം നല്‍കുകയും ചെയ്തു.

മഖ്ദൂമിന്റെ വിദേശബന്ധം ഉപയോഗപ്പെടുത്തി പോര്‍ച്ചുഗീസ് സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പോരാടുന്നതിന് മിസ്രില്‍ (ഈജിപ്ത് ) നിന്നും സൈനികരെ മലബാറിലേക്ക് കൊണ്ടുവന്നുവെന്നും ആ സൈനികര്‍ തങ്ങളുടെ മതപരമായ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ഉണ്ടാക്കിയ പളളിയാണ് മിസ്രി പള്ളി യെന്നും ചരിത്രം പറയുന്നു.
മഖ്ദൂമിന്റെ ആസ്ഥാനമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയെ കേന്ദ്രമാക്കി നിരവധി ചെറു പളളികളും ഒത്തു മദ്രസകളും തറവാടു വീടുകളും പഴയ കാലഘട്ടത്തില്‍ രൂപം കൊള്ളുകയും പൊന്നാനിയുടെ സാമൂഹിക സാംസ്‌കാരിക ജീവിതത്തെ അവ വളരെയേറെ സ്വാധീനിക്കകയും ചെയ്തു. അത്തരത്തില്‍ പൊന്നാനിയില്‍ പൈതൃക സമ്പത്തിന്റെ ശേഷിപ്പായി നില നില്‍ക്കുന്ന ഒരു പള്ളിയാണ് പുന നിര്‍മ്മാണത്തിന്റെ ഭാഗമായി നാമാവശേഷമാക്കാന്‍ തുടക്കം കുറിച്ചത്. പക്ഷെ, ചരിത്ര പ്രേമികളുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ വലിയൊരു പൈതൃക നഷ്ടപ്പെടലില്‍ നിന്നാണ് പൊന്നാനിയെ രക്ഷപ്പെടുത്തിയത്.

മുബാറക് മഖ്ദൂമി പൊന്നാനി

---- facebook comment plugin here -----

Latest