മാവോയിസ്റ്റ് -പോലീസ് ഏറ്റുമുട്ടൽ: കനത്ത ജാഗ്രത; പരിശോധന കർശനം

Posted on: March 8, 2019 11:44 am | Last updated: March 8, 2019 at 11:44 am

വയനാട്ടിൽ ആദ്യമായി മാവോയിസ്റ്റുകൾ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നത് 2014ൽ. വെള്ളമുണ്ട സ്റ്റേഷനിൽ നിന്നുള്ള ഏതാനും പോലീസുകാർ നിരവിൽപുഴ ഭാഗത്ത് ജീപ്പിൽ സഞ്ചരിക്കവേ വാഹനത്തിന് നേർക്ക് വെടിയുതിർത്തതായിരുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ പരിഭ്രാന്തരായ പോലീസുകാർ സ്റ്റേഷനിലെത്തിയ ഉടൻ സംഭവം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തു. ഇതിന് ശേഷമാണ് വയനാട്ടിൽ അധികൃതർ ജാഗരൂകരാകുന്നത്.

ഇതേവർഷം തന്നെ കുഞ്ഞോം ഉൾവനത്തിൽ ആദിവാസി കുറിച്യ വിഭാഗത്തിന്റെ ഗ്രാമമായ ചപ്പയിൽ ആദ്യമായി മാവോയിസ്റ്റുകളും തണ്ടർബോൾട്ട്, പോലീസ് സംഘങ്ങളും നേർക്കുനേർ വന്നു.തണ്ടർബോൾട്ട് സംഘത്തിന് നേരെ വെടിയുതിർത്ത ശേഷം മാവോയിസ്റ്റുകൾ രക്ഷപ്പെട്ടെങ്കിലും ഈ സംഭവം വലിയ വിവാദങ്ങൾക്ക് കാരണമായി. ഏറ്റുമുട്ടുലുണ്ടായി എന്ന പോലീസ് വാദമാണ് ആദ്യം പുറത്തുവന്നത്. എന്നാൽ, ഒരു വെടിയൊച്ച മാത്രമാണ് കേട്ടതെന്ന് കോളനി വാസികളിൽ ചിലർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇപ്പോൾ ജയിൽവാസമനുഭവിക്കുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷും സംഘവും കേരളത്തിൽ അവരുടെ ആദ്യ ഓപറേഷൻ ആരംഭിക്കുന്നത് കുഞ്ഞോം വനം കേന്ദ്രീകരിച്ചായിരുന്നു. എന്നാൽ പിടിയിലായതിന് ശേഷം തെളിവെടുപ്പിനായി രൂപേഷിനെ പ്രദേശത്ത് എത്തിച്ചപ്പോൾ ഇക്കാര്യങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു.

ചപ്പ ഗ്രാമത്തിലെ ഏതാനും വീടുകളിൽ രൂപേഷും സംഘവും സ്ഥിരമായി വരാറുണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് ഇവിടെ വെച്ച് മാവോയിസ്റ്റുകളെ പിടികൂടാനായി ശ്രമം നടന്നത്. അന്ന് വനത്തിലേക്ക് രക്ഷപ്പെട്ട മാവോയിസ്റ്റ് സംഘത്തിനൊപ്പം പോകാൻ തണ്ടർബോൾട്ട് തന്നെ ഭയപ്പെട്ടു.
2014 ഏപ്രിൽ 24ന് അർധരാത്രി മാനന്തവാടി ട്രാഫിക് യൂനിറ്റിൽ ജോലി ചെയ്തിരുന്ന സിവിൽ പൊലീസ് ഓഫീസർ പ്രമോദിന്റെ വീട്ടിലെത്തി മാവോയിസ്റ്റുകൾ ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തിന്റെ ബൈക്ക് കത്തിക്കുകയും ചെയ്തിരുന്നു. സംഘത്തിൽ രൂപേഷ് ഉൾപ്പെടെയുള്ള മാവോയിസ്റ്റ് നേതാക്കൾ ഉണ്ടായിരുന്നതായി പിന്നീട് പോലീസ് സ്ഥിരീകരിച്ചു.നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള പേര്യ റേഞ്ചിലെ വനത്തോട് ചേർന്നുള്ള മട്ടിലയത്താണ് പ്രമോദിന്റെ വീട്. വീടിന്റെ ചുമരിൽ പതിച്ച പോസ്റ്ററിൽ ഒറ്റുകാർക്കുള്ള ശിക്ഷ മരണമാണെന്നും, ഈ നോട്ടീസ് താക്കീത് മാത്രമാണെന്നും എഴുതിയിരുന്നു. പിന്നീട് കുഞ്ഞോത്ത് ഫോറസ്റ്റ് സ്റ്റേഷൻ ആക്രമിച്ച് തീയിട്ട സംഭവം ഉണ്ടായി.

2018ൽ നിരവധിയിടങ്ങളിൽ പകൽസമയങ്ങളിൽ പോലും മാവോയിസ്റ്റുകൾ എത്തി ലഘുലേഖ വിതരണം ചെയ്തത് വലിയ വാർത്തകളായി മാറിയിരുന്നു. സംസ്ഥാന സർക്കാറിനെതിരെ രൂക്ഷമായ വിമർശനങ്ങളുന്നയിച്ചായിരുന്നു വയനാട് പ്രസ് ക്ലബിൽ”കനൽപാത’എന്ന ന്യൂസ് ബുള്ളറ്റിൻ ലഭിച്ചത്.പ്രളയം സർക്കാർ സൃഷ്ടിയായിരുന്നവെന്നതടക്കമുള്ള ആരോപണങ്ങളുന്നയിച്ച പ്രസിദ്ധീകരണം നാടുകാണി പീപ്പിൾ ലിബറേഷൻ ഗറില്ല ആക്ഷൻ (പി എൽ ജി എ) പുറത്തിറക്കിയതായിരുന്നു. ജനങ്ങളുടെ ജീവൻ കൊണ്ട് പന്താടിയ ഉദ്യോഗസ്ഥ-ഭരണകൂട സംവിധാനത്തെ ചോദ്യം ചെയ്യാനും വൻകിട ഡാമുകൾ പൊളിച്ചുമാറ്റണമെന്നും ബുള്ളറ്റിനിൽ ആവശ്യമുന്നയിച്ചിരുന്നു. 2018 ഡിസംബർ 15നാണ് തലപ്പുഴയിൽ ബേങ്ക് ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് മാവോയിസ്റ്റുകൾ പ്രകടനം നടത്തിയത്.തലപ്പുഴ പോലീസ് സ്റ്റേഷന് സമീപത്തെ നാൽപ്പത്തിനാല് എന്ന ചെറിയ ടൗണിൽ നടത്തിയ പ്രകടനം പോലീസിനെ വിറപ്പിച്ചു.

വയനാട് പേര്യയിലും അമ്പായത്തോട്ടിലും സമാനരീതിയിൽ മാവോയിസ്റ്റുകളെത്തി പ്രതിഷേധം അറിയിച്ചിരുന്നു. പിന്നീട് തുടരെ തുടരെ പടിഞ്ഞാറത്തറ സ്റ്റേഷൻ പരിധിയിലെ കാപ്പിക്കളം, വാളാരംകുന്ന് വൈത്തിരി സ്റ്റേഷൻ പരിധിയിലെ സുഗന്ധഗിരി, ലക്കിടി, മേപ്പാടി സ്റ്റേഷൻ പരിധികളിലെല്ലാം മാവോയിസ്റ്റുകളെത്തി. പോലീസ് എത്തുമ്പോഴേക്കും കാട്ടിലേക്ക് മറയുകയായിരുന്നു രീതി. എന്നാൽ,കഴിഞ്ഞ ദിവസം രാത്രി റിസോർട്ടിനുള്ളിലായിരുന്നതിനാലും എത്തിയ ഉടനെ പൊലീസ് വെടിയുതിർത്തതുമാണ് സംഘത്തിന് വിനയായത്.മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ നടന്ന വൈത്തിരി, ലക്കിടി പ്രദേശങ്ങളടക്കം ദേശീയപാതയിൽ അതീവ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെങ്ങും പോലീസ് റോന്തു ചുറ്റുകയാണ്. സംശയമുള്ള വാഹനങ്ങളെയും വ്യക്തികളെയുമൊക്കെ ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടെ വൈത്തിരി ഉപവൻ റിസോർട്ടിൽ പോലീസ് വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് ജലീലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. തുടർന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശമായ പാണ്ടിക്കാട് നെല്ലിക്കുത്തിലേക്ക് കൊണ്ടു പോയി സംസ്‌കരിക്കും.