തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച യുവാവിനെതിരെ എടവണ്ണ പോലീസ് കേസെടുത്തു

Posted on: March 8, 2019 11:07 am | Last updated: March 8, 2019 at 2:17 pm

മലപ്പുറം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന ആരോപണമുന്നയിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. മലപ്പുറം മഞ്ചേരി സ്വദേശി മുസ്ഫിര്‍ കാരക്കുന്നിനെതിരെയാണ് എടവണ്ണ പോലീസ് കേസെടുത്തത്. ആരോപണം തെറ്റാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് കേസ്.

തിരഞ്ഞെടുപ്പില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്റായിരുന്നു മുസ്ഫിര്‍. തിരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരം ആസ്ഥാനമായുള്ള ഐടി കമ്പനിയില്‍നിന്നും തനിക്കൊരു ഫോണ്‍ വന്നുവെന്നും തന്റെ സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തി നല്‍കാമെന്നും ഇതിനായി അഞ്ച് കോടി രൂപ നല്‍കണമെന്നുമായിരുന്നു അവര്‍ പറഞ്ഞതെന്നായിരുന്നു മുസ്ഫിര്‍ ആരോപിച്ചത്. സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ആരോപണം തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു.