ചുരത്തിൽ കെ എസ് ആർ ടി സി ബസിന് മുകളിലേക്ക് പാറക്കല്ല് പതിച്ചു

Posted on: March 8, 2019 9:25 am | Last updated: March 8, 2019 at 9:25 am


താമരശ്ശേരി: ചുരത്തിൽ കെ എസ് ആർ ടി സി ബസ് പാറക്കെട്ടിൽ ഇടിച്ചതിനെ തുടർന്ന് പാറക്കല്ല് ബസിന് മുകളിലേക്ക് പതിച്ചു. ചുരം ഏഴാം വളവിന് സമീപം ഇന്നലെ
രാത്രി ഏഴരയോടെയാണ് അപകടം. കോഴിക്കോട് നിന്ന് കൽപ്പറ്റയിലേക്ക് പോവുകയായിരന്ന കെ എസ് ആർ ടി സി ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ പാറക്കെട്ടിൽ ഇടിച്ചതിനെ തുടർന്ന് പാറക്കെട്ട് ഇളകി വലിയ കല്ല് ബസിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ബസിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടത്തെ തുടർന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. അടിവാരത്തു നിന്ന് പോലീസ് സ്ഥലത്തെത്തിയാണ് വൺവേ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിട്ടത്.