ചാലിയാറിൽ ഉല്ലാസ ബോട്ട് പാറയിലിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി

Posted on: March 8, 2019 9:22 am | Last updated: March 8, 2019 at 9:23 am
പാറയിലിടിച്ചുകയറിയ ഉല്ലാസ ബോട്ടിലെ യാത്രക്കാരെ നാട്ടുകാർ തോണിയിൽ രക്ഷപ്പെടുത്തുന്നു

മാവൂർ: പാറയിലിടിച്ചുകയറിയ ഉല്ലാസ ബോട്ട് ചാലിയാറിനു നടുവിൽ അപകടത്തിൽപ്പെട്ടു. ചാലിയാറിലെ ഊർക്കടവ് റഗുലേറ്ററിന് താഴെ ആക്കോടിനു സമീപമാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരുക്കില്ല.

ഫറോക്കിലെ സ്വകാര്യ റിസോർട്ടിൽ നിന്നുള്ള 16 വിദേശ വിനോദ സഞ്ചാരികളും രണ്ട് ബോട്ട് ജീവനക്കാരുമടക്കം 18 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. വേലിയിറക്ക സമയത്ത് കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിലെ പാറയിൽ ഇടിച്ചുകയറുകയായിരുന്നു ബോട്ട്. ബോട്ട് മറിയാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. അടിഭാഗത്തുണ്ടായ വിള്ളലിലൂടെ വെള്ളം കയറിത്തുടങ്ങിയതോടെ യാത്രക്കാർ ബഹളം വെച്ചു. തുടർന്ന് ആക്കോട് സ്വദേശി മജീദിന്റെ നേതൃത്വത്തിൽ നാട്ടുകാർ തോണിയിലെത്തിയാണ് ബോട്ടിലുള്ളവരെ കരക്കെത്തിച്ചത്. ആറ് മണിയോടെ റിസോർട്ടിൽ നിന്ന് മറ്റൊരു ബോട്ടെത്തിയാണ് വിനോദസഞ്ചാരികളെയും അവരുടെ ലഗേജും തിരിച്ചുകൊണ്ടുപോയത്.

ബേപ്പൂരിൽ നിന്ന് ടഗ് മാസ്റ്റർ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിൽ പോർട്ട് റസ്‌ക്യൂ ടീം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ബോട്ട് പുഴക്ക് നടുവിൽ തന്നെ കിടക്കുകയാണ്. വേലിയേറ്റ സമയത്ത് വെള്ളം ഉയർന്നാൽ മാത്രമേ ബോട്ട് കരക്കെത്തിക്കാനാവൂ. ബോട്ടിൽ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് ബോട്ട് മുങ്ങാത സൂക്ഷിക്കുന്നത്. ബോട്ടിന്റെ മധ്യഭാഗമാണ് പാറക്കെട്ടിൽ ഇടിച്ചുനിന്നത്. മറ്റ് ഭാഗങ്ങളായിരുന്നു അപകടത്തിൽപ്പെട്ടതെങ്കിൽ ബോട്ട് പുഴയിൽ മുങ്ങുമായിരുന്നുവെന്ന് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി കരയിലെത്തിച്ച നാട്ടുകാർ പറഞ്ഞു.