കാബൂളില്‍ പ്രമുഖര്‍ പങ്കെടുത്ത പൊതു പരിപാടിക്കു നേരെ ആക്രമണം; മൂന്നുപേര്‍ കൊല്ലപ്പെട്ടു

Posted on: March 8, 2019 12:01 am | Last updated: March 8, 2019 at 10:48 am

ലണ്ടന്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബുളില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്ത പൊതു സമ്മേളനത്തിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരുക്കേറ്റു. ഇസ്‌ലാമിക് സ്റ്റേറ്റ്‌സ് (ഐ എസ്) ഗ്രൂപ്പ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 1995ല്‍ താലിബാന്‍ കൊലപ്പെടുത്തിയ പ്രമുഖ ശിയാ, ഹസാര നേതാവ് അബ്ദുല്‍ അലി മസരിയുടെ ചരമ വാര്‍ഷികവുമായി ബന്ധപ്പെട്ട പൊതു പരിപാടിക്കു നേരെയാണ് ആക്രമണമുണ്ടായത്.

ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുല്ല അബ്ദുല്ല, മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി, മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹനീഫ് അത്മര്‍, മുന്‍ വൈസ് പ്രസിഡന്റ് യൂനുസ് ഖാനൂനി, വിദേശകാര്യ മന്ത്രി സലാഹുദ്ദീന്‍ റബ്ബാനി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം മസാരിയുടെ ചരമ വാര്‍ഷികാചരണം നടക്കുന്നതിനിടെ ഒരു പള്ളിക്കു പുറത്ത് നടന്ന ചാവേറാക്രമണത്തില്‍ പത്തുപേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്നത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തവും ഐ എസ് ഏറ്റെടുത്തിരുന്നു. ശിയ, ഹസാര സമുദായങ്ങള്‍ക്കു സ്വാധീനമുള്ള തെക്കുപടിഞ്ഞാറന്‍ കാബൂളിലാണ് രണ്ട് ആക്രമണങ്ങളും നടന്നത്.