കൊല്ലം: ചന്ദനത്തോപ്പ് ഐ ടി ഐ വിദ്യാര്‍ഥി രഞ്ജിത്തിനെ മര്‍ദിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ള അറസ്റ്റില്‍. രഞ്ജിത്തിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു കൊന്ന സംഘത്തിലെ പ്രധാനിയായിരുന്നു സരസന്‍പിള്ളയെന്ന് രഞ്ജിത്തിന്റെ കുടുംബവും അയല്‍വാസികളും അടക്കമുള്ളവര്‍ പോലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഒളിവില്‍ പോയ സരസന്‍ പിള്ളയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സരസന്‍ പിള്ളയെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് സിപിഎം നീക്കി. സംഭവത്തില്‍ സരസന്‍ പിള്ളക്ക് പങ്കില്ലെന്നും ആക്രമത്തില്‍ പങ്കെടുത്തിട്ടില്ലെന്നും സിപിഎം നേരത്തെ പറഞ്ഞിരുന്നു.

രഞ്ജിത്തിന്റെ കൊലപാതകത്തില്‍ കൊല്ലം ജില്ലാ ജയിലിലെ അസിസ്്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തേവലക്കര അരിനല്ലൂര്‍ മല്ലകത്ത് കിഴക്കതില്‍ വിനീതിനെ (30) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തേവലക്കര അരിനല്ലൂര്‍ ചിറാലക്കോട്ട് കിഴക്കതില്‍ രാധാകൃഷ്ണപിള്ള- രജനി ദമ്പതികളുടെ മകനായ രഞ്ജിത്ത് (18) ആണ് ആളുമാറിയുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഫെബ്രുവരി 14ന് രാത്രി ഒമ്പതരക്കാണ് സംഭവം. പ്രണയ ദിനത്തില്‍ വിനീതിന്റെ അടുത്ത ബന്ധുവായ പെണ്‍കുട്ടിയെ രഞ്ജിത്ത് ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. അതേസമയം പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയില്ലെന്ന് തെളിഞ്ഞിരുന്നു.