Connect with us

Malappuram

മുജാഹിദുകള്‍ മന്ത്രവാദത്തിലേക്ക് പോയതിന് കാരണം മുന്‍കാല നേതാക്കള്‍: മര്‍കസുദ്ദഅ്‌വ

Published

|

Last Updated

ഫിറോസ് അലി

കോഴിക്കോട്: മുജാഹിദുകൾ ജിന്ന് ചികിത്സയിലേക്കും മന്ത്രവാദത്തിലേക്കും വഴുതിപ്പോകാനുള്ള കാരണം മുൻകാല നേതാക്കളുടെ തെറ്റായ പ്രബോധനരീതി കാരണമാണെന്ന് സി പി ഉമർ സുല്ലമിയുടെ നേതൃത്വത്തിലുള്ള മുജാഹിദ് മർകസുദ്ദഅ്‌വ വിഭാഗം. ജിന്ന് ചികിത്സയിലകപ്പെട്ട് മലപ്പുറം കരുളായിയിൽ യുവാവ് മരണപ്പെടാനിടയായ സംഭവത്തിൽ വിസ്ഡം മുജാഹിദ് ഗ്രൂപ്പിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലായിരുന്നുമർകസുദ്ദഅ്‌വ വിഭാഗം നേതാക്കളുടെ കുറ്റസമ്മതം.

മുജാഹിദ് വിഭാഗം കാലങ്ങളായി അന്ധവിശ്വാസങ്ങൾക്കെതിരെ ക്യാമ്പയിനുകൾ നടത്തിയിട്ടും എന്തുകൊണ്ട് ഈ വിഭാഗത്തിൽ നിന്ന് തന്നെ മന്ത്രവാദികളും ജിന്ന് ചികിത്സകരും ഉയർന്നുവരുന്നുവെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിലാണ് കെ എൻ എം മർകസുദ്ദഅ്‌വ സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പിലാക്കൽ മുൻകാല നേതാക്കൾക്ക് പറ്റിയ തെറ്റ് ഏറ്റുപറഞ്ഞത്.

ഐക്യ സംഘം സ്ഥാപക നേതാവ് വക്കം അബ്ദുൽ ഖാദിർ മൗലവിയടക്കമുള്ള നേതാക്കൾ മന്ത്രവാദ ചികിത്സകൾ നടത്തിയ കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു.ആഗോള തലത്തിൽ സലഫികൾ വെച്ചുപുലർത്തുന്ന ചില ആചാര വിശ്വാസ രീതികളെയും മർകസുദ്ദഅ്‌വ വിമർശിച്ചു. ഗൾഫിലും മറ്റും ജിന്ന്, മന്ത്രവാദ ചികിത്സകൾ നടക്കുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങളോടാണ് മുജാഹിദ് മൗലവിമാരുടെ ഈ പ്രതികരണം. ലോകതലത്തിൽ നടക്കുന്ന വിശ്വാസാചാരങ്ങളോടൊന്നും കേരളത്തിലെ തനതായ മുജാഹിദ് വിഭാഗമായ തങ്ങൾക്ക് യോജിക്കാനാവില്ലെന്നും ഇവിടുത്തേത് വേറിട്ട രീതിയാണെന്നും അവർ പറഞ്ഞു.

മഞ്ചേരി ചെരണിയിലെ ജിന്ന് ചികിത്സാകേന്ദ്രത്തിൽ മുജാഹിദ് പ്രവർത്തകനായ ഫിറോസ് ചികിത്സക്കിടെ ക്രൂരമായി കൊല്ലപ്പെടാനിടയായ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം അബ്ദുല്ലക്കോയ മദനിയുടെ നേതൃത്വത്തിലുള്ള കെ എൻ എം സിഡി ടവർ വിഭാഗത്തിനാണെന്ന് മർകസുദ്ദഅ്‌വ നേതാക്കൾ പറഞ്ഞു. മുജാഹിദ് പ്രസ്ഥാനത്തിന്റെ പള്ളികളും സ്ഥാപനങ്ങളും സ്റ്റേജുകളും പ്രസിദ്ധീകരണങ്ങളുമെല്ലാം അന്ധവിശ്വാസ പ്രചാരണ കേന്ദ്രങ്ങളാക്കി മാറ്റിയ കെ എൻ എം സി ഡി ടവർ വിഭാഗം സമുദായ ദ്രോഹികളാണെന്നും ജിന്ന് ചികിത്സകരായ വിസ്ഡം ഗ്രൂപ്പിനെ വളർത്തിയെടുത്തത് ഇവരാണെന്നും സുല്ലമി വിഭാഗം പറഞ്ഞു.

കരൾ രോഗ ബാധിതനായ തന്നെ മഞ്ചേരി ചെരണിയിലെത്തിച്ച് 26 ദിവസത്തോളം മരുന്നോ മറ്റോ നൽകാതെ പീഡിപ്പിച്ചെന്ന ഫിറോസിന്റെ തന്നെ ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടിയെടുക്കണം. ഈയാവശ്യമുന്നയിച്ചും അന്ധവിശ്വാസങ്ങൾക്കെതിരെ നിയമ നിർമാണം വേണമെന്നാവശ്യപ്പെട്ടും മർകസുദ്ദഅ്‌വയുടെ ആഭിമുഖ്യത്തിൽ ജില്ലകൾ തോറും പ്രതിഷേധ സംഗമങ്ങൾ നടത്തിവരുന്നതായും അവർ പറഞ്ഞു.

Latest