Connect with us

Kerala

ചൂടിന് കുറവില്ല, ജാഗ്രത തുടരാൻ നിർദേശം

Published

|

Last Updated

തിരുവനന്തപുരം: അത്യുഷ്ണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രതാ നിർദേശം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കനത്ത ചൂടാണ് സംസ്ഥാനത്തുടനീളം അനുഭവപ്പെടുന്നത്. ഇന്നും ചൂട് കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളത്തിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിരുന്നു.

അന്തരീക്ഷ താപനില വർധിക്കുന്നതും തുലാവർഷത്തിലെ കുറവും വരും നാളുകളിൽ കേരളത്തെ വരൾച്ചയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ. വേനൽമഴ ലഭിച്ചില്ല എങ്കിൽ രണ്ട് വർഷം മുമ്പ് ഉണ്ടായതിനേക്കാൾ വലിയ വരൾച്ചയെ നേരിടേണ്ടി വരും. ജലാശയങ്ങൾ വറ്റിവരണ്ടതും പുഴകളിൽ ജലനിരപ്പ് താഴ്ന്നതും ഇതിന്റെ സൂചനയാണ്
കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് തന്നെ ശരാശരി താപനിലയിൽ നാല് ഡിഗ്രി സെൽഷ്യസിന് മുകളിലാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് കോർപറേഷന് കീഴിലെ ക്ലീനിംഗ് തൊഴിലാളികൾ ഉൾപ്പെടെ വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരുടേയും പ്രവൃത്തി സമയം ഉച്ചക്ക് 12 വരെയാക്കി പുതുക്കി നിശ്ചയിച്ചു. അടുത്ത ഒരു ആഴ്ചത്തേക്കാണ് ഈ പുതുക്കിയ പ്രവൃത്തി സമയം നിലനിൽക്കുക. കോഴിക്കോടും പാലക്കാടും 36 ഡിഗ്രിയായിരുന്നു ഇന്നലെ താപനില. തിരുവനന്തപുരത്ത് 35 ഡിഗ്രിയാണ് അനുഭവപ്പെട്ടത്.

രാവിലെ പതിനൊന്ന് മുതൽ വൈകീട്ട് മൂന്ന് വരെ നേരിട്ട് സൂര്യാതപം ഏൽക്കുന്ന പണികൾ ചെയ്യിപ്പിക്കുന്ന കമ്പനികൾക്കും ഉടമകൾക്കുമെതിരെ നടപടി സ്വീകരിക്കും. വിദ്യാർഥികളുടെ പരീക്ഷാക്കാലമായതിനാൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കനത്ത ചൂടിൽ ഹയർസെക്കൻഡറി പരീക്ഷക്കെത്തുന്ന വിദ്യാർഥികളും ആശങ്കയിലാണ്. പരീക്ഷക്കെത്തുന്ന വിദ്യാർഥികൾക്കായി ജല ലഭ്യത ഉറപ്പുവരുത്താൻ സ്‌കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴിൽ വകുപ്പും നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണം. താപനില ക്രമാതീതമായി ഉയരുന്നതിനാൽ തൊഴിലാളികൾക്ക് സൂര്യാതപം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി സൂര്യപ്രകാശം നേരിട്ട് എൽക്കേണ്ടി വരുന്ന തൊഴിൽ സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്. തൊഴിൽദാതാക്കൾ ഈ നിർദേശം കൃത്യമായി പാലിക്കണമെന്നും ദുരന്ത നിവാരണ സമിതി അറിയിച്ചു.അതേസമയം ചൂട് കൂടിയതോടെ പകർച്ച വ്യാധികളും പടർന്ന് പിടിക്കുകയാണ്. ക്ഷീണം, നിർജ്ജലീകരണം, മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമാണ്. സൂര്യാതപം, സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

വെയിലത്ത് പണിയെടുക്കുന്നവർക്കാണ് കൂടുതൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവുക. കടുത്ത ക്ഷീണം, നിർജ്ജലീകരണം എന്നിവ വ്യാപകമാകുന്നു. നേരിട്ട് വെയിൽ ഏൽക്കുന്നത് തടയാൻ മുൻകരുതലെടുക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. ചൂട് അകറ്റാൻ തണുത്ത ജ്യൂസ് ഉൾപ്പെടെയുള്ളവ കഴിക്കുന്നത് കാരണം നിരവധി പേരാണ് വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ അസുഖങ്ങളുമായി ആശുപത്രികളിൽ എത്തുന്നത്. വെയിലിൽ നിന്ന് പരമാവധി മാറിനിൽക്കുക, ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുക, അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. കുറഞ്ഞത് ഇത്രയെങ്കിലും കരുതലുണ്ടായാൽ ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളിൽ നിന്ന് രക്ഷ നേടാനാവും.

Latest