Connect with us

Kerala

വടകരയില്‍ പി ജയരാജന്‍ സിപിഎം സ്ഥാനാര്‍ഥിയാകും

Published

|

Last Updated

തിരുവനന്തപുരം: വടകര ലോക്‌സഭാ മണ്ഡലത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎമ്മില്‍ ധാരണ. ലോക്‌സഭ മണ്ഡലം കമ്മിറ്റി യോഗത്തിലാണ് ധാരണയായത്. യോഗത്തില്‍ പി സതീദേവിയുടെയും പി എ മുഹമ്മദ് റിയാസിന്റെയും വി ശിവദാസന്റെയും പേരുകള്‍ ഉയര്‍ന്നെങ്കിലും പി ജയരാജനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് തവണ തുടര്‍ച്ചയായി കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാന്‍ ശക്തനായ ഒരു സ്ഥാനാര്‍ത്ഥി വേണമെന്നതിനാലാണ് പി ജയരാജനെ സി.പി.എം സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. യോഗത്തിലെ ഭൂരിപക്ഷം പേരും പി ജയരാജനെ പിന്തുണച്ചതായാണ് വിവരം.
ജയരാജന്റെ ജനമ്മിതിയും സംഘടനാ സ്വാധീനവും മണ്ഡലത്തില്‍ ഗുണം ചെയ്യുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. തുടര്‍ച്ചയായി രണ്ട് തവണ വടകരയില്‍ നിന്ന് വിജയിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇത്തവണ മത്സരരംഗത്ത് ഉണ്ടാകില്ലെന്ന സൂചനയും എല്‍ജെഡിയുടെ കരുത്തും കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലത്തിലെ സ്വാധീനവും ജയരാജന് വിജയപ്രതീക്ഷ നല്‍കുന്നുണ്ട്.

അതേസമയം, കോഴിക്കോട് മണ്ഡലത്തില്‍ എ.പ്രദീപ് കുമാര്‍ എം.എല്‍.എ സ്ഥാനാര്‍ത്ഥിയാവും എന്ന് ഏതാണ്ട് ഉറപ്പായി. പത്തനംതിട്ടയില്‍ ആറന്മുള എംഎല്‍എ വീണാ ജോര്‍ജിനേയും കോട്ടയത്ത് ജില്ലാ സെക്രട്ടറി വിഎന്‍ വാസവനേയും മത്സരിപ്പിക്കാന്‍ മണ്ഡലം കമ്മിറ്റികള്‍ നിര്‍ദേശം വെച്ചു. ചാലക്കുടിയില്‍ ഇന്നസെന്റഇനെ വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. ഇന്നസെന്റിന് പകരം സാജുപോളിനേയോ പി രാജീവിനേയോ പരിഗണിക്കണമെന്നാണ് ആവശ്യം. ചാലക്കുടിയില്‍ ഇന്നസെന്റ് മത്സരിച്ചാല്‍ വിജയസാധ്യതയില്ലെന്നാണ് പാര്‍ട്ടി ലോക്‌സഭാ മണ്ഡലം കമ്മിറ്റിയുടെ അഭിപ്രായം.

എ സമ്പത്ത് (ആറ്റിങ്ങല്‍), ജോയ്‌സ് ജോര്‍ജ് (ഇടുക്കി), എം ബി രാജേഷ് (പാലക്കാട്) പി കെ ബിജു (ആലത്തൂര്‍), പി കെ ശ്രീമതി (കണ്ണൂര്‍), കെ എന്‍ ബാലഗോപാല്‍ (കൊല്ലം), എ എം ആരിഫ് (ആലപ്പുഴ), പി രാജീവ് (എറണാകുളം) സതീഷ്ചന്ദ്രന്‍ (കാസര്‍കോട്), വി പി സാനു (മലപ്പുറം) എന്നിവരാണ് മറ്റു സീറ്റുകളിലേക്ക് പരിഗണിക്കുന്നവര്‍. സിറ്റിംഗ് എം പിമാരില്‍ പി കരുണാകരന്‍ ഒഴികെ മറ്റുള്ളവര്‍ക്കെല്ലാം സീറ്റ് നല്‍കാനാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായിരുന്നു. നാളെ ചേരുന്ന സംസ്ഥാന സമിതി യോഗം അന്തിമ തീരുമാനമെടുക്കും. ഘടകകക്ഷികളുമായി നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.