ബാബരി കേസ്: മധ്യസ്ഥതരെ നിയമിക്കുന്നതില്‍ സുപ്രീം കോടതി ഉത്തരവ് പിന്നീട്

Posted on: March 6, 2019 1:19 pm | Last updated: March 6, 2019 at 5:26 pm

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുമായി ബന്ധപ്പെട്ട കേസ് മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നത് സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് പിന്നീട്. ആരൊക്കെയാണ് മധ്യസ്ഥരായി വേണ്ടത് എന്നത് സംബന്ധിച്ച് കക്ഷികള്‍ക്ക് കോടതിയില്‍ പട്ടിക നല്‍കാമെന്ന് കോടതി വ്യക്തമാക്കി. മധ്യസ്ഥത ശ്രമത്തെ ഹിന്ദുസംഘടനകളും യുപി സര്‍ക്കാരും എതിര്‍ത്തപ്പോള്‍ മുസ്‌ലിം സംഘടനകള്‍ അനുകൂലിച്ചു. ക്ഷേത്രം പണിയുന്നതില്‍ നിന്ന് പിന്നോട്ട് പോകാന്‍ തയ്യാറല്ലെന്നും പള്ളി നിര്‍മാണത്തിന് മറ്റൊരു സ്ഥലം നല്‍കാന്‍ തയാറാണെന്നും
ഹിന്ദു സംഘടനകള്‍ കോടതിയെ വ്യക്തമാക്കി. എന്നാല്‍, ഹിന്ദു സംഘടനകള്‍ എതിര്‍ത്താലും മധ്യസ്ഥ ശ്രമത്തിന് സുപ്രീം കോടതി ഉത്തരവിടണമെന്ന് മുസ്‌ലിം സംഘടനകള്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

മധ്യസ്ഥ ശ്രമം തുടങ്ങും മുന്‍പേ പരാജയപ്പെടും എന്നാണോ പറയുന്നതെന്ന് ജസ്റ്റിസ്. എസ്.എ. ബോബ്ദെ ചോദിച്ചു. മധ്യസ്ഥതയുടെ ഫലത്തെക്കുറിച്ചു കോടതി വ്യാകുലപ്പെടുന്നില്ല. ഇതിനു രഹസ്യ സ്വഭാവം ഉണ്ടാകും. മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തുമെന്നും കോടതി അറിയിച്ചു. അടുത്തു തന്നെ ഉത്തരവ് പാസാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
അതേസമയം മധ്യസ്ഥതയെ സുന്നി വഖഫ് ബോര്‍ഡ് പിന്തുണച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണു കേസ് പരിഗണിച്ചത്. നേരത്തെ മധ്യസ്ഥ ശ്രമത്തിലൂടെ പരിഹരിക്കാന്‍ ചെറിയ ശതമാനം സാധ്യതയാണെങ്കില്‍ പോലും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.