Connect with us

National

കര്‍ണാടകയില്‍ രാജിവച്ച കോണ്‍ഗ്രസ് എം എല്‍ എ ബി ജെ പിയില്‍

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ കഴിഞ്ഞദിവസം രാജിവച്ച കോണ്‍ഗ്രസ് എംഎല്‍എ ഡോ. ഉമേഷ് ജാദവ് ബിജെപിയില്‍ ചേര്‍ന്നു. നിയമസഭയില്‍ ചിഞ്ചോളി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഉമേഷ് കഴിഞ്ഞദിവസമാണ് രാജിവെച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കല്‍ബുര്‍ഗി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ ബി ജെ പി ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിഞ്ചോലി മണ്ഡലത്തില്‍ നിന്ന് ഇത് രണ്ടാം തവണയാണ് അദ്ദേഹം നിയമസഭയത്.

കര്‍ണാടക നിയമസഭയിലെ നാല് കോണ്‍ഗ്രസ് വിമത എം എല്‍ എമാരില്‍ ഒരാളായിരുന്നു ഉമേഷ് ജാദവ്. ബി ജെ പിയുടെ കുതിരക്കച്ചവട നീക്കങ്ങള്‍ക്കിടയില്‍ നടന്ന നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ നിന്ന് ഉമേഷ് ജാദവ് ഉള്‍പ്പെടെ നാല് എം എല്‍ എമാരാണ് വിട്ടുനിന്നിരുന്നത്. രമേഷ് ജാര്‍ക്കിഹോളി, ബി നാഗേന്ദ്ര, മഹേഷ് കുത്തമഹള്ളി എന്നിവരാണ് മറ്റു എം എല്‍ എമാര്‍.

സമ്മേളനത്തില്‍ പങ്കെടുക്കാത്തതിന് കോണ്‍ഗ്രസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് തൃപ്തികരമായ മറുപടി നല്‍കാന്‍ പോലും ഉമേഷ് ജാദവ് തയ്യാറായില്ല. ഇവര്‍ ബി ജെ പിക്കൊപ്പമാണെന്ന ധാരണയില്‍ വിപ്പ് ലംഘിച്ച എം എല്‍ എമാരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

Latest