മസ്ഊദ് അസ്ഹറിന്റെ സഹോദരനെ അറസ്റ്റ് ചെയ്‌തെന്ന് പാക്കിസ്ഥാന്‍

Posted on: March 5, 2019 7:19 pm | Last updated: March 5, 2019 at 11:38 pm

ഇസ്‌ലാമാബാദ്: ഭീകര സംഘടനയായ ജയ്ഷ്വ മുഹമ്മദിന്റെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ ഇളയ സഹോദരനെ അറസ്റ്റ് ചെയ്തതായി പാക്കിസ്ഥാന്‍. ഗ്രൂപ്പിന്റെ കമാന്‍ഡര്‍ അബ്ദുല്‍ റഊഫ് അസ്ഹറാണ് പിടിയിലായതെന്ന് പാക് ആഭ്യന്തര മന്ത്രി ഷഹരാര്‍ അഫ്രീദി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മസ്ഊദിനെ കൂടാതെ ജയ്ഷ്വയുടെ 43 പ്രവര്‍ത്തകരെയും പിടികൂടിയതായി അദ്ദേഹം പറഞ്ഞു.

പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷ്വ മുഹമ്മദ് ഏറ്റെടുത്തതിനു പിന്നാലെ ഗ്രൂപ്പിനെതിരെ നടപടി സ്വീകരിക്കുന്നതിന് പാക്കിസ്ഥാനു മേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായിരുന്നു. അതേസമയം, അറസ്റ്റ് ഇന്ത്യയുടെ സമ്മര്‍ദം മൂലമല്ലെന്നും പാക് ദേശീയ ആക്ഷന്‍ പ്ലാന്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണെന്നും വ്യക്തമാക്കിയ അറസ്റ്റിലായവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കില്‍ പിടകൂടിയവരെയെല്ലാം വിട്ടയക്കുമെന്നും ഷഹരാര്‍ അഫ്രീദി വ്യക്തമാക്കി.

1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അബ്ദുല്‍ റഊഫ് അസ്ഹറിന് നിര്‍ണായക പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. 2007ല്‍ മസ്ഊദ് അസ്ഹര്‍ ഒളിവില്‍ പോയതോടെയാണ് ജയ്ഷ്വയുടെ കമാന്‍ഡര്‍ സ്ഥാനം മസ്ഊദ്് ഏറ്റെടുത്തത്.