രണ്ടാം സീറ്റ്: കേരള കോണ്‍ഗ്രസ് -കോണ്‍ഗ്രസ് മൂന്നാംവട്ട ചര്‍ച്ച ഇന്ന്

Posted on: March 5, 2019 10:06 am | Last updated: March 5, 2019 at 12:30 pm

കൊച്ചി: സീറ്റ് സംബന്ധിച്ച് ജോസഫ്-മാണി തര്‍ക്കം നിലനില്‍ക്കെ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് മൂന്നാം വട്ട ചര്‍ച്ച ചൊവ്വാഴ്ച
വൈകിട്ട് കൊച്ചിയില്‍ നടക്കും. രണ്ട് സീറ്റെന്ന് ആവശ്യത്തില്‍ കേരള കോണ്‍ഗ്രസും ഒര് സീറ്റ് നല്‍കാനെ കഴിയുവെന്ന നിലപാടില്‍ കോണ്‍ഗ്രസും ഉറച്ചുനിന്നതോടെയാണ് നേരത്തെ നടന്ന ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞത്. രണ്ട് സീറ്റ് ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് വ്യക്തമാക്കിയെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയിരുന്നില്ല.

നിലവിലെ സാഹചര്യത്തില്‍ ഒരു സീറ്റ് മാത്രമെ ലഭിക്കുവെന്ന് കേരള കോണ്‍ഗ്രസിന് ബോധ്യമാണെങ്കിലും ഇടഞ്ഞ് നില്‍ക്കുന്ന പിജെ ജോസഫിനെ എങ്ങിനെ ഒപ്പം നിര്‍ത്താമെന്ന ചിന്തയിലാണ് മാണി വിഭാഗം. ഇതിനായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ടെങ്കിലും കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ രണ്ട് സീറ്റെന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കും. അതേ സമയം ഉറപ്പായ ഒരു സീറ്റില്‍ പിജെ ജോസഫിന് കൂടി സ്വീകാര്യനായ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തി പ്രശ്‌നം പരിഹരിക്കാനുമുള്ള ശ്രമങ്ങളും നടന്നേക്കുമെന്നാണ് അറിയുന്നത്. കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യാത്ത സാഹചര്യത്തില്‍ ജോസഫ് തന്റെ നിലപാടില്‍ അയവുവരുത്തുമെന്നാണ് മാണി വിഭാഗം കരുതുന്നത്.