ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കി അംബാസഡര്‍ സഊദി രാജാവുമായി കൂടിക്കാഴ്ച നടത്തി

Posted on: March 5, 2019 12:06 am | Last updated: March 5, 2019 at 12:06 am

റിയാദ്: സേവനകാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. റിയാദിലെ അല്‍സലാമ കൊട്ടാരത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്നതിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.

സഊദി വിദേശകാര്യ മന്ത്രി ഡോ. ഇബ്‌റാഹിം ബിന്‍ അബ്ദുല്‍ അസീസ് അല്‍അസ്സാഫ്, സഊദി സ്‌റ്റേറ്റ് മന്ത്രിയും ക്യാബിനറ്റ് അംഗവുമായ ഡോ. മുസാഇദ് ബിന്‍ മുഹമ്മദ് അല്‍ ഐബാന്‍ തുടങ്ങിയരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

1980 ബാച്ച് ഐ.പി.എസ് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അഹ്മദ് ജാവേദ് പിന്നീട് മുംബൈ പോലീസ് കമ്മീഷണറായി. വിരമിച്ച ശേഷം 2016 ഫെബ്രുവരിയിലാണ് അംബാസഡറായി സഊദിയിലെത്തിയത്. ഉത്തര്‍പ്രദേശ് ലക്‌നോ സ്വദേശിയും ഐഎഎസ് ഓഫീസറുമായിരുന്ന ഖാസി മുക്താറിന്റെ മകനാണ്.

ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് നിയമ ബിരുദം നേടിയ ശേഷം ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ ചേരുകയായിരുന്നു. ഭാര്യ: ശബ്‌നം, അമീര്‍, സാറ എന്നിവര്‍ മക്കളാണ്.