Connect with us

National

മസ്ഊദ് അസ്ഹര്‍ മരിച്ചിട്ടില്ലെന്ന് പാക് മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ജയ്‌ഷെ മുഹമ്മദ് മേധാവി മസ്ഊദ് അസ്ഹര്‍ മരിച്ചിട്ടില്ലെന്ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ത്രി ഫയാസ് ഉള്‍ ഹസന്‍ ചൗഹാന്‍. മസൂദ് അസര്‍ മരിച്ചതായുള്ള വിവരങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നാണ് വിവരമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മസൂദ് അസര്‍ മരിച്ചതായുള്ള വാര്‍ത്തകള്‍ തള്ളി പാക് മാധ്യമങ്ങളും നേരത്തേ രംഗത്തെത്തിയിരുന്നു.

ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനും ജയ്‌ഷെ മുഹമ്മദ് മേധാവിയുമായ മസ്ഊദ് അസ്ഹര്‍ മരിച്ചതായി ഇന്നലെയാണ് വാര്‍ത്ത പ്രചരിച്ചത്. കരളില്‍ ഉണ്ടായ അര്‍ബുദബാധയെ തുടര്‍ന്നാണ് മരണമെന്നായിരുന്നു റിപ്പോര്‍ട്ട്. അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നും നിയമനടപടികള്‍ക്കായി രാജ്യത്തിന് വിട്ടുകിട്ടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടുവരുന്നതിനിടെയാണ് ഈ വാര്‍ത്ത പുറത്തുവന്നത്.
ഇസ്‌ലാമാബാദിലെ സൈനിക ആശുപത്രിയില്‍ വെച്ച് അമ്പതുകാരനായ മസ്ഊദ് അസ്ഹര്‍ മരിച്ചുവെന്നാണ് പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്ത. മസ്ഊദ് അസ്ഹര്‍ പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്നും ഗുരുതരമായ ആരോഗ്യ കാരണങ്ങളാല്‍ പ്രയാസപ്പെടുകയാണെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്്്മൂദ് ഖുറേഷി ഏതാനും ദിവസം മുമ്പ് സ്ഥിരീകരിച്ചിരുന്നു.

1990 കളുടെ തുടക്കത്തില്‍ ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടനക്ക് രൂപം നല്‍കിയതോടെയാണ് മസ്ഊദ് അസ്ഹര്‍ ശ്രദ്ധിക്കപ്പെടുന്നത്. അല്‍ ഖാഇദയുമായും ബിന്‍ ലാദനുമായും അടുത്ത ബന്ധമായിരുന്നു ഇയാള്‍ക്കുണ്ടായിരുന്നത്. 1994ല്‍ ഇന്ത്യയുടെ പിടിയിലായ അസ്ഹറിനെ, 1999ല്‍ കാണ്ഡഹാറിലേക്ക് റാഞ്ചിയ വിമാനത്തില്‍ നിന്ന് യാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരമായി വിട്ടയക്കുകയായിരുന്നു.
അതിന് ശേഷമാണ് ജയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനക്ക് അസ്ഹര്‍ രൂപം നല്‍കുന്നത്. ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിച്ച് പാക്കിസ്ഥാന്റെ ഭാഗമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നതും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതും. സംഘടന രൂപവത്കരിച്ച് ഇരുപത് വര്‍ഷത്തിനിടെ രാജ്യത്ത് നടന്ന നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ജയ്‌ഷെ മുഹമ്മദാണെന്ന് കണ്ടെത്തിയിട്ടുണ്ട്.