സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനല്ല: ഇംറാന്‍ ഖാന്‍

Posted on: March 4, 2019 9:17 pm | Last updated: March 4, 2019 at 10:32 pm

ലാഹോര്‍: സമാധാനത്തിനുള്ള നൊബേല്‍ പൂരസ്‌കാരത്തിന് താന്‍ അര്‍ഹനല്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. കശ്മീരി ജനതയുടെ ആഗ്രഹപ്രകാരം കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നവര്‍ക്കും അവിടെ സമാധാനത്തിനും ജനവികസനത്തിനും വഴിയൊരുക്കുന്നവര്‍ക്കുമാണ് അതിന് അര്‍ഹതയെന്നും ഇംറാന്‍ ഖാന്‍ ട്വിറ്ററില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ഇംറാന്‍ ഖാനെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി സെക്രട്ടേറിയറ്റില്‍ ഇന്നയിച്ചിരുന്നു. പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയാണ് ഈ ആവശ്യം ഉന്നയിച്ചത്.

ആണവായുധങ്ങള്‍ കൈവശമുള്ള ഇന്ത്യയും പാക്കിസ്ഥാനും യുദ്ധസമാന സാഹചര്യത്തില്‍ നില്‍ക്കുമ്പോള്‍, സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ഇംറാന്റെ ഇടപെടല്‍ ഗുണം ചെയ്തുവെന്നാണ് ചൗധരിയുടെ വിലയിരുത്തല്‍. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് ഭീരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ 40 സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിന് തിരിച്ചടിയായി പാക്കിസ്ഥാനിലെ ഭീകരവാദ ക്യാമ്പ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും യുദ്ധസമാന സാഹചര്യത്തിലേക്ക് നീങ്ങിയത്. അതിനിടെ പാക് പോര്‍വിമാനം തുരത്തുന്നതിനിടെ മിഗ് വിമാനം തകര്‍ന്ന് വീണ് ഇന്ത്യന്‍ വൈമാനികന്‍ പാക്കിസ്ഥാന്റെ പിടിയിലായിരുന്നു. പിടിയിലായ ഇന്ത്യയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയക്കുന്നതിനുള്ള തീരുമാനം പാക് പാര്‍ലിമെന്റില്‍ പ്രഖ്യാപിക്കുകയും യാഥാര്‍ഥ്യമാക്കുകയും ചെയ്തത് പ്രധാനമന്ത്രി ഇംറാന്‍ ഖാനാണ്. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി, അഭിനന്ദന്റെ മോചനം സാധ്യമായതിന് തൊട്ടടുത്ത ദിവസം തന്നെയാണ് ഇംറാന്‍ ഖാന്‍ സമാധാന നൊബേലിന് അര്‍ഹനാണെന്ന് ചൂണ്ടിക്കാട്ടി പാക് ദേശീയ അസംബ്ലി സെക്രട്ടേറിയറ്റില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടത്.

ഇന്ത്യന്‍ പൈലറ്റിനെ കൈമാറിയ ശേഷം ഇംറാന്‍ ഖാനെ പുകഴ്ത്തുന്ന കുറിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. പിന്നീട് നൊബേല്‍ സമ്മാനം ഖാന് നല്‍കണമെന്ന് ആവശ്യവുമായി ക്യാമ്പയിനുകളും തുടങ്ങി. ഇത് കൂടാതെ ഈ ആവശ്യമുയര്‍ത്തി 2,00,000 പേര്‍ ഒപ്പിട്ട കത്തും തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തില്‍ സമാധാനം സ്ഥാപിക്കാനുള്ള നടപടികളാണ് ഇംറാന്‍ ഖാന്‍ സ്വീകരിച്ചതെന്നാണ് പാക് പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവരുടെ വാദം.