Connect with us

Gulf

പുസ്തക വില്‍പനയോടൊപ്പം വഴികാട്ടലും; ബാലന്‍ നാട്ടിലേക്ക് മടങ്ങി

Published

|

Last Updated

ഷാര്‍ജ: യുഎഇയിലെ തന്നെ ആദ്യ പുസ്തകവില്‍പന ശാലകളിലൊന്നായ റോളയിലെ കല്‍പക സ്റ്റോര്‍ നടത്തിയ കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശി ബാലന്‍ (67) പ്രവാസം മതിയാക്കി മടങ്ങി. 38 വര്‍ഷമായി അദ്ദേഹം യു എ ഇ യില്‍ എത്തിയിട്ട്. സഹോദരീ ഭര്‍ത്താവ് അശോകനോടൊപ്പമാണ് ബാലന്‍ ഇത്രയും കാലം ജോലി ചെയ്തത്.
റോളയുടെ ചരിത്രത്തിനൊപ്പം അതിന്റെ ഓരോ നാഡിമിടിപ്പും തൊട്ടറിഞ്ഞ ആളാണ് ബാലന്‍. മാത്രമല്ല, റോളയില്‍ എത്തുന്ന അപരിചിതര്‍ വഴി ചോദിച്ചിരുന്നത് ബാലനോടാണ്.

കല്‍പക സ്റ്റോറില്‍ ജോലിക്കായുള്ള വിസയില്‍ 1981 ജനുവരിയിലായിരുന്നു ബാലന്‍ ആദ്യമായി യു എ ഇയിലെത്തുന്നത്. പുലര്‍ച്ചെ എത്തി കട തുറക്കും. ഉച്ച ഭക്ഷണത്തിനും വിശ്രത്തിനുമായി കുറച്ച് സമയം. തുടര്‍ന്ന് രാത്രി അടയ്ക്കും വരെ കടയില്‍. കല്‍പക സ്റ്റോറില്‍ നിന്നുള്ള പത്രങ്ങളും പുസ്തകങ്ങളും കൊണ്ടുപോയി വായിക്കും. ടെലിവിഷനോ ഇന്റര്‍നെറ്റോ ഇല്ലാതിരുന്ന അന്ന് വായനയുടെ വസന്ത കാലമായിരുന്നുവെന്ന് ബാലന്‍ ചൂണ്ടിക്കാട്ടി. മലയാളത്തിലെ പ്രിയപ്പെട്ട നോവലുകളും ചെറുകഥകളുമെല്ലാം വായിക്കാന്‍ സാധിച്ചു.

വിവിധ ഇന്ത്യന്‍ ഭാഷയിലുള്ള പത്രങ്ങളും ആനുകാലികങ്ങളും പിന്നെ സ്റ്റേഷനറി സാധനങ്ങളും വില്‍ക്കുന്ന കടയാണ് റോള സിഗ്‌നലിനടുത്തുള്ള കല്‍പകാ സ്റ്റോര്‍. പണ്ട് മൂന്ന് ദിവസത്തിലൊരിക്കലായിരുന്നു മലയാള പത്രങ്ങള്‍ ഇവിടെ എത്തിയിരുന്നത്. മലയാള സാഹിത്യത്തിന് ആധുനികതയുടെ ഭാവം സമ്മാനിക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്ന അന്തരിച്ച എഴുത്തുകാരന്‍ ടി വി കൊച്ചുബാവ മിക്കപ്പോഴും പുസ്തകങ്ങള്‍ വാങ്ങിക്കാന്‍ കടയിലെത്തും. വാരികകളും മറ്റും എത്തിയാല്‍ ബാലന്‍ അദ്ദേഹത്തെ അറിയിക്കും. അദ്ദേഹത്തിന്റെ മരണം ഏറെ ദുഃഖം പകര്‍ന്നു. അദ്ദേഹത്തിന്റെ ലാന്‍ഡ് ലൈന്‍ നമ്പര്‍ ഇപ്പോഴും കടയിലെ പഴയ ഫോണ്‍ ബുക്കിലുണ്ട്. നാട്ടില്‍ ഭാര്യ ബേബിയും രാജേശ്വര, അനശ്വര എന്നീ മക്കളും അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. വിവാഹിതയായ മൂത്ത മകള്‍ അംബിക ഖത്വറില്‍ ജോലിചെയ്യുന്നു.