ലക്ഷ്യ സ്ഥാനങ്ങളില്‍ കൃത്യമായ ആക്രമണം നടത്തി; തീരുമാനിച്ചാല്‍ അതു ചെയ്തിരിക്കും: വ്യോമസേന

Posted on: March 4, 2019 2:00 pm | Last updated: March 4, 2019 at 5:30 pm

കോയമ്പത്തൂര്‍: ആധുനിക സംവിധാനങ്ങള്‍ സജ്ജീകരിച്ച മിഗ് 21 വിമാനം ഉപയോഗിച്ച് ബലാകോട്ടിലെ ലക്ഷ്യ സ്ഥാനങ്ങള്‍ക്കു നേരെ കൃത്യമായ ആക്രമണം നടത്തിയെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ. എന്നാല്‍, ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്നതിന്റെ കണക്കെടുക്കുക സൈന്യമല്ല, സര്‍ക്കാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘നൂതന റഡാര്‍, വായുവില്‍ നിന്ന് വായുവിലേക്ക് തൊടുക്കാനാകുന്ന മിസൈലുകള്‍, മികവുറ്റ ആയുധ സംവിധാനം തുടങ്ങിയ സജ്ജീകരിച്ചിട്ടുള്ള വിമാനമാണ് മിഗ് 21 ബൈസണ്‍. തീരുമാനമെടുത്താല്‍ സേനയതു ചെയ്തിരിക്കും. അങ്ങനെ ഉണ്ടായിട്ടില്ലെങ്കില്‍ പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ എന്തിനാണ് പ്രതികരിച്ചത്. വനത്തിലാണ് നമ്മള്‍ ബോംബിട്ടതെങ്കില്‍ അദ്ദേഹം പ്രതികരിക്കേണ്ട കാര്യമില്ലല്ലോ.’

കൊല്ലപ്പെട്ടവരുടെ കണക്കെടുക്കല്ല, മറിച്ച് ആക്രമണം ലക്ഷ്യം കണ്ടോയെന്ന് വിലയിരുത്തലാണ് വ്യോമസേനയുടെ ജോലിയെന്നും വ്യോമസേനാ മേധാവി പറഞ്ഞു.
പാക് കസ്റ്റഡിയില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ വിമാനം പറത്താന്‍ യോഗ്യനാണോ എന്നത് അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് തീരുമാനിക്കുക. ആരോഗ്യ പ്രശ്‌നങ്ങളില്ലെങ്കില്‍ അദ്ദേഹം വീണ്ടും ആ പദവിയില്‍ തിരിച്ചെത്തും- ധനോവ വ്യക്തമാക്കി.

റഫാല്‍ വിമാനങ്ങള്‍ സെപ്തംബറോടെ ഇന്ത്യയുടെ പട്ടികയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.