സ്‌കൂള്‍ ഹോസ്റ്റലിലെ പെണ്‍കുട്ടികളെ വാര്‍ഡന്റെ ഒത്താശയോടെ ഭര്‍ത്താവും സുഹൃത്തും പീഡിപ്പിച്ചു

Posted on: March 3, 2019 4:49 pm | Last updated: March 3, 2019 at 9:14 pm

ജയ്പൂര്‍: രാജസ്ഥാനില്‍ ആള്‍വാറിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളിന്റെ ഹോസ്റ്റലില്‍ നിന്ന് ഞെട്ടിക്കുന്ന പീഡന വാര്‍ത്ത. വനിതാ വാര്‍ഡന്‍ തങ്ങളെ പതിവായി അവരുടെ ഭര്‍ത്താവിനടുത്തേക്ക് പറഞ്ഞയക്കുന്നതായും അയാളും മറ്റൊരാളും ചേര്‍ന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതായും ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടു.

വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ രാജ്യത്ത് തിരിച്ചെത്തിയതിന്റെ ആഘോഷ ഭാഗമായി മധുരം വിതരണം ചെയ്യുന്നതിനായി പ്രിന്‍സിപ്പല്‍ എത്തിയപ്പോഴാണ് ഹോസ്റ്റലില്‍ കഴിയുന്നവര്‍ നടുക്കമുണര്‍ത്തുന്ന സംഭവം വെളിപ്പെടുത്തിയത്. തങ്ങള്‍ പീഡിപ്പിക്കപ്പെട്ടതായി വ്യക്തമാക്കുന്ന കത്ത് ഇവര്‍ പ്രിന്‍സിപ്പലിനു നല്‍കുകയായിരുന്നു. പരാതി പ്രിന്‍സിപ്പല്‍ പോലീസിനു കൈമാറി.

വാര്‍ഡനും ഭര്‍ത്താവിനും സുഹൃത്തിനുമെതിരെ പോലീസ് പോക്‌സോ നിയമപ്രകാരവും ദളിത് പീഡന നിരോധന നിയമ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാര്‍ഡനെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് സൂപ്രണ്ട് നേഹ അഗര്‍വാള്‍ വ്യക്തമാക്കി.