റഫാല്‍ ജറ്റുകള്‍ ലഭിക്കാന്‍ വൈകിയതിന് കാരണക്കാരന്‍ പ്രധാന മന്ത്രി തന്നെയെന്ന് രാഹുല്‍

Posted on: March 3, 2019 4:13 pm | Last updated: March 3, 2019 at 7:12 pm

ന്യൂഡല്‍ഹി: റഫാല്‍ ജറ്റുകള്‍ ഇന്ത്യക്കു ലഭിക്കാന്‍ വൈകിയതിന്റെ കാരണക്കാരന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ കരാറിനെ രാഷ്ട്രീയവത്കരിക്കുന്ന പ്രതിപക്ഷം രാഷ്ട്രത്തിന്റെ സുരക്ഷ കൊണ്ടാണ് കളിക്കുന്നതെന്ന മോദിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.

30,000 കോടി രൂപ അപഹരിച്ച് തന്റെ സുഹൃത്ത് അനില്‍ അംബാനിക്കു നല്‍കിയ മോദി തന്നെയാണ് റഫാല്‍ വിമാനങ്ങളുടെ വരവ് വൈകിയതിന് കാരണക്കാരനെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. വീരേതിഹാസം രചിച്ച വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദിനെ പോലുള്ളവര്‍ സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കിയാണ് പഴകി കാലഹരണപ്പെട്ട വിമാനങ്ങള്‍ പറപ്പിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.

റഫാല്‍ ജറ്റുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ പാക്കിസ്ഥാനെതിരായ സൈനിക നീക്കങ്ങളുടെ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് മോദി ശനിയാഴ്ച അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തെ വര്‍ഷങ്ങളോളം ഭരിച്ചവര്‍ക്ക് കരാറുകള്‍ രൂപവത്കരിച്ച് പണമുണ്ടാക്കാനായിരുന്നു താത്പര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.