National
പ്രതിപക്ഷത്തിന്റെത് സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുന്ന പ്രസ്താവനകള്‍- മോദി

പാട്‌ന: പ്രതിപക്ഷം കാവല്‍ക്കാരനെ അധിക്ഷേപിക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ കാവല്‍ക്കാരന്‍ എന്നത്തെക്കാളും ജാഗ്രതയോടെയാണ് നിലകൊള്ളുന്നതെന്ന് മനസ്സിലാക്കണമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ബിഹാറിലെ പാട്‌നയില്‍ നടന്ന സങ്കല്‍പ് റാലിയില്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് തെളിവു ചോദിച്ചും മറ്റും എതിരാളിക്ക് പ്രയോജനകരമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയാണ് കോണ്‍ഗ്രസും സഖ്യ കക്ഷികളും. സൈന്യത്തിന്റെ ആത്മവീര്യം കെടുത്താന്‍ മാത്രമെ ഇതുപകരിക്കൂ. ബലാക്കോട്ടിലെ ഭീകര ക്യാമ്പുകള്‍ തകര്‍ത്ത് വ്യോമസേനയുടെ മിന്നലാക്രമണത്തെ രാജ്യം മുഴുവന്‍ അഭിനന്ദിക്കുമ്പോള്‍ ആക്രമണത്തിനു തെളിവു ചോദിക്കുകയാണ് ചിലര്‍ ചെയ്യുന്നത്. ഭീകരര്‍ക്കെതിരെ നിലപാടെടുക്കുന്നതിനു പകരം 21 പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് എന്‍ ഡി എക്കെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ്. ജനങ്ങള്‍ ഇതൊന്നും മറക്കില്ല-മോദി പറഞ്ഞു.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും റാലിയില്‍ പങ്കെടുത്തു.