സ്ഥാനാർഥി നിർണയത്തിന് സർവേയുമായി ജെ ഡി എസ്

Posted on: March 3, 2019 12:36 pm | Last updated: March 3, 2019 at 12:36 pm

ബെംഗളൂരു: കർണാടകയിൽ സീറ്റ് വിഭജനത്തിന് മുമ്പ് സ്ഥാനാർഥികളെ നിർണയിക്കാൻ പാർട്ടിക്കുള്ളിൽ ആഭ്യന്തര സർവേ നടത്താനൊരുങ്ങി ജെ ഡി എസ്. പാർട്ടി സംസ്ഥാന അധ്യക്ഷൻ എം എച്ച് വിശ്വനാഥാണ് ആഭ്യന്തര സർവേ നടത്തുമെന്ന കാര്യം സൂചിപ്പിച്ചത്. അതേസമയം, സീറ്റ് വിഭജന കാര്യത്തിൽ ഇതുവരെയും സമവായത്തിലെത്താൻ കോൺഗ്രസ്- ദൾ സഖ്യത്തിന് സാധിച്ചിട്ടില്ല. ഇരു പാർട്ടികളും കഴിഞ്ഞ 25ന് നടത്തിയ ആദ്യഘട്ട സീറ്റ് വിഭജന ചർച്ചയിൽ തീരുമാനമായിരുന്നില്ല. ചർച്ച നാളെ വീണ്ടും നടക്കും. സിദ്ധരാമയ്യ, കെ പി സി സി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു, ഉപമുഖ്യമന്ത്രി ജി പരമേശ്വര, ദൾ നേതാക്കളായ എച്ച് ഡി രേവണ്ണ, ഡാനിഷ് അലി, എച്ച് വിശ്വനാഥ് എന്നിവർ സംബന്ധിക്കും.

സംസ്ഥാനത്തെ 28 സീറ്റുകളിൽ പന്ത്രണ്ടെണ്ണമാണ് ദൾ ആവശ്യപ്പെട്ടത്. എന്നാൽ, കോൺഗ്രസ് ആറ് സീറ്റ് നൽകാമെന്നാണ് അറിയിച്ചത്. ഇത് അംഗീകരിക്കാൻ ദൾ നേതൃത്വം തയ്യറായിട്ടില്ല. മാണ്ഡ്യ, തുമകുരു, ഹാസൻ, ശിവമോഗ, മൈസൂരു, റായ്ച്ചൂർ, വിജയപുര, ബെംഗളൂരു നോർത്ത് എന്നീ മണ്ഡലങ്ങളാണ് ദൾ ആവശ്യപ്പെടുന്നത്. ഇതെല്ലാം ജെ ഡി എസിന്റെ ശക്തികേന്ദ്രങ്ങളാണ്. സഖ്യസർക്കാർ രൂപവത്കരിച്ചപ്പോൾ മന്ത്രിസ്ഥാനം വീതം വെച്ചതിൽ സ്വീകരിച്ച മാനദണ്ഡം സീറ്റ് വിഭജനത്തിലും സ്വീകരിക്കണമെന്നാണ് ജനതാദളിന്റെ ആവശ്യം. ഇതനുസരിച്ച് 12 സീറ്റ് ദളിന് അർഹതപ്പെട്ടതാണെന്ന് പാർട്ടി നേതൃത്വം പറയുന്നു. സീറ്റ് വിഭജനത്തിൽ ജനതാദൾ വിട്ടുവീഴ്ചക്ക് തയ്യാറാകുമെന്നാണ് കോൺഗ്രസ് കരുതുന്നത്.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നം പരിഹരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കർണാടകയിലെത്തുമെന്നാണ് വിവരം. പ്രധാനമായും സുമലതയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് അദ്ദേഹം തീരുമാനമെടുക്കും. സംസ്ഥാന നേതൃത്വത്തിലെ വിഭാഗീയതയെക്കുറിച്ചും രാഹുൽ ചർച്ച നടത്തും