സൂര്യാഘാത ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ

Posted on: March 3, 2019 10:52 am | Last updated: March 3, 2019 at 10:52 am

കൽപ്പറ്റ: സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ചൂട് ശരാശരിയിലും കൂടുവാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സൂര്യാഘാതം ഒഴിവാക്കുവാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത ലഘൂകരണ അതോറിറ്റി അറിയിച്ചു. പൊതുജനങ്ങൾ രാവിലെ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കണം. പരീക്ഷാക്കാലമായതിനാൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തണം. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴിൽ വകുപ്പും നൽകുന്ന നിർദേശങ്ങൾ പാലിക്കണം. തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി തൊഴിൽ സമയം പുനഃക്രമീകരിച്ച ലേബർ കമ്മീഷണറുടെ ഉത്തരവ് തൊഴിൽദാതാക്കൾ പാലിക്കണമെന്നും അതോറിറ്റി അറിയിച്ചു.

സൂര്യാഘാത ലക്ഷണങ്ങൾ
ശരീരോഷ്മാവ് 104 ഡിഗ്രി ഫാരൻഹീറ്റിൽ കൂടുതൽ ഉയരുക, ചർമം വരണ്ടുപോവുക, ശ്വസനപ്രക്രിയ സാവധാനമാവുക, മാനസിക പിരിമുറുക്കം, തലവേദന, മസിൽപിടിത്തം, കൃഷ്ണമണി വികസിക്കുക, ക്ഷീണം, ചുഴലിരോഗലക്ഷണം, ബോധക്ഷയം, ഓക്കാനം, കുറഞ്ഞ-കൂടിയ നാടീമിടിപ്പ്, അസാധാരണമായ വിയർപ്പ്, മന്ദത, മൂത്രം കടുത്ത മഞ്ഞനിറമാവുക, വയറിളക്കം, ചർമ്മം ചുവന്നുതടിക്കുക, പൊള്ളലേൽക്കുക.

പ്രതിരോധ മാർഗങ്ങൾ
കടുത്ത ചൂടിനോട് ദീർഘനേരം ശാരീരിക സമ്പർക്കം ഒഴിവാക്കുക, കഫീൻ, മദ്യം മുതലാവ ഒഴിവാക്കുക, സൺഗ്ലാസുകൾ, കുട എന്നിവ ഉപയോഗിക്കുക. നിർജലീകരണം തടയാൻ കുടിവെള്ളം കരുതുക. അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക. സൂര്യാഘാതമേറ്റാൽ രോഗിയെ തറയിലോ കട്ടിലിലോ കിടത്തുക. ചൂട് കുറയ്ക്കാൻ ഫാൻ ഉപയോഗിക്കുക, കാലുകൾ ഉയർത്തിവയ്ക്കുക, വെള്ളത്തിൽ നനച്ച തുണി ദേഹത്ത് ഇടുക, വെള്ളം, ദ്രവരൂപത്തിലുള്ള ആഹാരങ്ങൾ നൽകുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം.